ADVERTISEMENT

ഒഹായോ ∙ യുഎസിലെ സിൻസിനാറ്റിയിലുള്ള എഫ്ബിഐ കെട്ടിടത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ആയുധധാരി വെടിയേറ്റു മരിച്ചു. രക്ഷാകവചമണിഞ്ഞ് പ്രാദേശിക സമയം രാവിലെ 9.15 ഓടെ കെട്ടിടത്തിൽ കയറാൻ ശ്രമിച്ച ഇയാൾ സുരക്ഷാ സൈനികർ രംഗത്തുവന്നതോടെ ഒഹായോയിലെ ക്ലിന്റൻ കൗണ്ടിയിലേക്ക് കാറിൽ രക്ഷപ്പെടുകയും അവിടെ ഒരു ചോളപ്പാടത്തിൽ ഒളിക്കുകയുമായിരുന്നു. പിന്തുടർന്നെത്തിയ പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു.

അനുനയശ്രമങ്ങൾക്ക് വിധേയനാകാതിരുന്ന ഇയാളെ പൊലീസിനു നേരെ തോക്കുചൂണ്ടിയതിനെത്തുടർന്ന് വൈകിട്ട് 3.42 ന് വെടിവച്ച് വീഴ്ത്തുകയായിരുന്നെന്ന് ഹൈവേ പട്രോൾ ലഫ്റ്റനന്റ് ഡെന്നിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ കൊല്ലപ്പെട്ടയാളുടെ പേരും മറ്റും പൊലീസ് വെളിപ്പെടുത്തിയില്ല. അതേസമയം,  റിക്കി ഷിഫർ എന്ന 42 കാരനാണ് കൊല്ലപ്പെട്ടതെന്ന് ചില പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ന്യൂയോർക്ക് ടൈംസും’ ‘സിഎൻഎന്നും’ റിപ്പോർട്ട് ചെയ്തു. 

എഫ്ബിഐ ഓഫിസിൽ ഇയാൾ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനു പിന്നിലെ സാഹചര്യം പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.  ഇക്കഴിഞ്ഞ തിങ്കളാഴ്ച യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ എഫ്ബിഐ തിരച്ചിൽ നടത്തിയിരുന്നു. ഇതുമായി സംഭവത്തിനു ബന്ധമുണ്ടോ എന്നത് വ്യക്തമല്ല.

2020 ജനുവരി ആറിന് യുഎസ് പാർലമെന്റ് മന്ദിരം ആക്രമിക്കാൻ ശ്രമിച്ച തീവ്രനിലപാടുള്ള സംഘടനകളുമായി ഇയാൾക്കു ബന്ധമുണ്ടോ എന്നതും പൊലീസ് പരിശോധിച്ചുവരുന്നു. കാപ്പിറ്റോൾ ആക്രമണത്തിനു തൊട്ടുമുൻപ് 2021 ജനുവരി 5 ന് വാഷിങ്ടണിലെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്ലാസയിലെ നടത്തിയ ട്രംപ് അനുകൂല പ്രകടനത്തിൽ പങ്കെടുക്കുന്ന വിഡിയോ ഇയാൾ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു.

ട്രംപിന്റെ മീഡിയ കമ്പനി തുടക്കമിട്ട ‘ട്രൂത്ത് സോഷ്യൽ’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഷിഫർ പങ്കുവച്ചതെന്നു കരുതുന്ന പോസ്റ്റ് സംബന്ധിച്ച റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. എഫ്ബിഐ കെട്ടിടത്തിൽ കയറാനുള്ള ശ്രമം പരാജയപ്പെട്ടത് വിവരിക്കുന്ന ഈ പോസ്റ്റ് ഉൾപ്പെടുത്തുന്നതിനിടെ പാതിവഴിയിൽ നിർത്തിയതായാണ് കാണുന്നത്. ഷിഫർ കെട്ടിടത്തിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതിനു പിന്നാലെ പ്രാദേശിക സമയം രാവിലെ 9.29 നാണ് ഈ പോസ്റ്റ് ‘ട്രൂത്ത് സോഷ്യലി’ൽ പ്രത്യക്ഷപ്പെട്ടത്. 

truth-social

‘‘ബുളളറ്റ് പ്രൂഫ് ഗ്ലാസിലൂടെ ഒരു വഴി കണ്ടെത്താമെന്നു കരുതി. പക്ഷെ പറ്റിയില്ല. എഫ്ബിഐയെ ആക്രമിക്കാൻ ഞാൻ ശ്രമിച്ചെന്നത് നിങ്ങൾ വിശ്വസിക്കണം’’ @RickyWShifferJr എന്ന അക്കൗണ്ടിൽ നിന്ന് പങ്കിട്ട ഈ പോസ്റ്റിൽ സൂചിപ്പിക്കുന്നു. ട്രംപിന്റെ വസതിയിൽ നടത്തിയ തിരച്ചിലിനു പിന്നാലെ ‘സായുധരാകണം’ എന്നു സൂചിപ്പിക്കുന്ന നിരവധി പോസ്റ്റുകളും ‘ട്രൂത്ത് സോഷ്യലി’ൽ ഇയാളുടേതായുണ്ട്.

എഫ്ബിഐ ഉൾപ്പെടെയുള്ള നിയമസംവിധാനങ്ങൾക്കു നേരെയുണ്ടാകുന്ന അതിക്രമവും ഭീഷണികളും അപകടകരമാണെന്നും അതിൽ എല്ലാ അമേരിക്കക്കാരും ഉത്കണ്ഠാകുലരാകേണ്ടതുണ്ടെന്നും എഫ്ബിഐ കെട്ടിടത്തിനു നേരെയുണ്ടായ കടന്നുകയറ്റശ്രമത്തിനു പിന്നാലെ എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ പ്രതികരിച്ചു.

വൈറ്റ്ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ കടത്തിയെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ട്രംപിന്റെ പാം ബീച്ചിലെ മാർ അലാഗോയിൽ പ്രവേശിച്ച എഫ്ബിഐ സംഘം ഇക്കഴിഞ്ഞ തിങ്കളാഴ്ച സേഫ് കുത്തിത്തുറന്നു പരിശോധിച്ചത്. റെയ്ഡിൽ ശക്തമായി പ്രതിഷേധിച്ച ട്രംപ്, 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതു തടയാനുള്ള ശ്രമമാണിതെന്ന് ആരോപിച്ചിരുന്നു.

2021 ജനുവരിയിൽ വൈറ്റ് ഹൗസ് വിട്ടപ്പോൾ 15 പെട്ടി ഔദ്യോഗിക രേഖകൾ ട്രംപ് മാർ അലാഗോയിലേക്കു കൊണ്ടുപോയെന്നാണ് ആരോപണം. ഇതിനിടെ, ആണവായുധങ്ങൾ സംബന്ധിച്ച രേഖകളാണ് ഫ്ലോറിഡയിലെ ട്രംപിന്റെ വസതിയിൽ ഈയാഴ്ച നടത്തിയ തിരച്ചിൽ എഫ്ബിഐ ഉദ്യോഗസ്ഥർ കണ്ടെത്താൻ ശ്രമിച്ചതെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ഇവ കണ്ടെത്തിയോ എന്നതു വ്യക്തമല്ലെന്നും ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2020 ജനുവരി ആറിന് യുഎസ് പാർലമെന്റ് മന്ദിരം ആക്രമിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്ന കേസിലും ട്രംപിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

trump-florida-home-2
ട്രംപിന്റെ പാം ബീച്ചിലെ വസതി.

 

English Summary: Armed man in U.S. killed in standoff after trying to breach FBI office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com