ADVERTISEMENT

ന്യൂഡൽഹി ∙ സ്വാതന്ത്ര്യ ദിനാഘോഷത്തിന് രാജ്യം ഒരുങ്ങവേ, രാജ്യവിഭജനത്തിൽ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന വിഡിയോയുമായി ബിജെപി. 1947-ലെ ഇന്ത്യാ വിഭജനത്തെ കുറിച്ചുള്ള കാഴ്‌ചപ്പാട് വ്യക്തമാക്കുന്ന വിഡിയോ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ആണ് പോസ്റ്റ് ‌ചെയ്‌തത്.

ചരിത്ര മുഹൂർത്തങ്ങളുടെ പഴയ ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ചു തയാറാക്കിയ വിഡിയോയ്ക്ക് ഏഴ് മിനിറ്റാണു ദൈർഘ്യം. പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മു‌സ്‌ലിം ലീഗിന്റെ ആവശ്യത്തിനു മുന്നിൽ നെഹ്റു വഴങ്ങിക്കൊടുക്കുകയായിരുന്നു എന്നാണു പ്രധാന ആരോപണം. പാക്കിസ്ഥാൻ രൂപീകരിക്കണമെന്നതു ജിന്നയുടെയും അനുയായികളുടെയും മാത്രം ആവശ്യമായിരുന്നുവെന്നും വിഡിയോയിൽ പറയുന്നു. 

ജിന്നയുടെയും നെ‌ഹ്‌റുവിന്റെയും നിർദേശപ്രകാരം ബംഗാളിനെയും പഞ്ചാബിനെയും നിർദാക്ഷിണ്യം വെട്ടിമുറിക്കാൻ നിയോഗിച്ചത് ഇന്ത്യയെ കുറിച്ച് പ്രായോഗിക ജ്ഞാനം ഇല്ലാത്ത സിറിൽ റാഡ്ക്ലിഫിനെയായിരുന്നു. ഇന്ത്യയെ കുറിച്ച് പരിമിതമായ അറിവ് പോലും ഇല്ലാത്ത ഒരാൾക്ക് ഇത്തമൊരു തീരുമാനം എങ്ങനെയാണ് കൈക്കൊള്ളാൻ കഴിയുകയെന്നും ബിജെപി ചോദിക്കുന്നു.

ഇന്ത്യയുടെ സാംസ്കാരിക പൈതൃകം, നാഗരികത, മൂല്യങ്ങൾ എന്നിവയെക്കുറിച്ച് ഒരു അറിവും ഇല്ലാത്തവർ, വെറും മൂന്നാഴ്‌ച കൊണ്ട്, നൂറ്റാണ്ടുകളായി ഒരുമിച്ചു ജീവിക്കുന്ന ജനതയെ വെട്ടിമുറിച്ചെന്നും ബിജെപി ആരോപിച്ചു. ഛിദ്രശക്തികൾക്കെതിരെ പോരാടാൻ ഉത്തരവാദിത്തമുള്ളവർ അന്ന് എവിടെയായിരുന്നുവെന്നു ബിജെപി ചോദിക്കുന്നു. ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ സ്മൃതിദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണു കോൺഗ്രസിനെ ലക്ഷ്യമിട്ട് വിഡിയോ പുറത്തിറക്കിയത്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ സ്മൃതിദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്.

വിഡിയോയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ സംഭവത്തെ വിഭജന ഭീതിയുടെ സ്മൃതിദിനമായി കൊണ്ടാടുന്നതിലൂടെ രാഷ്ട്രീയ നേട്ടമാണ് പ്രധാനമന്ത്രിയും ബിജെപിയും ലക്ഷ്യമിടുന്നതെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ആധുനിക സവർക്കർമാരും ജിന്നമാരും ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

English Summary: BJP targets Nehru on Partition Horrors Remembrance Day, Congress hits back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com