ADVERTISEMENT

സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിൽ പാലക്കാടിനു പറയാനുള്ളത് ബ്രിട്ടിഷുകാര്‍ക്കു മുന്നില്‍ തലകുനിക്കാത്ത ഒരു ആത്മാഭിമാനിയുടെ ജീവിതകഥയാണ്. ബ്രിട്ടിഷുകാരുടെ അധിക്ഷേപത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ, മദിരാശി പ്രസിഡന്‍സിയിലെ ആദ്യ തദ്ദേശീയ സിവില്‍ സര്‍വീസ് ഉദ്യോസ്ഥൻ പുലിക്കാട്ട് രത്‌നവേലു ചെട്ടിയാരുടെ കഥ. അധികാരത്തിനും അംഗീകാരങ്ങള്‍ക്കുമപ്പുറമാണ് ഇന്ത്യക്കാരന്റെ അഭിമാനബോധമെന്ന് ബ്രിട്ടിഷുകാരെ ബോധ്യപ്പെടുത്തിയ, ഇന്ത്യന്‍ ചരിത്രത്തിലെ നിശബ്ദ സാന്നിധ്യം. ബാര്‍ബറ ബ്ലാക്ക്, ശശി തരൂര്‍, ഒ.വി.വിജയന്‍ എന്നിവരുടെ പുസ്തകങ്ങളില്‍ പരാമർശമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ഇന്നു ലഭ്യമല്ല. രത്നവേലു ചെട്ടിയാരുടെ സ്മരണാർഥം പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ച അഞ്ചുവിളക്ക് വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ്.

രത്നവേലു എന്ന ‘മദിരാശി’ ഐസിഎസ്

1856 ലായിരുന്നു രത്നവേലു ചെട്ടിയുടെ ജനനം. പിതാവ് ദിവാന്‍ ബഹദൂര്‍ പുലിക്കാട്ട് രാമസ്വാമി ചെട്ടി മദ്രാസ് നഗരസഭ റവന്യു വൈസ് പ്രസിഡന്റ് ആയിരുന്നു. ബ്രിട്ടിഷ് ഭരണ സിരാകേന്ദ്രമായ സെന്റ് ജോര്‍ജ് ഫോര്‍ട്ടിനു സമീപമുള്ള ബ്ലാക്ക് ടൗണിലായിരുന്നു താമസം. (1911 മുതല്‍ ബ്ലാക്ക് ടൗണ്‍ ജോര്‍ജ് ടൗണ്‍ എന്നറിയപ്പെട്ടു തുടങ്ങി). പഠനത്തില്‍ മികവു പുലര്‍ത്തിയ രത്‌നവേലു ചെട്ടി മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിഎ ബിരുദം പൂര്‍ത്തിയാക്കി. 

1785 ലാണ് നികുതി പിരിവിനും നീതി നടപ്പാക്കാനുമായി ഗവർണർ ജനറൽ കോണ്‍വാലീസ് പ്രഭു കലക്ടര്‍ തസ്തിക സൃഷ്ടിച്ചത്. 1853 ല്‍ മത്സരപ്പരീക്ഷ നിലവില്‍ വന്നു. 1860 ന് ശേഷമാണ്  ഇന്ത്യക്കാര്‍ക്കും ഐസിഎസ് പരീക്ഷയെഴുതാന്‍ അവസരം നല്‍കിയത്. രവീന്ദ്രനാഥ ടഗോറിന്റെ ജ്യേഷ്ഠന്‍ സത്യേന്ദ്രനാഥ ടഗോര്‍ 1863 ല്‍ ഐസിഎസിന് യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യക്കാരനായി.

1873 ല്‍ ലണ്ടനിലെ ലിങ്കോളനില്‍ ആയിരുന്നു രത്നവേലു ചെട്ടിയുടെ സിവില്‍ സര്‍വീസ് പഠനം. 1876 ല്‍ പഠനം പൂർത്തിയാക്കി ഇന്ത്യയിലെത്തിയ ചെട്ടിക്ക് ഐസിഎസിലേക്ക് പ്രത്യേക പ്രവേശനം ലഭിച്ചു. 19 ാം വയസ്സില്‍ ഇംഗ്ലണ്ടിലെ ബാലിയോല്‍ കോളജ് ഓക്‌സ്‌ഫഡില്‍നിന്ന് ഗണിതശാസ്ത്രത്തിൽ സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കുന്ന ആദ്യ ഹിന്ദുവെന്ന ഖ്യാതിയും ചെട്ടിക്ക് സ്വന്തമാണ്. സഹോദരന്‍ നാരായണസ്വാമി ചെട്ടിയും രത്‌നവേലുവിന്റെ വഴി തന്നെയാണ് തിരഞ്ഞെടുത്തത്.

1876 ല്‍ സേലം കലക്ടറുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും അസിസ്റ്റന്റായി രത്‌നവേലു ചെട്ടി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ചെങ്കല്‍പേട്ട്, നോര്‍ത്ത് ആര്‍ക്കോട്ട് എന്നിവിടങ്ങളിലെ സേവനാനന്തരം 1880ല്‍ മലബാറിലെത്തി. ഇന്ത്യന്‍ സിവില്‍ സര്‍വീസ് നിയമം അനുസരിച്ച് 30 വയസ്സ് വരെ എല്ലാ ഐസിഎസ് ഉദ്യോഗസ്ഥരും അവിവാഹിതരായി തുടരണമെന്നുണ്ട്. ഇവർക്കുള്ള വിനോദമാർഗങ്ങള്‍ ക്ലബുകളും മറ്റുമായിരുന്നു.

malabar-club
കോഴിക്കോട്ടെ ബീച്ച് ഹോട്ടൽ (Photo Courtesy: beachheritage.com.)

ഇംഗ്ലിഷുകാരനായി ജീവിതം; വിടാതെ വംശീയാധിക്ഷേപം

ബ്രിട്ടിഷുകാരനും ഇന്ത്യക്കാരനും തുല്യരാണെന്നും ഒരിക്കലും ഇന്ത്യക്കാരെ ഒതുക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും ചിന്തിച്ചിരുന്ന ആളാണ് രത്നവേലു. അതിനാൽ ഭക്ഷണത്തിലും വസ്ത്രത്തിലുമൊക്കെ അദ്ദേഹം വിദേശശൈലി പിന്തുടർന്നു. ബ്രിട്ടിഷ് ശൈലിയിലാണ് അദ്ദേഹം വസതിയും ജീവിതവും ചിട്ടപ്പെടുത്തിയത്. ക്രിക്കറ്റ്, ഡാന്‍സ്, കുതിരപ്പന്തയം, സംഗീതം, മദ്യം തുടങ്ങിയവ ഒത്തുചേരുന്ന ബ്രിട്ടിഷ് ക്ലബുകളില്‍ നായ്ക്കളെ അനുവദിച്ചപ്പോഴും ഇന്ത്യക്കാരെ അനുവദിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ ഐസിഎസ് ഉദ്യോഗസ്ഥനായതുകൊണ്ട് രത്‌നവേലു ചെട്ടിക്ക് ക്ലബുകളിൽ പ്രവേശനം ലഭിച്ചു. പക്ഷേ ബ്രിട്ടിഷുകാരില്‍ പലര്‍ക്കും അത് ഉള്‍ക്കൊള്ളാനായില്ല. ചെട്ടിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അവർ വംശീയ അധിക്ഷേപം ചൊരിഞ്ഞു. ഇത് പല ഘട്ടങ്ങളിലും പരിധിവിട്ടു. 

ദുരൂഹതകള്‍ നിറഞ്ഞ ജീവനൊടുക്കല്‍

വയനാട്ടില്‍ ഭൂമി സ്വന്തമാക്കിയ ബ്രിട്ടിഷ് തോട്ടമുടമകളും കച്ചവടക്കാരും സര്‍ക്കാരില്‍ ഉന്നത പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥരും വിശ്രമത്തിനും വിനോദങ്ങൾക്കും ഒത്തുകൂടിയിരുന്ന വേളകളാണ് കാലിക്കറ്റ് കാന്റര്‍ബറി വീക്ക്. മലബാര്‍ ജില്ലയുടെ ആസ്ഥാനമായ കോഴിക്കോടായിരുന്നു കാന്റര്‍ബറി ആഘോഷ പരിപാടികളുടെ കേന്ദ്രം. അന്നത്തെ മലബാര്‍ ക്ലബ് ആണ് ഇന്നത്തെ കോഴിക്കോട്ടെ ബീച്ച് ഹോട്ടല്‍. മലബാര്‍ ക്ലബില്‍ ഉണ്ടായ വംശീയാധിക്ഷേപത്തിൽ മനംനൊന്ത ചെട്ടി പാലക്കാടെത്തി സ്വയം വെടിയുതിര്‍ത്ത് ജീവിതം അവസാനിപ്പിച്ചെന്നാണ് രേഖകൾ പറയുന്നത്.1881 സെപ്റ്റംബര്‍ 28നായിരുന്നു സംഭവം. 25 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്. ആ സമയം അദ്ദേഹം പാലക്കാട് ആക്ടിങ് ഹെഡ് അസിസ്റ്റന്റ് കലക്ടറും പാലക്കാട് മുനിസിപ്പാലിറ്റിയുടെ വൈസ് പ്രസിഡന്റും ആയിരുന്നു.

boban
ബോബന്‍ മാട്ടുമന്ത

അതേസമയം, ചെട്ടിയുടെ മരണത്തെക്കുറിച്ച് മറ്റൊരു കഥ കൂടി പ്രചരിച്ചിരുന്നു. പാലക്കാട് മുനിസിപ്പാലിറ്റിയുടെ 15-ാം വാര്‍ഷിക ദിനത്തില്‍ ഒരു മുതിര്‍ന്ന ബ്രിട്ടിഷ് ഉദ്യോഗസ്ഥനെ ചെട്ടി ഹസ്തദാനം ചെയ്യുകയും എന്നാല്‍ പൊതുജനം നോക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ കൈ കഴുകുകയും ചെയ്തു. ഇതില്‍ അപമാനിതനായി ചെട്ടി ജീവനൊടുക്കിയതായി പറയുന്നു. എന്നാല്‍ ഇതിന് രേഖകള്‍ ഇല്ലെന്നും വിദേശത്ത് പഠിച്ച, ഇംഗ്ലിഷ് രീതി പിന്തുടരുന്ന ചെട്ടിയുടെ അടുത്ത സുഹൃത്തുക്കളെല്ലാം ബ്രിട്ടിഷുകാരാണെന്നും ഈ കഥ അവിശ്വസനീയമാണെന്നും പാലക്കാട് ഹിസ്റ്ററി ക്ലബ് പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത പറയുന്നു. ചെട്ടിയെക്കുറിച്ചുള്ള കൂടുതൽ രേഖകൾ ലഭിച്ചത് കഴിഞ്ഞ വർഷമാണെന്നും അദ്ദേഹം പറഞ്ഞു.

ചെട്ടിയുടെ മരണം പറയുന്ന പുസ്തകങ്ങള്‍

വംശീയാധിക്ഷേപമാണ് ചെട്ടിയുടെ മരണകാരണമെന്ന് ബ്രിട്ടിഷ് ഐസിഎസ് ഉദ്യോഗസ്ഥനായ എച്ച്. ഫീല്‍ഡിങ് ഹാളിന്റെ ‘ദ് പാസിങ് ഓഫ് ദ് എംപയര്‍’ എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ബ്രിട്ടിഷ് ക്ലബിലേക്ക് നോമിനേറ്റ് ചെയ്ത ചെട്ടി എന്ന മദിരാശിയെ പുറത്താക്കുമെന്ന് ക്ലബ് അംഗങ്ങള്‍ ഭീഷണിപ്പെടുത്തുകയും ഇതില്‍ മനംനൊന്ത് അയാള്‍ ജീവനൊടുക്കുകയും ചെയ്തതായി ഫീല്‍ഡിങ് ഹാള്‍ പറയുന്നു. ‘ജന്മം കൊണ്ട് മാത്രമേ ഒരാള്‍ക്ക് ഇംഗ്ലിഷുകാരനാവാന്‍ കഴിയൂ. ഐസിഎസ് പരീക്ഷ പാസായതുകൊേെണ്ടാ ഇംഗ്ലിഷ് ജീവിത ശൈലി പിന്തുടര്‍ന്നതുകൊണ്ടോ ഇംഗ്ലിഷുകാരനാവില്ല’ എന്നും പുസ്തകത്തില്‍ പറയുന്നു.

tharoor-book
ശശി തരൂരിന്റെ പുസ്തകത്തിൽ രത്നവേലു ചെട്ടിയെ പരാമർശിക്കുന്ന ഭാഗം. (വലത്)

Inglorious Empire: What the British Did to India എന്ന പുസ്തകത്തിലൂടെ ശശി തരൂരും A Room of HisOwn A Literary - Cultural Study of Victorian Clubland എന്ന പുസ്തകത്തിലൂടെ ബാര്‍ബറ ബ്ലാക്കും ചെട്ടിയുടെ മരണം വര്‍ണവിവേചനത്തിനെതിരായാണെന്ന് സമര്‍ഥിക്കുന്നുണ്ട്. ഒ.വി. വിജയന്റെ തലമുറകള്‍ എന്ന നോവലില്‍ ചെട്ടിയുടെ മരണത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. രണ്ട് ബ്രിട്ടിഷ് സഹപ്രവര്‍ത്തകര്‍, അവരുടെ ഭാര്യമാര്‍, സുഹൃത്തുക്കള്‍ എന്നിവരെ ചെട്ടി അത്താഴത്തിനു ക്ഷണിച്ചു. സംസാരത്തിനിടെ ‘നാല് കൊക്കും ഒരു കാക്കയും’ എന്ന പരിഹാസം ഉയര്‍ന്നു. ഇതിൽ മനംനൊന്ത ചെട്ടി ഒന്നാം നിലയിലെ തന്റെ കിടപ്പുമുറിയില്‍ വച്ച് സ്വയം വെടിയുതിര്‍ത്തുവെന്ന് നോവലില്‍ പറയുന്നു.

നാല്‍ക്കവലയില്‍ തെളിഞ്ഞ സ്മാരകം

1892 ല്‍ പാലക്കാട് നഗരസഭാധ്യക്ഷനായി എത്തിയ റാവു ബഹാദൂര്‍ ചിന്നസ്വാമി പിള്ളയാണ് നാട്ടുകാരില്‍നിന്ന് പണം പിരിച്ച് രത്‌നവേലു ചെട്ടിയാര്‍ക്കു സ്മാരകമായി അഞ്ചുവിളക്കു സ്ഥാപിച്ചത്. 1866 ജൂലൈ 1 ന് പാലക്കാട് നഗരസഭ നിലവില്‍ വന്നതുമുതല്‍ 26 വര്‍ഷം സായിപ്പായിരുന്നു സഭാധ്യക്ഷന്‍. ശേഷം ബ്രിട്ടിഷ് സര്‍ക്കാര്‍ തന്നെയാണ് ചിന്നസ്വാമിയെ നിയമിച്ചത്. 

anchuvilakku
പാലക്കാട് നഗരത്തിൽ സ്ഥാപിച്ച അഞ്ചുവിളക്ക്

വിളക്കെടുത്തു മാറ്റണമെന്ന് ബ്രിട്ടിഷുകാരനായ കലക്ടര്‍ ഉത്തരവിട്ടെങ്കിലും നാട്ടുകാരുടെ പ്രക്ഷോഭത്തെത്തുടർന്ന് അത് നടന്നില്ല. ആത്മാഭിമാനത്തിന്റെ പ്രതീകമായി മണ്ണെണ്ണ വിളക്കിന്റെ പ്രഭയില്‍ ജ്വലിച്ചുനിന്ന ജ്വാല മണ്ഡപം ബ്രിട്ടിഷുകാരുടെ കണ്ണിലെ കരടാവുകയായിരുന്നു. മണ്ഡപം പൂര്‍ണമായും നശിപ്പിച്ചെങ്കിലും ജനവികാരം തിരിച്ചറിഞ്ഞ മദ്രാസ് ഗവര്‍ണര്‍ ജോര്‍ജ് സ്റ്റാന്‍ലി ഗ്രേറ്റ് പില്‍ക്കാലത്ത് അഞ്ചു തലയുള്ള വിളക്ക് യാഥാർഥ്യമാക്കുകയായിരുന്നു. പാലക്കാട് നഗരസഭാ ജംക്‌ഷനില്‍ ഇപ്പോഴും ആത്മാഭിമാനത്തിന്റെ ജ്വാലയോടെ തെളിഞ്ഞുകത്തുകയാണ് ഈ സ്മാരക വിളക്ക്.

English Summary: Story of Pulicat Rathnavelu chetti madras presidency first native ICS Officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com