ADVERTISEMENT

പട്ന ∙ ബിജെപി സഖ്യം അവസാനിപ്പിച്ച് ആർജെഡി – കോൺഗ്രസ് സഖ്യത്തിനൊപ്പം പുതിയ സർക്കാർ രൂപീകരിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു തിരിച്ചടിയായി അസംതൃപ്തരായ എംഎൽഎമാരുടെ നിസഹകരണം. മന്ത്രിസഭാ വികസനത്തിൽ അവസരം ലഭിക്കാതിരുന്ന അഞ്ച് എംഎൽഎമാർ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചതാണ് നിതീഷ് കുമാറിനു തലവേദനയായത്. മന്ത്രിസഭയിൽ അംഗത്വം ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി.

പർബത്ത എംഎൽഎ സഞ്ജീവ് കുമാർ, റുന്നിസയ്ദ്പുർ എംഎൽഎ പങ്കജ് കുമാർ മിശ്ര, ബാർബിഗ എംഎൽഎ സുദർശൻ കുമാർ, മട്ടിഹനി എംഎൽഎ രാജ്കുമാർ സിങ്, കേസരിയ എംഎൽഎ ശാലിനി മിശ്ര എന്നിവരാണ് രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചത്. അതൃപ്തി പരസ്യമാക്കിയ അഞ്ച് എംഎൽഎമാരും ഭൂമിഹാർ വിഭാഗക്കാരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

31 പുതിയ മന്ത്രിമാരുമായാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാർ മന്ത്രിസഭ വിപുലീകരിച്ചത്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ആർജെ‍ഡിക്ക് കൂടുതൽ മന്ത്രിസ്ഥാനങ്ങൾ നൽകി. മുഖ്യമന്ത്രി നിതീഷ് കുമാറിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യവകുപ്പും ലഭിച്ചു. ആർജ‍െഡ‍ിക്ക് മൊത്തം 16 മന്ത്രിമാരും ജെ‍ഡിയുവിന് 11 പേരുമാണ് ഉള്ളത്.

മന്ത്രിസഭയിൽ കോൺഗ്രസിനു രണ്ടും മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ ആവാസ് മോർച്ചയ്ക്ക് ഒരാളും അംഗമായുണ്ട്. ഒരു സ്വതന്ത്ര എംഎൽഎയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചു. ഗവർണർ ഫാഗു ചൗഹാൻ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

English Summary: 5 'unhappy' JD(U) MLAs skip Bihar cabinet expansion ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com