ADVERTISEMENT

സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ഇന്ത്യ. ഡൽഹിയിൽ രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്കു ശേഷം ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി. രാജ്യം പുത്തൻ ഉണർവിലാണെന്നും അടുത്ത 25 വർഷം നിർണായകമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാമി വിവേകാനന്ദനും അദ്ദേഹം ആദരമർപ്പിച്ചു. ഗുരുവടക്കമുള്ള മഹാൻമാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 75–ാം സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ പരിപാടികൾ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍  ദേശീയപതാക ഉയർത്തി. ഫെഡറലിസം രാജ്യത്തിന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ഘടകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

‘ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സര്‍ക്കാരുകളായി മാറുന്ന തദ്ദേശ സ്ഥാപനങ്ങളുമാണ് ഫെഡറല്‍ സംവിധാനത്തിന്റെ കരുത്തുറ്റ അടിത്തറ. സാമ്പത്തിക രംഗത്തുള്‍പ്പെടെ ഫെഡറല്‍ തത്വങ്ങള്‍ പൂര്‍ണമായി പാലിക്കണം. വികസന ആവശ്യത്തിന് വേണ്ടത്ര സമ്പത്ത് ലഭിക്കുമ്പോള്‍ മാത്രമേ ഫെഡറലിസത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഭാഷകളെയും സംസ്കാരങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ദേശീയത. മതനിരപേക്ഷത മറന്നുള്ള ഏത് നിലപാടും സ്വാതന്ത്ര്യസമര ലക്ഷ്യങ്ങളുടെ നിരാകരണമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.

ട്വിറ്ററിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക ദിനമാണ്. നിശ്‌ചയദാർഢ്യത്തോടെ മുന്നേറണം. സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ നമുക്ക് ഉത്തരവാദിത്തമുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളോടുള്ള കടം നമ്മൾ വീട്ടണം. വൈവിധ്യത്തിൽ നിന്നാണ് ഇന്ത്യയുടെ ശക്തി പ്രവഹിക്കുന്നത്. താൻ ശ്രമിച്ചത് ജനങ്ങളെ ശാ‌ക്‌തീകരിക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

1248-pm-modi-independence-day
ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നു: (Photo by Money SHARMA / AFP)

കാൽ നൂറ്റാണ്ടിലേക്കുള്ള ലക്ഷ്യങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. 1) സമ്പൂർണ വികസിത ഭാരതം. 2) അടിമത്ത മനോഭാവത്തിന്റെ സമ്പൂർണ നിർമാർജനം. 3) പാരമ്പര്യത്തിലുള്ള അഭിമാനം. 4) ഐക്യവും ഏകത്വവും. 5) പൗരധർമം പാലിക്കൽ. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി ഇന്ത്യയ്ക്ക് ജന്മസിദ്ധമാണ്. പ്രസംഗത്തിൽ സവർക്കറെയും മോദി പരാമർശിച്ചു. റാണി ലക്ഷ്മി ഭായ് അടക്കമുള്ളവരുടെ വീര്യം സ്വാതന്ത്ര്യപോരാട്ടത്തില്‍ കണ്ടു. ആദിവാസി സമൂഹത്തെ അഭിമാനത്തോടെ ഓര്‍ക്കണം. പൗരന്റെ ഇച്ഛകളെ പൂർത്തിയാക്കാൻ ഭരണകൂടം ശ്രമിക്കണം. ഭാവിതലമുറയെ കാത്തിരിപ്പുകൾക്ക് വിട്ടുകൊടുക്കാൻ ഇന്ത്യൻ ജനത ആഗ്രഹിക്കുന്നില്ല. സാമൂഹികമായ ഉണർവ് അടുത്തകാലത്തുണ്ടായി.

1248-narendra-modi
ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നു: (Photo by Money SHARMA / AFP)

ജനതാ കർഫ്യൂ അടക്കം കോവിഡ് പ്രതിരോധ നടപടികൾ ഈ ഉണർവിന്റെ ഫലമാണ്. ലോകം ഇന്ത്യയെ സമീപിക്കുന്ന രീതി മാറിയിരിക്കുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം ഇന്ത്യയിൽനിന്ന് തേടുന്നു. രാഷ്ട്രീയസ്ഥിരതയുടെ കരുത്ത് ഇന്ത്യ കാണിച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോൾ അടിമത്ത മനോഭാവത്തില്‍ നിന്ന് ഇന്ത്യ സമ്പൂര്‍ണസ്വാതന്ത്ര്യം കൈവരിക്കണം. ഭാഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദേശീയമായത് നല്ലതും തദ്ദേശീയമായത് മോശവും എന്ന ചിന്ത ഇല്ലാതാകണം. ഓരോ ഇന്ത്യക്കാരനും മാതൃഭാഷയില്‍ അഭിമാനിക്കണം. വിദേശ സംസ്കാരത്തെ അനുകരിക്കേണ്ട. ഇന്ത്യ എങ്ങനെയോ അങ്ങനെ തന്നെയാകണം. സ്വന്തം മണ്ണിനോട് ചേര്‍ന്നുനിന്നാലേ ആകാശത്തേക്ക് ഉയരാന്‍ കഴിയൂ. കഴിവുള്ളവർക്ക് അവസരം ലഭിക്കാത്തതിന് കാരണം കുടുംബവാഴ്‍ചയാണ്. രാഷ്‌ട്രീയത്തിലടക്കം കുടുംബവാഴ്‍ച ഇല്ലാതാകണം. കുടുംബവാഴ്‌ച കുടുംബത്തിന്റെ നേട്ടത്തിനാണ്, രാജ്യത്തിന്റെ ഗുണത്തിനല്ല. കുടുംബവാ‌ഴ്‌ചയെ വെറുക്കണമെന്നും പ്രധാനമ‌ന്ത്രി പറഞ്ഞു.

English Summary: Independence Day 2022 Highlights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com