തിരുവല്ല∙ ഒാക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചു തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കു കോൺഗ്രസ് മാർച്ച് നടത്തി. പൊലീസ് തടഞ്ഞെങ്കിലും പൊലീസിനെ മറികടന്ന് പ്രവർത്തകർ ആശുപത്രിയിലേക്കു ഇരച്ചു കയറി. പ്രവർത്തകർ ആശുപത്രിക്കു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. മന്ത്രി വീണാ ജോർജിന്റെ ഫ്ലെക്സിൽ കരി ഒായിൽ ഒഴിച്ചു. ബിജെപി പ്രവർത്തകരും സമരം നടത്തി.

ഞായറാഴ്ച രാത്രി തിരുവല്ല താലൂക്ക് ആശുപത്രിയില്‍നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും വഴിയാണ് തിരുവല്ല പടിഞ്ഞാറെ വെൺപാല ഇരുപത്തിരണ്ടിൽ രാജന്‍(67) ഓക്സിജൻ കിട്ടാതെ മരിച്ചത്. താലൂക്ക് ആശുപത്രിയിലെ കാഷ്വൽറ്റിയില്‍ വച്ച് ഘടിപ്പിച്ച ഓക്സിജന്‍ സിലിണ്ടര്‍ ഇടയ്ക്കുവച്ച് മാറ്റി ആംബുലന്‍സ് ഡ്രൈവര്‍ മറ്റൊരു സിലിണ്ടര്‍ ഘടിപ്പിച്ചെന്ന് രാജന്റെ മകന്‍ ഗിരീഷ് പറഞ്ഞു. മൂന്നു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ത്തന്നെ ശ്വാസതടസ്സം വര്‍ധിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ അനുവദിച്ചില്ലെന്ന് ഗിരീഷ് ആരോപിച്ചു.

English Summary: Congress Protest in hospital at Thiruvalla over patient's death