ADVERTISEMENT

മുംബൈ ∙ ഓഹരിവിപണിയിലെ അതികായനും ആകാശ എയറിന്റെ ഉടമയുമായ രാകേഷ് ജുൻജുൻവാലയുടെ മരണവാർത്ത കേട്ടാണ് മുംബൈ ഉണർന്നത്. ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന ശതകോടീശ്വരന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം, ജുൻജുൻവാലയുടെ ഡാൻസ് വിഡിയോ പങ്കുവച്ചാണ്  ആദരാഞ്ജലി അർപ്പിച്ചത്. വീൽചെയറിൽ ഇരുന്ന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ‘ബണ്ടി ഓർ ബബ്ലി’ എന്ന ബോളിവുഡ് സിനിമയിലെ ‘ഗജ്‌രാ രെ...’ എന്ന ഗാനത്തിനാണ് രാകേഷ് ഡാൻസ് ചെയ്യുന്നത്. ‘രണ്ട് വൃക്കകളും തകരാറിലായ രാകേഷ് ഡയാലിസിസിന് വിധേയനായിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ജീവിക്കണമെന്ന് ഈ വിഡിയോ പഠിപ്പിക്കുന്നു’– സഞ്ജയ് ട്വിറ്ററിൽ കുറിച്ചു.

സുഖമില്ലാതായതിനെ തുടർന്ന് ഞായറാഴ്ച രാവിലെ 6.45നാണ് രാകേഷ് ജുൻജുൻവാലയെ മുംബൈയിലെ കാൻഡി ബ്രീച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അടുത്തിടെ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിട്ട് അധികമായിരുന്നില്ല. ആകാശ എയർലൈൻസിന്റെ ഉദ്ഘാടന ദിനത്തിലാണ് ഏറ്റവുമൊടുവിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

അജയ്യനായിരുന്നു രാകേഷ് ജുൻജുൻവാലയെന്ന് നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ കുറിച്ചു. ഇന്ത്യൻ വ്യവസായ രംഗത്ത് ഒരിക്കലും മായാത്ത സംഭാവനകൾ നൽകിയാണ് അദ്ദേഹം മടങ്ങുന്നത്. ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് ആവേശഭരിതനായിരുന്നു. അദ്ദേഹത്തിന്റെ മരണം വേദനിപ്പിക്കുന്നതാണ്. ജുൻജുൻവാലയുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു. 5.8 ബില്യൻ ഡോളറാണ് ഫോബ്സ് പട്ടിക പ്രകാരം രാകേഷിന്റെ ആസ്തി.

English Summary: Watch: Rakesh Jhunjhunwala's Dance Shows Positivity Was His Life Mantra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com