ADVERTISEMENT

ന്യൂഡൽഹി∙ ബഫർസോണ്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകി. ഒരു കിലോമീറ്റർ ബഫർസോൺ വേണമെന്ന ഉത്തരവാണ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറിയാണ് ഹർജി നൽകിയത്. 

പരിസ്ഥിതിലോല പ്രദേശം നിർണയത്തിൽ ഓരോ സ്ഥലത്തെയും ഘടകങ്ങൾ കണക്കിലെടുക്കണം. സുപ്രീംകോടതിയുടെ അനുമതിയോടെ 28,588.159 ഹെക്ടർ ഭൂമിയുടെ പട്ടയം കൈയേറ്റക്കാർക്ക് സംസ്ഥാനം നൽകിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം ഭൂമിയും വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ മുതൽ ചുറ്റളവിലാണ്. പലതും ഇപ്പാൾ ടൗൺ ഷിപ്പുകളാണ്. ഭൂലഭ്യത കുറവുള്ള കേരളത്തിൽ ഇവരെ ഇനി പുനരധിവസിപ്പിക്കാൻ സാധ്യമല്ലെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

സുപ്രീം കോടതി വിധി നടപ്പിലാക്കിയാൽ കൊച്ചി മംഗളവന പക്ഷി സങ്കേത കേന്ദ്രത്തിന് 200 മീറ്റർ മാത്രം അകലെയുള്ള ഹൈക്കോടതിയും ബഫർ സോണിന്റെ പരിധിയിൽ വരുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു.

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുളള ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല (ഇഎസ്‍സെഡ്/ബഫർസോൺ) തീരുമാനിക്കുമ്പോൾ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൊതുസ്ഥാപനങ്ങളും പൂർണമായി ഒഴിവാക്കാൻ ഉചിതമായ നടപടികൾക്കു വനം വകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 27ലെ മന്ത്രിസഭാ യോഗ തീരുമാനത്തെ തുടർന്ന് അഡ്വക്കറ്റ് ജനറലിന്റെയും നിയമ വകുപ്പിന്റെയും അനുമതി വാങ്ങിയ ശേഷമായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.  

ജൂൺ 3നാണ് വന്യജീവി സങ്കേതങ്ങൾക്കും മറ്റും ചുറ്റും ഒരു കിലോമീറ്റർ‍ വീതി‍യിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.

English Summary: Buffer zone: Kerala Government file review petition in SC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com