ADVERTISEMENT

പാലക്കാട് ∙ സിപിഎമ്മിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് പാലക്കാട്‌ മരുതറോഡില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്ന് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ. പാർട്ടിക്കുള്ളിൽ അധികാരം പിടിക്കാനുള്ള വടംവലിയാണ് ഇപ്പോൾ നടക്കുന്നത്. പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ഗുണ്ടകളാണ്. ക്രിമിനൽ സംഘാംഗങ്ങളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ പരിശോധിച്ചാൽ അതിലെ പ്രൊഫൈൽ പിക്ചർ സിപിഎമ്മിന്റെ പതാകയോ മുഖ്യമന്ത്രിയുടെ ചിത്രമോ ആയിരിക്കുമെന്നും ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.

‘‘പാലക്കാട് ജില്ലയിലെ ക്രമസമാധാനം പൂർണമായും തകർന്ന അവസ്ഥയിലാണ്. ഏതാനും ആഴ്ചകളായി ഗുണ്ടാവിളയാട്ടമാണ് ഇവിടെ നടക്കുന്നത്. പൊലീസ് നിഷ്ക്രിയമാണ്. ഷാജഹാന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് പരസ്യമായി സംഘർഷം ഉണ്ടായതായി നാട്ടുകാർ പറയുന്നു. പൊലീസ് ഇതൊന്നും അറിഞ്ഞിട്ടില്ല. ഇതിനു കാരണമുണ്ട്. ഈ ഗുണ്ടാസംഘങ്ങളെയൊക്കെ സംരക്ഷിക്കുന്നത് പ്രധാനമായും ഇവിടം ഭരിക്കുന്ന സിപിഎമ്മാണ്. ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ആഭ്യന്തര വകുപ്പിന് ഒഴിഞ്ഞു മാറാൻ കഴിയില്ല’’ – ശ്രീകണ്ഠൻ പറഞ്ഞു.

‘‘ഈ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളുടെയൊക്കെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഒന്നു പരിശോധിക്കണം. അവിടെ നിറഞ്ഞിരിക്കുന്നത് സിപിഎമ്മിന്റെ കൊടിയും മുഖ്യമന്ത്രിയുടെ ചിത്രവുമാണ്. കേരളത്തിലെല്ലായിടത്തും ക്രിമിനൽ സംഘങ്ങൾ അവരുടെ പ്രൊഫൈൽ പിക്ചറായി വയ്ക്കുന്നത് മുഖ്യമന്ത്രിയുടെ ചിത്രമാണ്. അക്കാര്യത്തിൽ പാലക്കാട് ജില്ലയും വ്യത്യസ്തമല്ലെന്നു മാത്രം.’’

‘‘ഷാജഹാനെ കൊലപ്പെടുത്തിയെന്നു പറയുന്നവർ സിപിഎമ്മിന്റെ ആളുകളായിരുന്നു. പിന്നീട് അവർ പാർട്ടി മാറിയോ ഇല്ലയോ എന്നു നമുക്കറിയില്ല. മാറിയെന്ന കാര്യത്തിൽ പരസ്യമായി ഒരു വിവരവുമില്ല. മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിച്ചതായി അറിയില്ല. ഇവരുടെ പശ്ചാത്തലം എല്ലാവർക്കും അറിയാം. ക്രിമിനൽ പശ്ചാത്തലമാണ്. ജയിലിൽ കിടന്നിട്ടുണ്ട്. കൊലക്കേസിൽ പ്രതികളാണ്. ജയിലിൽനിന്നു പുറത്തിറങ്ങിയവരാണ്. മാഫിയാബന്ധങ്ങളുണ്ടെന്ന് സിപിഎമ്മുകാർ തന്നെ ഈ സംഭവത്തിനു ശേഷം സമ്മതിക്കുന്നുണ്ട്’’ – ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി.

‘‘പാർട്ടിക്കുള്ളിലെ ആഭ്യന്തരകലാപത്തിന്റെ ബാക്കിപത്രമായാണ് ഷാജഹാന്റെ കൊലപാതകത്തെ ഞങ്ങൾ വിലയിരുത്തുന്നത്. കാരണം ഇത്തവണ സിപിഎമ്മിന്റെ ലോക്കൽ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലുമെല്ലാം പരസ്യമായ യുദ്ധമായിരുന്നു. അടിയും കസേരയെടുത്ത് ഏറുമെല്ലാമായി പലയിടത്തും തെരുവുയുദ്ധമായിരുന്നു. പാർട്ടിക്കുള്ളിൽ അധികാരം പിടിക്കാനുള്ള മത്സരം നടക്കുന്നു. അതിൽ ഒരു വിഭാഗം അവരെ സംരക്ഷിക്കുന്നു. മറ്റൊരു വിഭാഗം രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യാൻ വേണ്ടി ഈ ഗുണ്ടകളെ വിനിയോഗിക്കുന്നു. അവർക്ക് എന്തുമാകാം എന്നതാണ് സ്ഥിതി. പാലക്കാട്ടെ പൊലീസ് ഇത്രയേറെ അധഃപതിച്ച ഒരു കാലം ഉണ്ടായിട്ടില്ല. പട്ടാപ്പകൽ ഗുണ്ടാസംഘങ്ങൾ പാലക്കാട് നഗരത്തിൽ അഴിഞ്ഞാടുകയാണ്.’’ – ശ്രീകണ്ഠൻ പറഞ്ഞു.

‘‘ക്രൈംബ്രാഞ്ചും സ്പെഷൽ ബ്രാഞ്ചുമെല്ലാമായി പൊലീസിനുള്ളിൽ നല്ല സംവിധാനങ്ങളുണ്ടെങ്കിലും അതൊന്നും വിനിയോഗിക്കാൻ പാർട്ടി സമ്മതിക്കില്ല. പാർട്ടിയുടെ ആജ്ഞാനുവർത്തികളായ കുറച്ചു പേരെയാണ് അവർക്ക് ആവശ്യം. സാധാരണക്കാരായ ആളുകളുടെ സ്വൈര്യ ജീവിതം തകർന്നതു മാത്രം മിച്ചം. ഏതെങ്കിലും സിപിഎം ക്രിമിനലുകൾ പാർട്ടിയിൽനിന്നു പുറത്തുവന്നാൽ അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കാനിരിക്കുകയാണ് ബിജെപി. ക്രിമിനൽ ‍സംഘങ്ങളെ വളർത്തുന്ന കാര്യത്തിലും ഇരുകൂട്ടരും മത്സരിക്കുകയാണ്.’’ – ശ്രീകണ്ഠൻ പറഞ്ഞു.

English Summary: VK Sreekandan MP Speaks On Palakkad Shajahan Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com