ADVERTISEMENT

ന്യൂഡൽഹി∙ അഴിമതിയും സ്വജനപക്ഷപാതവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വെറുപ്പുണ്ടെങ്കിലും അഴിമതിക്കാരോട് സമൂഹം താല്‍പര്യം കാണിക്കുന്നു. അഴിമതിക്കാരോട് വിട്ടുവീഴ്ച പാടില്ലെന്നും ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പറഞ്ഞു. 

ഇന്ത്യന്‍ ജനതയുടെ വാക്കിലും പ്രവൃത്തിയിലും എങ്ങനെയൊക്കെയോ സ്ത്രീവിരുദ്ധത കടന്നുകൂടിയിട്ടുണ്ട്. ഇത് പൂര്‍ണമായി ഇല്ലാതാക്കല്‍ പൗരധര്‍മമായി കാണണം. സ്ത്രീകളോട് അന്തസ്സായി പെരുമാറേണ്ടത് രാജ്യപുരോഗതിക്ക് അനിവാര്യമാണ്. വീടുകളിൽ മകനും മകളും തുല്യരാകുമ്പോഴാണ് ഐക്യത്തിന്റെ വേരുകൾ പാകുന്നത്. ലിംഗസമത്വമാണ് ഐക്യത്തിന്റെ നിർണായക മാനദണ്ഡം. സാമൂഹിക മുന്നേറ്റത്തിന് അച്ചടക്കം പ്രധാനമാണ്. പൗരധര്‍മം പാലിക്കുന്നതില്‍ പ്രധാനമന്ത്രിയെന്നോ മുഖ്യമന്ത്രിയെന്നോ സാധാരണ പൗരനെന്നോ വ്യത്യാസമില്ല. വൈദ്യുതി പാഴാക്കാതിരിക്കുന്നതടക്കം എല്ലാ കാര്യങ്ങളിലും പൗരന്മാര്‍ സ്വന്തം ഉത്തരവാദിത്തം നിറവേറ്റണം.

രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും അടിമത്ത മനോഭാവത്തില്‍നിന്ന് ഇന്ത്യ സമ്പൂര്‍ണസ്വാതന്ത്ര്യം കൈവരിക്കണം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്ത്രീകൾ നിർണായക പങ്കു വഹിക്കേണ്ടതുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനായി അവരെ ശാക്തീകരിച്ചാൽ കുറഞ്ഞ സമയത്തിൽ കുറഞ്ഞ പ്രയത്നത്തിലൂടെ ലക്ഷ്യത്തിലെത്താനാകും. അടുത്ത 25 വര്‍ഷം അതിപ്രധാനമാണെന്നു മോദി പറഞ്ഞു. ഈ കാലയളവിലേക്കുള്ള അഞ്ചിന പരിപാടി പ്രധാനമന്ത്രി മുന്നോട്ടുവച്ചു. 

1. സമ്പൂര്‍ണ വികസിത ഭാരതം 

2. അടിമത്ത മനോഭാവത്തില്‍ നിന്നുള്ള പരിപൂര്‍ണ മോചനം 

3. പാരമ്പര്യത്തിലുള്ള അഭിമാനം 

4. ഐക്യവും അഖണ്ഡതയും 

5. പൗരധര്‍മം പാലിക്കല്‍ 

ഭാഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദേശീയമായത് നല്ലതും തദ്ദേശീയമായത് മോശവും എന്ന ചിന്ത ഇല്ലാതാകണം. ഓരോ ഇന്ത്യക്കാരനും മാതൃഭാഷയില്‍ അഭിമാനിക്കണം. വിദേശ സംസ്കാരത്തെ അനുകരിക്കേണ്ട. ഇന്ത്യ എങ്ങനെയോ അങ്ങനെ തന്നെയാകണം. സ്വന്തം മണ്ണിനോട് ചേര്‍ന്നുനിന്നാലേ ആകാശത്തേക്ക് ഉയരാന്‍ കഴിയൂ.

രാഷ്ട്രീയത്തിലടക്കം കുടുംബവാഴ്ച ഇല്ലാതാകണം. കഴിവുള്ളവര്‍ക്ക് അവസരം ലഭിക്കാത്തതിന് കാരണം സ്വജനപക്ഷപാതമാണ്. കുടുംബവാഴ്ച കുടുംബത്തിന്റെ നേട്ടത്തിനാണ്. രാജ്യത്തിന്റെ ഗുണത്തിനല്ല. കുടുംബവാഴ്ച ഇല്ലാതാക്കേണ്ടത് ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമാണ്. അഴിമതിക്ക് കാരണം കുടുംബവാഴ്ചയും സ്വജനപക്ഷപാതിത്വവുമാണെന്നും മോദി പറഞ്ഞു.

English Summary: PM Modi's Independence Day speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com