ADVERTISEMENT

തിരുവനന്തപുരം ∙ പാക്കിസ്ഥാനോടു കൂറുപുലർത്തുന്ന രാജ്യദ്രോഹിയായ കെ.ടി.ജലീലിനെ മഹാനാക്കി ഉയർത്തിയത് പിണറായി വിജയൻ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ പാപമാണെന്ന് പഴയ ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. പിണറായി ചെയ്ത ഈ അധർമ്മത്തിന് ചരിത്രം ഒരിക്കലും മാപ്പു നൽകില്ലെന്ന് ചെറിയാൻ ഫിലിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു. മത തീവ്രവാദികളുടെ വോട്ടു നേടാനുള്ള വർഗീയപ്രീണനത്തിന് കെ.ടി.ജലീലിനെ ആയുധമാക്കിയതു കൊണ്ടാണ് പിണറായി ഇപ്പോഴും ജലീലിനെ സംരക്ഷിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.

ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ്‌

‘‘പാക്കിസ്ഥാനോട് കൂറുപുലർത്തുന്ന രാജ്യദ്രോഹിയായ കെ.ടി ജലീലിനെ മഹാനാക്കി ഉയർത്തിയത് പിണറായി വിജയൻ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ പാപമാണ്. ഈ അധർമ്മത്തിന് ചരിത്രം ഒരിക്കലും മാപ്പു നൽകില്ല. മതതീവ്രവാദികളുടെ വോട്ടു നേടാനുള്ള വർഗ്ഗീയപ്രീണനത്തിന് കെ.ടി.ജലീലിനെ ആയുധമാക്കിയതു കൊണ്ടാണ് പിണറായി ഇപ്പോഴും ജലീലിനെ സംരക്ഷിക്കുന്നത്.’’

‘‘കശ്മീർ സംബന്ധിച്ച ജലീലിന്റെ അഭിപ്രായത്തോടുള്ള നിലപാട് മുഖ്യമന്ത്രിയും എൽഡിഎഫും വ്യക്തമാക്കണം. രാജ്യദ്രോഹ കുറ്റത്തിന് ജലീലിനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാവണം. ഭരണഘടനാ ലംഘനം നടത്തിയ എംഎൽഎയോട് സ്പീക്കർ വിശദീകരണം തേടണം. പൊതു സമൂഹം ജലീലിനെ സാമൂഹ്യമായി ബഹിഷ്ക്കരിക്കണം.’’

‘‘പാക്കിസ്ഥാൻ കൈവശപ്പെടുത്തിയ കശ്മീരിനെ ആസാദ് കശ്മീർ എന്നും, ഇന്ത്യയുടെ ഭാഗമായ കശ്മീരിനെ ഇന്ത്യൻ അധീന കാശ്മീർ എന്നു വിളിക്കുന്ന കെ.ടി.ജലീലിനോട് രാജ്യസ്നേഹികളായ ഒരു ഭാരതീയനും പൊറുക്കില്ല. മുഹമ്മദലി ജിന്നയുടെ പാക്കിസ്ഥാൻ വാദത്തിന് സമാന്തരമായി മലബാറിൽ മാപ്പിളസ്ഥാൻ വാദമുയർത്തിയവരുടെ ആത്മീയ പിൻഗാമിയാണ് ഇദ്ദേഹം. ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന മുദ്രാവാക്യം മുഴക്കിയിരുന്ന നിരോധിക്കപ്പെട്ട സിമിയുടെ നേതാവായിരുന്നു ജലീൽ. ആദ്യം മുസ്‌ലിം ലീഗിലും പിന്നീട് സിപിഎമ്മിലും നുഴഞ്ഞുകയറിയ രാജ്യദ്രോഹിയാണ് ജലീൽ’ – ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടി. .

‘‘മുഗൾ രാജാക്കളിൽ ഏറ്റവും അധമനായിരുന്ന ഔറംഗസീബിനെ വാനോളം പുകഴ്ത്താനും ജലീൽ മടിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചരിത്ര വിശകലനങ്ങളിൽ പലതും വർഗീയ വിഷം പുരണ്ടതാണ്. പിണറായി വിജയൻ നയിച്ച രണ്ടു കേരള യാത്രകളിൽ പാർട്ടി അംഗമല്ലാത്ത ജലീലിനെ ഏഴംഗ ജാഥാ സംഘത്തിൽ ഉൾപ്പെടുത്തിയത് സിപിഎം പോഷക സംഘടനയായ കേരള പ്രവാസിസംഘത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും എംഎൽഎയുമായിരുന്ന മഞ്ഞളാംകുഴി അലിയെ മറികടന്നുകൊണ്ടായിരുന്നു. അദ്ദേഹത്തിന് മന്ത്രിസ്ഥാനവും നൽകിയില്ല.’’

‘‘2016ൽ എളമരം കരീമിന് ബേപ്പൂർ സീറ്റ് നിഷേധിച്ചത് കെ.ടി.ജലീലിന് മന്ത്രിസ്ഥാനം നൽകുന്നതിനാണ്. തദ്ദേശ സ്വയംഭരണം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ പ്രമുഖ വകുപ്പുകളാണ് ജലീലിന് നൽകിയത്. മന്ത്രിയെന്ന നിലയിൽ പ്രോട്ടോക്കേൾ ലംഘിച്ച് വിദേശ രാജ്യങ്ങളുമായി മമതാബന്ധം സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ്. ഷാർജ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചകളിൽ പങ്കെടുത്ത ഏക മന്ത്രിസഭാംഗമാണ് ജലീൽ. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോഴും ജലീലിനെ തള്ളിപ്പറയാതെ തോളിലേറ്റിക്കൊണ്ടു നടക്കുന്നത്.’ – ചെറിയാൻ ഫിലിപ്പ് കുറിച്ചു.

English Summary: Cherian Philip criticises Pinarayi Vijayan for supporting KT Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com