ADVERTISEMENT

തിരുവനന്തപുരം ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്ത്. കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻ മന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനോടു പ്രതികരിക്കുമ്പോഴാണ് സതീശൻ ഇഡിയെ വിമർശിച്ചത്. കിഫ്ബി കേസ് ഇഡിയുടെ പരിധിയിൽ വരില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. മസാല ബോണ്ടില്‍ ഇടപെടാന്‍ ഇഡിക്ക് അധികാരമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

‘‘കിഫ്ബി ബജറ്റിനു പുറത്തുള്ള മെക്കാനിസമാണെന്ന പ്രതിപക്ഷ നിലപാട് ശരിയാണ്. അത് അന്തിമമായി ബജറ്റിനകത്തേക്കു തന്നെ വരും. സർക്കാരിന്റെ ബാധ്യതയായി മാറും. കിഫ്ബി ഭരണഘടനാപരമായി  നിലനിൽക്കുന്നതല്ല. പ്രതിപക്ഷ നിലപാടിനെ ശരിവയ്ക്കുന്നതാണ് രണ്ട് വർഷത്തെ സിഎജി റിപ്പോർട്ടിന്റെ ഉള്ളടക്കം. എന്നാൽ കിഫ്ബി മസാലാ ബോണ്ടിനെ കുറിച്ച് ഇഡി അന്വേഷിക്കുന്നതിൽ വിയോജിപ്പുണ്ട്. അത് ഇഡിയുടെ അന്വേഷണ പരിധിയിൽ വരില്ല. കള്ളപ്പണം വെളുപ്പിക്കലാണ് ഇഡിയുടെ അന്വേഷണ പരിധി. തോമസ് ഐസക്കിന് ഇഡി നൽകിയ നോട്ടിസിന് പ്രസക്തിയില്ല.’ – സതീശൻ പറഞ്ഞഉ.

ബഫർ സോണുമായി ബന്ധപ്പെട്ട പുതിയ സർക്കാർ ഉത്തരവിലും അവ്യക്തതയുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഈ ഉത്തരവുമായി പോയാൽ ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യം നടക്കില്ല. 2019ൽ സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കണം. സർക്കാരിന് പിടിവാശിയും അപകർഷതാബോധവുമാണ്. മന്ത്രിസഭ ഒരു തീരുമാനം എടുത്താൽ ആ തീരുമാനമാണ് നിലനിൽക്കുന്നത്. അല്ലാതെ മന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിലെ തീരുമാനമല്ല. പഴയ ഉത്തരവ് റദ്ദാക്കിയെന്ന് പുതിയ ഉത്തരവിൽ പറയണം. 2019ലെ ഉത്തരവിന്റെ കൂടെയാണ് സർക്കാർ ഇപ്പോഴും നിൽക്കുന്നത്. തെറ്റു സമ്മതിക്കാതെ പഴയ ഉത്തരവിലെ തെറ്റിനെ ന്യായീകരിക്കാനുള്ള ഒരു ഉപന്യാസമാണ് പുതിയ ഉത്തരവ്. ഉത്തരവിൽ കൃത്യത വരുത്തിയില്ലെങ്കിൽ സുപ്രീം കോടതിയിൽനിന്ന് തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകുന്നു.’ – സതീശൻ പറഞ്ഞു.

ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിനെ സ്വാഗതം ചെയ്യുന്നു. ലോകായുക്താ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. ലോകായുക്തയെ പല്ലും നഖവും ഇല്ലാത്ത സംവിധാനം ആക്കാനുള്ള നീക്കത്തെ നിയമസഭയിൽ പ്രതിപക്ഷം എതിർക്കുമെന്നും സതീശൻ വ്യക്തമാക്കി.

റോഡിലെ കുഴിയെക്കുറിച്ച് പ്രതിപക്ഷം മിണ്ടരുതെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ നിലപാട്. കുഴി അടയ്ക്കണമെന്നും അപകടങ്ങൾ ഉണ്ടാകരുതെന്നുമാണ് പ്രതിപക്ഷം പറയുന്നത്. അതിൽ എന്ത് രാഷ്ട്രീയമാണ് ഉള്ളത്? മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും തെളിവ് സഹിതം പറഞ്ഞിട്ടും റോഡിൽ കുഴയുണ്ടെന്ന് മന്ത്രി സമ്മതിക്കുന്നില്ല’ – സതീശൻ പറഞ്ഞു.

English Summary: VD Satheesan Supports Thomas Isaac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com