ADVERTISEMENT

ലക്‌നൗ∙ പൊലീസ് മെസിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിനു ഗുണനിലവാരമില്ലെന്നു തെരുവിൽ പരാതിപ്പെട്ട് പൊലീസുകാരൻ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് യുപി പൊലീസിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയ സംഭവം. പൊലീസ് ഉദ്യോഗസ്ഥർക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിനു സംസ്ഥാന സർക്കാർ അലവൻസ് നൽകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിനു ശേഷവും തങ്ങൾക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ പരിതാപകരമാണെന്നു  കോൺസ്റ്റബിൾ മനോജ് കുമാർ പരാതിപ്പെടുന്നത് വിഡിയോയിൽ കാണാം. റോഡിൽ ഇറങ്ങി ആളുകളെ വിളിച്ചു കൂട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥൻ പരാതി പറയുന്നത്. 

ഒരു പ്ലേറ്റിൽ റൊട്ടിയും പരിപ്പും ചോറുമായി റോഡിൽ നിന്നു കരയുന്ന മനോജ് കുമാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. മനോജ് കുമാറിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെയും ദൃശ്യങ്ങളിൽ കാണാം. വളരെ പണിപെട്ടാണ് പൊലീസ് ഉദ്യോഗസ്ഥർ മനോജിനെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുന്നത്. 

മറ്റൊരു വൈറൽ വിഡിയോയിൽ പ്ലേറ്റുമായി ഡിവൈഡറിൽ ഇരിക്കുന്ന മനോജ് കുമാർ മൃഗങ്ങൾ പോലും ഈ ഭക്ഷണം കഴിക്കില്ലെന്നു പറയുന്നത് കാണാം. പലതവണ അധികൃതരോട് കെഞ്ചിപറഞ്ഞിട്ടും നടപടിയെടുക്കാത്തിനാലാണു പ്ലേറ്റുമായി റോഡിൽ ഇറങ്ങിയതെന്നു മനോജ് കുമാർ പറയുന്നു. രാവിലെ മുതൽ ഒന്നും കഴിച്ചിരുന്നില്ലെന്നും വളരെ മോശമായ ഭക്ഷണമാണ് ലഭിച്ചതെന്നും മനോജ് കുമാർ പറയുന്നു.  

ഭക്ഷണത്തെ കുറിച്ച് പരാതിപ്പെട്ടതിനു ജോലിയിൽനിന്ന് പിരിച്ചുവിടുമെന്നു തന്നെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും മനോജ് കുമാർ പറയുന്നു. ശരിയായ ഭക്ഷണം ലഭിച്ചില്ലെങ്കിൽ എങ്ങനെയാണ് പൊലീസുകാർക്ക് പ്രവർത്തിക്കാൻ സാധിക്കുകയെന്നും മനോജ് കുമാർ ചോദിക്കുന്നു.

സംഭവം സംസ്ഥാന പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടായതോടെ ആഭ്യന്തര അന്വേഷണത്തി‌ന് അധികൃതർ  ഉത്തരവിട്ടു. എന്നാൽ 15 ഓളം തവണ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് മനോജ് കുമാറെന്നും സംഭവം അന്വേഷിക്കുമെന്നും  ഫിറോസാബാദ് പൊലീസ് ട്വീറ്റ് ചെയ്‌തു. 

English Summary: UP Cop Breaks Down Over Mess Food- Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com