ADVERTISEMENT

ഹൽദ്വാനി (ഉത്തരാഖണ്ഡ്)∙ പട്രോളിങ്ങിനിടെയുണ്ടായ ഹിമപാതത്തിൽ കാണാതായ സൈനികന്റെ മൃതദേഹം 38 വർഷത്തിന് ശേഷം സിയാച്ചിനിലെ പഴയ ബങ്കറിൽ കണ്ടെത്തി. 19 കുമയൂൺ റെജിമെന്റിലെ സൈനികനായിരുന്ന ചന്ദ്രശേഖർ ഹർബോളയുടെ മൃതദേഹമാണ് റാണിഖേത്തിലെ സൈനിക് ഗ്രൂപ്പ് സെന്റർ ഞായറാഴ്ച കണ്ടെത്തിയത്.

1984ൽ പാക്കിസ്ഥാനെ നേരിടാൻ ‘ഓപ്പറേഷൻ മേഘ്ദൂത്’ എന്ന പേരിൽ സിയാച്ചിനിലേക്ക് അയച്ച 20 അംഗ സേനയുടെ ഭാഗമായിരുന്നു ഹർബോള. പട്രോളിങ്ങിനിടെയാണ് ഇവർ മഞ്ഞുവീഴ്ചയിൽ കുടുങ്ങിയത്. 15 സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും മറ്റ് അഞ്ച് പേരുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല, അവരിൽ ഒരാളാണ് ഹർബോള.

അൽമോറ സ്വദേശിയായ ഹർബോളയുടെ ഭാര്യ ശാന്തി ദേവി ഇപ്പോൾ സരസ്വതി വിഹാർ കോളനിയിലാണ് താമസിക്കുന്നത്. മൃതദേഹം ഇവിടെ എത്തിക്കും. പൂർണ സൈനിക ബഹുമതികളോടെയായിരിക്കും അന്ത്യകർമങ്ങളെന്നു ഹർബോളയുടെ വീട്ടിലെത്തിയ ഹൽദ്വാനി സബ് കലക്ടർ മനീഷ് കുമാറും തഹസിൽദാർ സഞ്ജയ് കുമാറും അറിയിച്ചു.

വിവാഹം കഴിഞ്ഞ് ഒൻപതു വർഷത്തിനു ശേഷം തന്റെ 28–ാം വയസ്സിലാണ് ചന്ദ്രശേഖർ ഹർബോളയെ കാണാതായതെന്നു ശാന്തി ദേവി പറഞ്ഞു. അപ്പോൾ അവരുടെ മൂത്ത മകൾക്ക് നാല് വയസ്സും ഇളയവൾക്ക് ഒന്നര വയസ്സുമായിരുന്നു. 1984 ജനുവരിയിലാണ് ഹർബോള അവസാനമായി വീട്ടിലെത്തിയത്. ഉടൻ മടങ്ങിവരുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്.

പക്ഷേ, കുടുംബത്തിന് നൽകിയ വാഗ്ദാനത്തേക്കാൾ രാജ്യത്തിനായുള്ള തന്റെ സേവനത്തിനാണ് ഭർത്താവ് മുൻഗണന നൽകിയതെന്നതിൽ അഭിമാനമുണ്ടെന്ന് ശാന്തി ദേവി പറഞ്ഞു. അൽമോറയിലെ ദ്വാരഹത്ത് നിവാസിയായ ഹർബോള 1975ലാണ് സൈന്യത്തിൽ ചേർന്നത്. അതേസമയം, സിയാച്ചിനിൽ മറ്റൊരു സൈനികന്റെ മൃതദേഹം കൂടി കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് ആരുടേതാണെന്നും തിരിച്ചറിഞ്ഞിട്ടില്ല.

English Summary: Soldier's Body Found 38 Years After He Went Missing In Siachen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com