ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴേയ്ക്കും അടിമത്ത മനോഭാവത്തില്‍നിന്ന് ഇന്ത്യ സമ്പൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത 25 വര്‍ഷം അതിപ്രധാനമാണ്. ഈ കാലയളവിലേക്കുള്ള അഞ്ചിന പരിപാടി പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുന്നോട്ടുവച്ചു. 1. സമ്പൂര്‍ണ വികസിത ഭാരതം 2. അടിമത്ത മനോഭാവത്തില്‍ നിന്നുള്ള പരിപൂര്‍ണ മോചനം 3. പാരമ്പര്യത്തിലുള്ള അഭിമാനം 4. ഐക്യവും അഖണ്ഡതയും 5. പൗരധര്‍മം പാലിക്കൽ എന്നിവയാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ച അഞ്ചിന പരിപാടി.

കഴിഞ്ഞ 75 വർഷത്തിനിടെ ഉയർച്ചകളും താഴ്ചകളുമുണ്ടായി. നമ്മൾ ഒരുപാടു കാര്യങ്ങൾ നേടിയെടുത്തു. ഒട്ടേറെ വളർന്നു. ഭാഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദേശീയമായത് നല്ലതും തദ്ദേശീയമായത് മോശവും എന്ന ചിന്ത ഇല്ലാതാകണം. ഓരോ ഇന്ത്യക്കാരനും മാതൃഭാഷയില്‍ അഭിമാനിക്കണം. വിദേശ സംസ്കാരത്തെ അനുകരിക്കേണ്ട. ഇന്ത്യ എങ്ങനെയോ അങ്ങനെ തന്നെയാകണം. സ്വന്തം മണ്ണിനോട് ചേര്‍ന്നുനിന്നാലേ ആകാശത്തേക്ക് ഉയരാന്‍ കഴിയൂ എന്നും മോദി പറഞ്ഞു.

∙ സ്ത്രീവിരുദ്ധത തുടച്ചുനീക്കണം

ഇന്ത്യന്‍ ജനതയുടെ വാക്കിലും പ്രവര്‍ത്തിയിലും എങ്ങനെയൊക്കെയോ സ്ത്രീവിരുദ്ധത കടന്നുകൂടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി. ഇതു പൂര്‍ണമായി ഇല്ലാതാക്കല്‍ പൗരധര്‍മമായി കാണണം. സ്ത്രീകളോട് അന്തസ്സായി പെരുമാറേണ്ടത് രാജ്യപുരോഗതിക്ക് അനിവാര്യമാണ്. സാമൂഹിക മുന്നേറ്റത്തിന് അച്ചടക്കം പ്രധാനമാണ്. പൗരധര്‍മം പാലിക്കുന്നതില്‍ പ്രധാനമന്ത്രിയെന്നോ മുഖ്യമന്ത്രിയെന്നോ സാധാരണ പൗരനെന്നോ വ്യത്യാസമില്ല. വൈദ്യുതി പാഴാക്കാതിരിക്കുന്നതടക്കം എല്ലാ കാര്യങ്ങളിലും പൗരന്മാര്‍ സ്വന്തം ഉത്തരവാദിത്തം നിറവേറ്റണമെന്നും മോദി ആഹ്വാനം ചെയ്തു.

∙ വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി

വൈവിധ്യത്തില്‍ നിന്നാണ് ഇന്ത്യയുടെ ശക്തി പ്രവഹിക്കുന്നത്. ശ്രീനാരായണഗുരു ഉള്‍പ്പെടെയുള്ള മഹാന്മാര്‍ ഇന്ത്യയുടെ ആത്മാവിനെ ജ്വലിപ്പിച്ചു. ബിർസ മുണ്ട്, തിരോട്ട് സിങ്, അല്ലൂരി സീതാരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വാതന്ത്ര്യ സമരത്തെ ജ്വലിപ്പിച്ചു നിർത്തി. റാണി ലക്ഷ്മിഭായ്, ജൽകാരി ഭായ്, ചെന്നമ്മ, ബീഗം ഹസ്‌റത്ത് മഹൽ തുടങ്ങിയ ധീരവനിതകളെ ഓർമിക്കുമ്പോൾ രാജ്യം അഭിമാനത്താൽ നിറയുന്നു.

സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള പോരാട്ടത്തിൽ ജീവിതം സമർപ്പിച്ച ഗാന്ധിജി, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ബാബാസാഹിബ് അംബേദ്കർ, വീർ സവർക്കർ തുടങ്ങിയവരോട് ഈ രാജ്യം കടപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളും രാജ്യത്തെ പടുത്തുയർത്തിയവരുമായ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു, രാജേന്ദ്ര പ്രസാദ്, സർദാർ വല്ലഭ്ഭായ് പട്ടേൽ തുടങ്ങിയവരെയും പ്രധാനമന്ത്രി സ്മരിച്ചു. ‘നവ ഇന്ത്യ എന്ന ആശയത്തിനായി എല്ലാവിധ വെല്ലുവിളികളെയും തരണം ചെയ്ത് പോരാടിയ നമ്മുടെ സൈനികർക്കും പൊലീസ് സേനയ്ക്കും അതിലുപരി ഓരോ ഇന്ത്യൻ പൗരനും എന്റെ അഭിവാദ്യങ്ങൾ’ – മോദി പറഞ്ഞു.

∙ പൊരുതി നേടിയ വിജയം

ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടുപോകുന്നത് രാജ്യത്തെ നാശത്തിലേക്കു തള്ളിവിടുമെന്ന ആശങ്ക സ്വാതന്ത്ര്യത്തിനു മുൻപ് ഒട്ടേറെപ്പേർ പങ്കുവച്ചിരുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. ആ ആശങ്ക അസ്ഥാനത്തായിരുന്നുവെന്ന് നമ്മൾ തെളിയിച്ചു. ഇക്കാലത്തിനിടെ ഭക്ഷ്യസുരക്ഷ, യുദ്ധങ്ങൾ, ഭീകരവാദം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങി ഒട്ടേറെ വെല്ലുവിളികൾ നാം നേരിട്ടു. ഇതിനെയെല്ലാം തരണം ചെയ്തു മുന്നേറാൻ നമുക്കായി എന്നത് ചെറിയ കാര്യമല്ല. നമ്മുടെ മണ്ണ് കരുത്തുറ്റതാണ്. വെല്ലുവിളികൾക്കു മുൻപിൽ ഇന്ത്യ പതറിയില്ല. തല കുനിച്ചതുമില്ല. മറിച്ച് കരുത്തോടെ മുന്നേറിയെന്നും മോദി ചൂണ്ടിക്കാട്ടി.

താന്‍ ശ്രമിച്ചതും ജനങ്ങളെ ശാക്തീകരിക്കാനാണെന്ന് മോദി പറഞ്ഞു. എല്ലാ കാര്യങ്ങളിലും 'ആദ്യപരിഗണന രാജ്യത്തിന്' എന്ന മനോഭാവം ഉണ്ടായാല്‍ ഐക്യം ശക്തിപ്പെടും. ഐക്യവും അഖണ്ഡതയും പരമപ്രധാനമാണ്. രാജ്യത്തിന്റെ സാമൂഹികചേതന പുത്തനുണര്‍വിലാണ്. സ്വാതന്ത്ര്യസമരം വിജയിപ്പിച്ച അതേ ചേതനയാണ് പുനരുജ്ജീവിപ്പിക്കപ്പെട്ടത്. ദേശീയപതാക പ്രചാരണത്തിന്റെയും കോവിഡ് പോരാട്ടത്തിന്റെയും വിജയങ്ങള്‍ പുതിയ ഉണര്‍വിന് തെളിവാണ്. നമ്മുടെ രാജ്യത്തിന്റെ മഹത്വം ആഘോഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു വന്നതിന്റെ ഉദാഹരണമാണ് ‘ഹർ ഘർ തിരംഗ’.

ഈ ലോകം ഇന്ത്യയെ കാണുന്ന രീതി തന്നെ മാറി. ഇന്ത്യയെ ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കുന്നത്. അതിനു കാരണം ഇവിടുത്തെ 130 കോടി ആളുകളാണ്. കോവിഡ് വന്ന സമയത്ത് ഈ രാജ്യത്തെ ആളുകളെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാണ് അതിനെ ചെറുത്തു തോൽപ്പിച്ചത്. വാക്സീൻ വിദൂര പ്രദേശങ്ങളിൽ എത്തിക്കുന്നതിൽ ഉൾപ്പെടെ ഡോക്ടർമാരെ സഹായിച്ച് രാജ്യം ഒറ്റക്കെട്ടായി നിന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.

English Summary: Prime Minister Narendra Modi's Independence Day Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com