ADVERTISEMENT

ന്യൂഡൽഹി ∙ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ഇന്ത്യ ആഘോഷിച്ച വേളയിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ ആദ്യ ടെലിവിഷൻ അഭിമുഖം പുറത്തുവിട്ട് ബ്രിട്ടിഷ് മാധ്യമമായ ബിബിസി. 1953 ജൂണിൽ വാർത്താസമ്മേളനത്തിന്റെ ഭാഗമായി, നെഹ്റുവുമായി ന്യൂ സ്റ്റേറ്റ്സ്മെൻ ആൻഡ് നേഷൻ എഡിറ്റർ കിങ്‌സ്‌ലി മാർട്ടിൻ നടത്തിയ അഭിമുഖമാണു ബിബിസി ആർക്കൈവ് അവരുടെ ട്വിറ്ററിൽ പങ്കുവച്ചത്.

തനിക്ക് ടെലിവിഷനെപ്പറ്റി വളരെ കുറച്ച് മാത്രമേ അറിയൂ എന്നും ഇതേപ്പറ്റി കേട്ടിട്ടേയുള്ളൂവെന്നും ആദ്യമായാണ് ഇങ്ങനെയിരിക്കുന്നതെന്നും അഭിമുഖത്തിൽ നെഹ്റു പറയുന്നു. ഏറെക്കാലം അടക്കി ഭരിച്ചിട്ടും എന്തുകൊണ്ട് ഇന്ത്യ ബ്രിട്ടനെ വെറുക്കുന്നില്ലെന്ന ചോദ്യത്തിനും നെഹ്റു ഉത്തരം നൽകുന്നുണ്ട്. ‘‘ഞങ്ങൾ ഏറെക്കാലം വെറുപ്പ് സൂക്ഷിക്കുന്നവരല്ല. അല്ലെങ്കിൽ കഠിനമായി വെറുക്കുന്നവരല്ല. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഗാന്ധിജി പകർന്നുതന്ന പശ്ചാത്തലമാണ് കാരണം’’– വലതു കവിളിൽ വലം കൈപ്പത്തി ചുരുട്ടിച്ചേർത്ത് പുഞ്ചിരിയോടെ നെഹ്റു പറയുന്നു.

‘‘കുറച്ചുകാലം ജയിലിൽ കിടക്കുന്നത് നല്ലതാണ്. കഴിഞ്ഞ വർഷങ്ങളിൽ രാഷ്ട്രീയമായി ഞങ്ങൾ പുരോഗമിച്ചു. രാജ്യത്തിന്റെ അഖണ്ഡത വർധിച്ചു. തിരഞ്ഞെടുപ്പുകൾ ഫലപ്രദമായി നടത്തി. രാജ്യഭരണങ്ങൾ അവസാനിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തികമാണ് ഇപ്പോഴത്തെ പ്രശ്നം. അത്തരത്തിലുള്ള വളർച്ച ഇനിയും വേഗത്തിലാവേണ്ടതുണ്ട്’’ – നെഹ്റു കൂട്ടിച്ചേർത്തു. 26,500 ലൈക്കും 10,200 റീട്വീറ്റുകളും ലഭിച്ച വിഡിയോട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ജനാധിപത്യത്തിന്റെ പൊതു ആദർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനും നെഹ്റുവിന്റെ മറുപടി വ്യത്യസ്തമായിരുന്നു. ‘‘യൂറോപ്പിലെയും അമേരിക്കയിലെയും രാഷ്ട്രതന്ത്രജ്ഞർക്കു യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നും ലോകത്തെ നോക്കിക്കാണുന്ന പ്രവണതയുണ്ട്. നമ്മൾ ഒരേ തത്വങ്ങളോടെ, ഒരേ ലോകത്തെ നോക്കുകയാണെങ്കിൽ, ഡൽഹിയോ കറാച്ചിയോ ആകട്ടെ, ലോകം അൽപം വ്യത്യസ്തമായി കാണപ്പെടും. ഭൂമിശാസ്ത്രം വച്ചു നോക്കിയാൽ, യൂറോപ്പിലെയും അമേരിക്കയിലെയും ഭൂരിഭാഗം ആളുകൾക്കും ചൈന വിദൂര രാജ്യമാണ്. പക്ഷേ, ഇന്ത്യയുമായി 2,000 മൈൽ അതിർത്തിയുള്ള രാജ്യമാണ് ചൈന’’– നെഹ്റു ചൂണ്ടിക്കാട്ടി.

English Summary: BBC Archive shares first television interview of Jawaharlal Nehru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com