ADVERTISEMENT

തിരുവനന്തപുരം ∙ പാലക്കാട്‌ മരുതറോഡില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍എസ്‌എസ്‌ - ബിജെപി സംഘമാണെന്ന നിലപാട് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്തുകയും വേണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാർ ആണെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രത്യേകം പ്രസ്താവനയിറക്കിയത്. 

ഷാജഹാനെ കൊലപ്പെടുത്തിയവർക്ക് കഞ്ചാവ്  മാഫിയയുമായും ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ടെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു. ഇവരുടെ കഞ്ചാവ്‌ വില്‍പ്പനയടക്കമുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ഷാജഹാന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തതും തടയാന്‍ ശ്രമിച്ചതുമാണ്‌ കൊല നടത്താനുള്ള പ്രേരണയെന്നും പ്രസ്താവനയിൽ ആരോപണമുണ്ട്. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ബോര്‍ഡ്‌ വച്ചപ്പോള്‍, അതു മാറ്റി അതേ സ്ഥലത്ത്‌ ശ്രീകൃഷ്‌ണജയന്തിയുടെ ബോര്‍ഡ്‌ വയ്‌ക്കാന്‍ ആര്‍എസ്‌എസ്‌ സംഘം ശ്രമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ഷാജഹാനെ വെട്ടി വീഴ്‌ത്തിയതെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയുടെ പൂർണരൂപം

പാലക്കാട്‌ മരുതറോഡില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്‌ ആര്‍എസ്‌എസ്‌ - ബിജെപി സംഘമാണ്. കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്തുകയും വേണം. സിപിഎം പ്രവര്‍ത്തകരെ അരിഞ്ഞുതള്ളുകയും തുടര്‍ന്ന്‌ നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത്‌ ആര്‍എസ്‌എസ്‌ - ബിജെപി പതിവു ശൈലിയാണ്‌. പാലക്കാട്‌ ഞായറാഴ്‌ച രാത്രി നടന്ന കൊലപാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്‌.

കൊലനടത്തിയവര്‍ ആര്‍എസ്‌എസ്‌ - ബിജെപി സജീവ പ്രവര്‍ത്തകരാണെന്ന്‌ ആ നാട്ടുകാര്‍ക്കെല്ലാം അറിയാം. ഇവര്‍ക്ക്‌ കഞ്ചാവ്‌ മാഫിയയുമായും ക്രിമിനല്‍ സംഘങ്ങളുമായും ബന്ധമുണ്ട്‌. കൊല നടത്തിയ സംഘത്തിലെ മുഖ്യപ്രതികളെല്ലാം ഒട്ടേറെ മറ്റു ക്രിമിനല്‍ കേസുകളിലും പ്രതികളാണ്‌. ഇവരുടെ കഞ്ചാവ്‌ വില്‍പനയടക്കം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ഷാജഹാന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തതും തടയാന്‍ ശ്രമിച്ചതുമാണ്‌ കൊല നടത്താനുള്ള പ്രേരണ. ഏതാനും നാളുകളായി ആര്‍എസ്‌എസ്‌ - ബിജെപി സംഘം ഈ പ്രദേശത്ത്‌ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയും അവസരം കാത്തിരിക്കുകയുമായിരുന്നു.

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ബോര്‍ഡ്‌ വച്ചപ്പോള്‍ അതു മാറ്റി അതേ സ്ഥലത്ത്‌ തന്നെ ശ്രീകൃഷ്‌ണജയന്തിയുടെ ബോര്‍ഡ്‌ വയ്‌ക്കാന്‍ ആര്‍എസ്‌എസ്‌ സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഷാജഹാനെ വെട്ടി വീഴ്‌ത്തുകയായിരുന്നു. നിഷ്‌ഠുരമായി കൊല നടത്തിയിട്ടും അതിന്റെ പേരില്‍ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത്‌ കൊടും ക്രൂരതയാണ്‌.

കേരളത്തില്‍ മാത്രം ആറ്‌ വര്‍ഷത്തിനിടെ 17 സിപിഎം പ്രവര്‍ത്തകരെയാണ്‌ ആര്‍എസ്‌എസ്‌ ക്രിമിനല്‍ സംഘങ്ങള്‍ കൊലപ്പെടുത്തിയത്‌. ഓരോ കൊലപാതകത്തിനു ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ്‌ ഇക്കൂട്ടര്‍. സംഘപരിവാറിന്റെ കൊടിയ വര്‍ഗീയ രാഷ്ട്രീയത്തിന്‌ കേരളത്തില്‍ സിപിഎം ആണ്‌ മുഖ്യതടസ്സം എന്ന്‌ തിരിച്ചറിഞ്ഞാണ്‌ നിരന്തരമായി പ്രവര്‍ത്തകരെ വേട്ടയാടുന്നത്‌.

സംസ്ഥനത്ത്‌ പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകര്‍ത്ത്‌ കലാപമുണ്ടാക്കലാണ്‌ ആര്‍എസ്‌എസ്‌ ലക്ഷ്യം. അക്രമികളെ ഒറ്റപ്പെടുത്തിയും ജനങ്ങളുടെ പിന്തുണയോടെ ജനാധിപത്യപരമായി പ്രതിഷേധിച്ചും ആര്‍എസ്‌എസ്‌ - ബിജെപി ഭീഷണിയെ നേരിടും. എല്ലാ വ്യാജപ്രചാരണങ്ങളും തിരിച്ചറിഞ്ഞ്‌ ജനങ്ങള്‍ അവ തള്ളിക്കളയണം.

English Summary: CPM State Secretariat On The Murder Of Branch Secretary Shajahan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com