ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യാ ചരിത്രത്തിൽ സുവർണലിപികളാൽ ചേർത്ത് വച്ച പ്രസംഗമാണ് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ആകാശവാണിയിലൂടെ 1947 ഓഗസ്റ്റ് 14ന്  അർധരാത്രിയിൽ നടത്തിയത്. സ്വാതന്ത്ര്യത്തിനൊപ്പം ആ പ്രസംഗത്തിനും 75 വയസ്സ് തികഞ്ഞു. 'അര്‍ധരാത്രിയു‌‌ടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങുന്ന സമയത്ത്, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നുയരും’ എന്ന് ആരംഭിക്കുന്ന പ്രസംഗത്തിന്റെ കയ്യെഴുത്ത് പ്രതി കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററിൽ പങ്കുവച്ചു.

പ്രസംഗത്തിന്റെ മലയാള പരിഭാഷ ഇങ്ങനെ:

'ദീര്‍ഘകാലം മുന്‍പ്, വിധിയുമായി നമ്മള്‍ ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ആ സമയം ആഗതമായിരിക്കുന്നു. നമ്മുടെ പ്രതിജ്ഞ ദൃഢമായും സമഗ്രതയിലും നിറവേറ്റാനുള്ള സമയം. ഇന്ന് അര്‍ധരാത്രിയു‌‌ടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങുന്ന സമയത്ത്, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നുയരും.

ആ നിമിഷം വരികയാണ്. ചരിത്രത്തില്‍തന്നെ അവിചാരിതമെന്നോണം. പഴയതില്‍നിന്ന് പുതിയതിലേക്ക് നമ്മള്‍ ചുവട് വയ്ക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തിന്റെ ആത്മാവ് അതിന്റെ ശബ്ദം വീണ്ടെടുക്കുകയാണ്. ഈ പവിത്രമായ നിമിഷത്തില്‍ രാജ്യത്തെയും ജനങ്ങളെയും സേവിക്കുമെന്നും അതിനപ്പുറം മാനവികതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും നമ്മള്‍ പ്രതിജ്ഞയെടുക്കുകയാണ്.

ചരിത്രം പിറവിയെടുത്തപ്പോള്‍ത്തന്നെ ഇന്ത്യ അതിന്റെ സ്വത്വത്തെയും ദൗത്യത്തെയുംക്കുറിച്ച് അനന്തമായ അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ത്യയുടെ പരിശ്രമങ്ങളും പ്രയത്നങ്ങളും മഹത്തായ വിജയങ്ങളും പരാജയങ്ങളുമെല്ലാം നിറഞ്ഞ പരശതം നൂറ്റാണ്ടുകള്‍ പിന്നിലുണ്ട്. ദുരിതകാലത്തും നല്ലകാലത്തും ഇന്ത്യ സ്വന്തം ദിശാബോധം നഷ്ടപ്പെടുത്തുകയോ കരുത്തുപകര്‍ന്ന മൂല്യങ്ങളെ മറക്കുകയോ ചെയ്തിട്ടില്ല. നീണ്ട ഒരു ദുരിതകാലത്തിന് ഇന്ന് നാം പരിസമാപ്തി കുറിക്കുകയും ഇന്ത്യ ഒരിക്കല്‍ക്കൂടി സ്വയം കണ്ടെത്തുകയുമാണ്.

ഇപ്പോള്‍ നമ്മള്‍ ആഘോഷിക്കുന്ന ഈ നേട്ടം നാളെകളില്‍ നമ്മെ കാത്തിരിക്കുന്ന വലിയ നേട്ടങ്ങളിലേക്കും വിജയങ്ങളിലേക്കും വഴിതുറക്കുന്ന അവസരമാണ്. ഈ അവസരം മുതലാക്കാനും ഭാവിയുടെ വെല്ലുവിളികള്‍ നേരിടാനും നമ്മള്‍ ധൈര്യശാലികളും ബുദ്ധിശാലികളുമാണോ? സ്വാതന്ത്ര്യവും അധികാരവും വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നത്. ഇപ്പോള്‍ ആ ഉത്തരവാദിത്തം ഇന്ത്യന്‍ ജനതയെ പ്രതിനിധീകരിക്കുന്ന ഈ അസംബ്ലിയില്‍ നിക്ഷിപ്തമാണ്. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പ് നാം കഠിനയാതനകള്‍ സഹിച്ചു. ആ ദുഃഖങ്ങളുടെ ഓർമകള്‍ നമ്മു‌ടെ ഹൃദയഭാരം വര്‍ധിപ്പിക്കുന്നു. അവയില്‍ ചിലത് ഇപ്പോഴും തുടരുന്നു. കഴിഞ്ഞത് കഴിഞ്ഞു. ഇപ്പോള്‍ നമ്മെ മാടിവിളിക്കുന്നത് പുതിയൊരു ഭാവിയാണ്.

അനായാസമായോ വെറുതെയിരുന്നിട്ടോ നമുക്ക് ആ ഭാവിയിലേക്ക് എത്തിച്ചേരാനാവില്ല. ഇതുവരെ നമ്മള്‍ എടുത്തതും ഇന്ന് എടുക്കുന്നതുമായ പ്രതിജ്ഞകളെല്ലാം സാക്ഷാത്കരിക്കാന്‍ നിരന്തരപരിശ്രമത്തിലൂടെ മാത്രമേ കഴിയൂ. ‘ഇന്ത്യയെ സേവിക്കുക’ എന്നാല്‍ ദുരിതത്തിലുള്ള ദശലക്ഷക്കണക്കിനാളുകളെ സേവിക്കുക എന്നാണര്‍ഥം. അജ്ഞതയും ദാരിദ്ര്യവും രോഗങ്ങളും അവസരസമത്വമില്ലായ്മയും അവസാനിപ്പിക്കുക എന്നും അതിനര്‍ഥമുണ്ട്. എല്ലാ കണ്ണുകളിലെയും കണ്ണുനീര്‍ തുടച്ചുമാറ്റുക എന്നതാണ് നമ്മുടെ തലമുറയിലെ എറ്റവും വലിയ മഹാത്മാവിന്റെ ലക്ഷ്യം. അത് നമ്മുടെ കഴിവിനപ്പുറമായിരിക്കാം. പക്ഷേ, ഇവിടെ ദുരിതങ്ങളും കണ്ണീരും ഈ മണ്ണില്‍ ഉള്ളിടത്തോളം നമ്മുടെ കര്‍ത്തവ്യം അവസാനിക്കില്ല.

നമ്മുടെ സ്വപ്നസാക്ഷാത്കാരത്തിനായി നമ്മള്‍ അധ്വാനിക്കുകയും കഠിനപ്രയത്നം ചെയ്യുകയും വേണം. ആ സ്വപ്നങ്ങള്‍ ഇന്ത്യയ്ക്കുവേണ്ടിയുള്ളതാണ്. ലോകത്തിനുവേണ്ടിയുമാണ്. കാരണം, ലോകത്തെ എല്ലാ രാജ്യങ്ങളും ജനസമൂഹങ്ങളും അത്രമാത്രം പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുകയാണ്. അവര്‍ക്ക് പരസ്പരം വേറിട്ടുകാണാനോ വേര്‍തിരിച്ചുനിര്‍ത്താനോ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. സമാധാനം അവിഭാജ്യമാണെന്ന് പറയുന്നതുപോലെ തന്നെയാണ് സ്വാതന്ത്ര്യവും സമൃദ്ധിയും. ചെറുകണികകളായി വേര്‍പിരിക്കാന്‍ കഴിയാത്ത വിധം ലോകം പരസ്പരബന്ധിതമായതിനാല്‍ ദുരന്തങ്ങളും അതുപോലെ അവിഭാജ്യമാണ്.

ഞങ്ങളെ പ്രതിനിധികളായി നിശ്ചയിച്ച ഇന്ത്യയിലെ ജനതയോട് തികഞ്ഞ വിശ്വാസത്തോടെയും ആത്മധൈര്യത്തോടെയും ഈ ദൗത്യത്തില്‍ അണി ചേരാന്‍ ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. നിസ്സാരവും വിനാശകരവുമായ വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും പഴിചാരലുകള്‍ക്കും സമയമില്ല. എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ വസിക്കാന്‍ കഴിയുന്ന സ്വതന്ത്ര ഇന്ത്യയുടെ മഹത്തായ മന്ദിരം നമുക്ക് പടുത്തുയര്‍ത്തണം.

English Summary: Congress Shares Draft Of Nehru's 'Tryst With Destiny' Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com