ADVERTISEMENT

കോഴിക്കോട്∙ ഫെയ്സ്ബുക് പേജിലെ കശ്മീർ പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ കെ.ടി.ജലീൽ എംഎൽഎ ഡൽഹിയിലെ ഇന്നത്തെ പരിപാടികൾ റദ്ദാക്കി നാട്ടിലേക്കു മടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനുള്ള വിമാനത്തിലായിരുന്നു ഡല്‍ഹിയില്‍നിന്നുള്ള മടക്കം. കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചില്ല. നോര്‍ക്കയുടെ പരിപാടിയില്‍ ഇന്നു പങ്കെടുക്കേണ്ടതായിരുന്നു. 

വീട്ടില്‍നിന്നു സന്ദേശം ലഭിച്ചതിനാലാണു മടങ്ങിയതെന്നും മുൻമന്ത്രി എ.സി.മൊയ്തീൻ അറിയിച്ചു. എ.സി.മൊയ്തീൻ അധ്യക്ഷനായ നിയമസഭാ പ്രവാസി ക്ഷേമകാര്യ സമിതിയിൽ അംഗമായ ജലീൽ, സമിതിയുടെ സിറ്റിങ്ങിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിവാദമുണ്ടായത്. വ്യാഴാഴ്ചയാണ് ജലീലും നിയമസഭാ പ്രവാസി ക്ഷേമകാര്യ സമിതിയിലെ മറ്റ് അംഗങ്ങളും ശ്രീനഗറിലെത്തിയത്. 

ഫെയ്സ്ബുക് കുറിപ്പിൽ പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും ജലിൽ വിശേഷിപ്പിച്ചിരുന്നു. മറ്റൊരു കുറിപ്പിലൂടെ തന്റെ നടപടിയെ ജലീൽ, പിന്നീട് ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമർശങ്ങൾ ദുർവ്യാഖ്യാനം ചെയ്തതാണെന്ന ന്യായീകരണത്തിന് അപ്പോഴും മുതിർന്നു. വിവാദമായ ആദ്യ കുറിപ്പിലെ പരാമർശങ്ങൾ എഡിറ്റ് ചെയ്തു തിരുത്തുകയും ചെയ്തു. രാജ്യദ്രോഹക്കേസ് ചുമത്തി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബിജെപിയുടെ കശ്മീർ ഘടകം രംഗത്തെത്തിയിരുന്നു.

വിശേഷണങ്ങൾ അനുചിതമായെന്നു സിപിഎം വിലയിരുത്തി. പാർട്ടി കേന്ദ്രത്തിൽനിന്നു ജലീലിനു തിരുത്തൽ നിർദേശം ലഭിക്കുകയും ചെയ്തു. മുഖ്യമന്ത്രിയോ സിപിഎം നേതൃത്വമോ ഔദ്യോഗിക പ്രതികരണത്തിനു തയാറായില്ല. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മന്ത്രി എം.വി.ഗോവിന്ദൻ കണ്ണൂരിൽ ജലീലിനെ തള്ളിപ്പറഞ്ഞു. ജലീലിന്റെ പരാമർശം സിപിഎം നിലപാടല്ലെന്നു മന്ത്രി എം.വി.ഗോവിന്ദൻ പരോക്ഷമായി സൂചിപ്പിച്ചു.

ഇന്ത്യയെ സംബന്ധിച്ചും കശ്മീരിനെ സംബന്ധിച്ചും കൃത്യമായ നിലപാട് സിപിഎമ്മിനുണ്ട്. അതല്ലാത്ത രീതിയിൽ വരുന്നതൊന്നും പാർട്ടി നിലപാടല്ല. എന്ത് അടിസ്ഥാനത്തിലാണ് ജലീൽ അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നു മന്ത്രി പ്രതികരിച്ചു.കശ്മീർ വിഷയത്തിൽ സിപിഎമ്മിനു പ്രഖ്യാപിത നിലപാടുണ്ടെന്നും അതിൽനിന്ന് ആരും വ്യതിചലിക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പിന്നാലെ അഭിപ്രായപ്പെട്ടു.

English Summary: Jaleel returns to Kerala after controversial Kashmir remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com