ADVERTISEMENT

പാലക്കാട് ∙ മരുതറോഡില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ മാധ്യമങ്ങൾക്കു മുൻപിൽ സിപിഎം ബന്ധം പരസ്യമായി ഏറ്റുപറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് എൻ.എൻ.കൃഷ്ണദാസ്. കൊലപാതകത്തിനുശേഷം എന്താണ് പറയേണ്ടതെന്നു വരെ അക്രമികളെ ആർഎസ്എസ് പറഞ്ഞു പഠിപ്പിച്ചിരിക്കുകയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. കൊലക്കത്തിക്കു മൂർച്ച കൂട്ടുമ്പോൾത്തന്നെ കൊലപാതകം പൊതുജനമധ്യത്തിൽ എങ്ങനെ അവതരിപ്പിക്കണമെന്ന വിശദീകരണവും ആർഎസ്എസ് തയാറാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതികൾ സിപിഎമ്മുകാരല്ലെന്നു വ്യക്തമാക്കിയ കൃഷ്ണദാസ്, അവർ പാർട്ടി കുടുംബത്തിൽപ്പെട്ടവരാണെന്നു സമ്മതിച്ചു. ഇങ്ങനെയൊരു അസുരവിത്ത് പാർട്ടി കുടുംബത്തിൽ വന്നു പിറന്നതു തങ്ങളുടെ നിർഭാഗ്യമാണെന്നും കൃഷ്ണദാസ് വ്യക്തമാക്കി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വിശദീകരിക്കുന്നതിൽ കാലതാമസമുണ്ടായതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പ്രതികളെ പൊലീസ് കണ്ടെത്തിക്കഴിയുമ്പോഴല്ലേ അവരുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചു പറയാനാകൂ എന്നായിരുന്നു കൃഷ്ണദാസിന്റെ വിശദീകരണം.

‘‘പ്രതികളാരാണെന്നു നമുക്കെങ്ങനെ പറയാനാകും? അത് പൊലീസല്ലേ കണ്ടെത്തേണ്ടത്? പ്രതികളാരാണെന്നു പൊലീസ് കണ്ടെത്തിയ ശേഷമല്ലേ അവരെക്കുറിച്ചു പറയാനാകൂ? അവരുടെ രാഷ്ട്രീയത്തെക്കുറിച്ചു പറയാനാകൂ. അതുകൊണ്ട് ഞങ്ങൾ കാത്തിരുന്നു. അല്ലാതെ ഒന്നുമില്ല.’’ – കൃഷ്ണദാസ് പറ‍ഞ്ഞു.

∙ കൃഷ്ണദാസിന്റെ വാക്കുകളിലൂടെ

‘‘ഈ വിദ്വാൻ അവിടെ ഗണേശോത്സവത്തിന്റെ ബോർഡ് വയ്ക്കാൻ പോയി. അവിടെനിന്നാണു തർക്കം. അതിന്റെ തലേന്നു ശ്രീകൃഷ്ണ ജയന്തിയുടെ ബോർഡ് വയ്ക്കാൻ പോയി. അതും അനുവദിച്ചില്ല. ഇതിനിടെ രാഖി കെട്ടിവന്നതു ബ്രാഞ്ച് സെക്രട്ടറി ചോദ്യം ചെയ്തു. ചോദ്യം ചെയ്തു എന്നു പറഞ്ഞാൽ, നീയെന്താ രാഖിയൊക്കെ കെട്ടി വന്നത് എന്നു ചോദിച്ചു. ഗണേശോത്സവത്തിനു ബോർഡ് വയ്ക്കാൻ പോകുക, ശ്രീകൃഷ്ണ ജയന്തിക്കു ബോർഡ് വയ്ക്കാൻ പോകുക, രാഖി കെട്ടി വരിക... നിങ്ങൾക്ക് സിപിഎമ്മിനെക്കുറിച്ചുള്ള പൊതുബോധം ഇതാണെങ്കിൽ എനിക്കൊന്നും പറയാനില്ല.

കൊലപാതകം ആസൂത്രണം ചെയ്ത ആർഎസ്എസ്, അതിനുശേഷം മാധ്യമങ്ങൾ ചോദിക്കുമ്പോൾ എന്തൊക്കെയാണു പറയേണ്ടത് എന്നുപോലും കൃത്യമായി പഠിപ്പിച്ചു വിട്ടിരിക്കുകയാണ്. ഇതിൽക്കൂടുതൽ എന്തു പറയാൻ? ഈ കൊലയാളികൾക്കു സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല. സിപിഎം ബന്ധമുള്ളവർ ബ്രാഞ്ച് സെക്രട്ടറിയെ കൊല്ലുമോ? സിപിഎമ്മുമായി ബന്ധമുള്ളയാൾ ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും ബോർഡ് വയ്ക്കാൻ പോകുമോ? സിപിഎമ്മുമായി ബന്ധമുള്ളയാൾ രാഖി കെട്ടി നടക്കുമോ?

എല്ലാ കൊലപാതകങ്ങൾക്കും ശേഷം ആ സംഭവം എങ്ങനെയാണ് മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിനു മുൻപിൽ അവതരിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച് അവർ കൃത്യമായ പദ്ധതി തയാറാക്കും. അതായത് ആയുധങ്ങൾക്കു മൂർച്ച കൂട്ടുമ്പോൾത്തന്നെ അതിന്റെ വിശദീകരണം കൂടി തയാറാക്കും. അത് കൊലയാളികളെ പഠിപ്പിച്ചു വിടും.

അവർ സിപിഎമ്മുകാരല്ല. പക്ഷേ, പാർട്ടി കുടുംബത്തിൽപ്പെട്ടവരാണ് എന്ന വാദം ഞാൻ അംഗീകരിക്കുന്നു. അവരുടെ രക്ഷിതാക്കൾ ഉൾപ്പെടെ ആ പ്രദേശത്ത് സിപിഎമ്മുകാരല്ലാതെ മറ്റാരുമില്ല. ഇങ്ങനെയൊരു അസുരവിത്ത് ഞങ്ങളുടെ പാർട്ടി കുടുംബത്തിൽ വന്നു പിറന്നു എന്നത് ഞങ്ങളുടെ നിർഭാഗ്യമായി കാണുന്നു. പാർട്ടിയോടൊപ്പം നിൽക്കുന്ന ഒരു കുടുംബത്തിൽ ഇങ്ങനെയൊരു സാമൂഹ്യദ്രോഹി, അസുരവിത്ത് പിറന്നത് ഞങ്ങളുടെ നിർഭാഗ്യമാണ്.’’

English Summary: CPM Leader NN Krishnadas On Palakkad Shajahan Murder Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com