‘ജോലിക്കായി യുവതികൾ വഴങ്ങേണ്ട ഗതികേട്’: ബിജെപിക്കെതിരെ കോൺ. എംഎൽഎ, വിവാദം

1248-priyank-kharge
കോൺഗ്രസ് എംഎൽഎ പ്രിയങ്ക് ഖർഗെ: ചിത്രം: facebook.com/PriyankMKharge
SHARE

ബെംഗളൂരു ∙ ബിജെപി ഭരിക്കുന്ന കർണാടകയിൽ അടിമുടി അഴിമതിയെന്നു കോൺഗ്രസ് എംഎൽഎയും മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെ എംപിയുടെ മകനുമായ പ്രിയങ്ക് ഖർഗെ. ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിയമന ക്രമക്കേടുകൾക്ക് ചുക്കാൻ പിടിക്കുകയാണെന്നും കൈക്കൂലി നൽകാതെ സർക്കാർ സർവീസുകളിൽ ജോലി ലഭിക്കില്ലെന്നും കോൺഗ്രസ് വക്‌താവ് കൂടിയായ പ്രിയങ്ക് ഖർഗെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യുവാക്കൾക്കു ജോലി ലഭിക്കണമെങ്കിൽ കൈക്കൂലി നൽകണം. യുവതികൾ ഉദ്യോഗസ്ഥർക്കു വഴങ്ങികൊടുക്കേണ്ട ഗതികേടുണ്ട്. ജോലി ലഭിക്കണമെങ്കിൽ തനിക്കൊപ്പം ഒരു രാത്രി കഴിയണമെന്നു ഒരു മന്ത്രിതന്നെ ഉദ്യോഗാർഥിയോട് ആവശ്യപ്പെട്ടിരുന്നു. വിവാദമായപ്പോൾ ആ മന്ത്രി രാജിവച്ചു. ഇതു തന്നെയാണ് തന്റെ വാദങ്ങൾക്കുള്ള തെളിവെന്നും ഖർഗെ പറഞ്ഞു. എന്നാൽ വാർത്തസമ്മേളനത്തിടെ ‘അടുത്തിടെ രാജിവച്ച’ മന്ത്രിയെന്ന പരാമർശം ആരെ കുറിച്ചാണെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും ഖർഗെ വ്യ‌ക്തമാക്കിയില്ല. 

കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ (കെപിടിസിഎൽ) അടുത്തിടെ അസിസ്റ്റന്റ് എൻജിനീയർ, ജൂനിയർ എൻജിനീയർ, സിവിൽ എൻജിനീയർ എന്നീ തസ്തികകളിലായി 1,492 പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഗോകാക്കിൽ ബ്ലുടൂത്ത് ഉപയോഗിച്ച് പരീക്ഷ എഴുതിയ ഉദ്യോഗാർഥിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ലഭിച്ച വിവരം അനുസരിച്ച് 600 പോസ്റ്റുകളിലെങ്കിലും വ്യക്തമായ അഴിമതി നടന്നിട്ടുണ്ട്. കോഴ വാങ്ങി നിയമനം നടത്തുകയാണ് സർക്കാർ. അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് 50 ലക്ഷം രൂപയും ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് 30 ലക്ഷവുമാണു ചോദിച്ചത്. 

300 കോടിയുടെ അഴിമതി ഈ നിയമനവുമായി ബന്ധപ്പെട്ട് മാത്രം നടന്നിട്ടുണ്ടാകും. കെപിടിസിഎൽ നിയമനത്തിനായി അപേക്ഷിച്ച മൂന്നു ലക്ഷം പേരുടെ ജീവിതം വച്ചാണ് സർക്കാർ പന്താടുന്നതെന്നും പ്രിയങ്ക് ഖർഗെ ആരോപിച്ചു. റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ സ്ഥിരമായി ക്രമക്കേടുകൾ നടന്നാൽ പാവപ്പെട്ടവരും കഴിവുള്ളവരുമായ വിദ്യാർഥികൾ എങ്ങോട്ട് പോകണം? ഏത് തട്ടിപ്പ് പുറത്തുവന്നാലും ബിജെപി സർക്കാരിന്റെ കീഴിൽ തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നു കുറ്റക്കാർക്കും ഇടനിലക്കാർക്കും നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. 

കർണാടകയെ പിടിച്ചുകുലുക്കിയ എസ്ഐ പരീക്ഷാ നിയമന ക്രമക്കേട് കേസിൽ പൊലീസ് റിക്രൂട്മെന്റ് വിഭാഗം മുൻ എഡിജിപി അമൃത് പോൾ ഉൾപ്പെടെ, പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇൻവിജിലേറ്റർമാരും അടക്കം അറുപതിലധികം പേരാണ് അറസ്റ്റിലായത്. എസ്ഐ നിയമന പരീക്ഷയിൽ വനിതാ വിഭാഗത്തിൽ ഒന്നാമതെത്തിയ രചന ഹനുമന്ത്, ഉത്തരക്കടലാസിൽ ക്രമക്കേടു നടത്താൻ പൊലീസ് റിക്രൂട്മെന്റ് വിഭാഗം ഉദ്യോഗസ്ഥയ്ക്ക് 30 ലക്ഷം കൈക്കൂലി നൽകിയെന്നു സിഐഡി കുറ്റപത്രത്തിൽ പറയുന്നു. 

ബില്ലുകൾ മാറാൻ മന്ത്രി കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, ആരോപണ വിധേയനായ കര്‍ണാടക ഗ്രാമ വികസനമന്ത്രി കെ.എസ്.ഈശ്വരപ്പ അടുത്തിടെയാണ് രാജിവച്ചത്. കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് മന്ത്രിയെ ഒന്നാം പ്രതിയാക്കി കേസടുത്തതിനു പിന്നാലെയായിരുന്നു രാജി. കരാര്‍ തുകയുടെ 40 ശതമാനം കമ്മിഷനായി വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടെന്നും സമ്മര്‍ദം ചെലുത്തിയെന്നുമായിരുന്നു പമാർശം. 

ഖർഗെയുടെ ആരോപണത്തോട് രൂക്ഷഭാഷയിലാണ് കർണാടക ബിജെപി പ്രതികരിച്ചത്. ഖർഗെ നടത്തിയ പരാമർശം രാജ്യത്തെ സ്ത്രീകളെ അങ്ങേയറ്റം അപഹസിക്കുന്നതാണ്. പ്രിയപ്പെട്ട ഖർഗെ, ലൈംഗികാതിക്രമത്തിനിരയായ സ്ത്രീകൾ നിസ്സഹായരായി നിലവിളിച്ചത് നിങ്ങളുടെ കാലത്തല്ലേ? സ്ത്രീകൾ കഠിനാധ്വാനം ചെയ്യുകയും ഉയർന്ന സ്ഥാനങ്ങളിൽ എത്തുകയും ചെയ്യുന്നതിനെ ഇത്തരം പരാമർശം കൊണ്ട് റദ്ദ് ചെയ്യുന്നത് തരംതാഴ്‍ന്ന നടപടിയാണ്. 

ഇത്തരം പ്രസ്താവനകൾ തട്ടി വിടുന്നതിനു മുൻപ് ഏത് പാർട്ടിയിൽ നിന്നാണ് താൻ വരുന്നതെന്നു ഖർഗെ ഓർക്കണമായിരുന്നു. ചുരുങ്ങിയപക്ഷം സ്വന്തം കുടുംബത്തിലേക്ക് എങ്കിലും നോക്കണമായിരുന്നു– സംസ്ഥാന ബിജെപി നേതൃത്വം പ്രതികരിച്ചു. നാഷനൽ ഹെറൾഡ് കേസിൽ മല്ലികാർജുൻ ഖർഗെയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിച്ചു വരുത്തിയിരുന്നു. കോൺഗ്രസ് ഭരണകാലത്ത് പുറത്തുവന്ന നിയമന ക്രമക്കേടുകൾ ലിസ്റ്റ് വളരെ വലുതാണെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു. ഖർഗെ എത്രയും വേഗം രാജ്യത്തെ സ്ത്രീകളോട് മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. 

English Summary: Congress leader attacks Karnataka govt; BJP hits back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}