വീടുകളിൽ ഉയർന്ന് ത്രിവർണപതാക; സ്വാതന്ത്ര്യ ദിനാഘോഷം തുടങ്ങി രാജ്യം

Mail This Article
ന്യൂഡൽഹി∙ സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് കടന്ന് രാജ്യം. ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായി ഒരു കോടിയിലധികം വീടുകളിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന ചടങ്ങുകളുടെ പരിശീലനം ചെങ്കോട്ടയിൽ തുടരുകയാണ്. ആഘോഷങ്ങളുടെ പശ്ചാതലത്തിൽ അതീവ സുരക്ഷവലയത്തിലാണ് രാജ്യ തലസ്ഥാനം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാവിലെ 8ന് വസതിയിൽ ദേശീയ പതാക ഉയർത്തി. പിന്നാലെ മറ്റ് കേന്ദ്ര മന്ത്രിമാരും ഗവർണർമാരും. രാജ്യത്തെ 20 കോടി വീടുകളിലും വജ്ര ജൂബിലി ആഘോഷത്തിന്റെ അന്തരീക്ഷമൊരുക്കുകയാണ് ലക്ഷ്യം.
ഇന്നലെ രാത്രി മുതൽ ത്രിവർണ ശോഭയിലാണ് രാഷ്ട്രപതി ഭവൻ. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ബിഎംസി ആസ്ഥാനം എന്നിവിടങ്ങളിലുൾപ്പെടെ ലൈറ്റുകൾ പ്രകാശിപ്പിച്ച് ദേശീയ പതാകയുടെ നിറം നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ ജോദ്പുരിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെയും അസം ഗുവാഹത്തിയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും ഗുജറാത്ത് സുരേന്ദ്രനഗറിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും നേതൃത്വത്തിൽ തിരംഗ റാലികൾ നടന്നു.
ശ്രീനഗറിലെ ദാൽ തടാകത്തിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ശിക്കാരകളിലായിരുന്നു റാലി. ഉത്തരാഖണ്ഡിൽ 14,000 അടി ഉയരത്തിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് പതാക ഉയർത്തി. ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തി മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്

കേരളത്തിലും സ്ഥാപനങ്ങളുടെയും വീടുകളുടെയും മുറ്റത്ത് ദേശീയ പതാക ഉയർത്തി. നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർ ശനിയാഴ്ച രാവിലെ തന്നെ വീട്ടിൽ പതാക ഉയർത്തി.
English Summary: 75th Independence day celebrations