ADVERTISEMENT

കൊച്ചി ∙ കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതല്‍ പേര്‍ക്കു പങ്കുള്ളതായി സൂചന. കൊലപാതകം നടന്ന മുറി തുടച്ച് വൃത്തിയാക്കിയിരുന്നു. മുറി വൃത്തിയാക്കാനും മൃതദേഹം പൊതിഞ്ഞുകെട്ടി ഒളിപ്പിക്കാനും ഒരാൾക്കു സാധിക്കുമോയെന്നാണ് പൊലീസിനു സംശയം. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ സുഹൃത്തുക്കളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. സജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തുവച്ച് പൊലീസ് പിടികൂടിയ കോലിക്കോട് പയ്യോളി സ്വദേശി അർഷാദിനെ ചോദ്യം ചെയ്തെങ്കിലേ കൂടുതൽ വിവരം ലഭിക്കൂവെന്ന് പൊലീസ് പറയുന്നു.

അതേസമയം, അർഷാദിന്റെ പക്കൽനിന്ന് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് കൊണ്ടുപോയതാണെന്ന് സംശയമുണ്ട്. അർഷാദിനെയും ഒപ്പം പിടിയിലായ സുഹൃത്ത് അശ്വന്തിനെയും ഇന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്ന് കൈവശം വച്ചതിന് ഇരുവരെയും മഞ്ചേശ്വരം പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.

പ്രതികളെ റിമാൻഡ് ചെയ്തശേഷം കൊച്ചിയിൽ നിന്നുള്ള അന്വേഷണസംഘം ജയിലിലെത്തി കൊലപാതക കുറ്റത്തിൽ അർഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം കർണാടകയിലേക്കു കടക്കാൻ ശ്രമിക്കുമ്പോഴാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് അർഷാദും സുഹൃത്തും പിടിയിലാകുന്നത്. ഇവരുടെ ബാഗിൽ‌ 1.56 കിലോഗ്രാം കഞ്ചാവ്, 5.2 ഗ്രാം എംഡിഎംഎ, 104 ഗ്രാം ഹഷീഷ് എന്നിവയാണ് കണ്ടെത്തിയത്.

മലപ്പുറം വണ്ടൂർ അമ്പലപ്പടി സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി പൊതിഞ്ഞുകെട്ടി ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നു പോകുന്ന ഡക്ടിൽ തള്ളിക്കയറ്റിയെന്നാണ് കേസ്. സജീവിന്റെ തലയിലും നെഞ്ചിലും കഴുത്തിലുമുള്ള ആഴമുള്ള മുറിവുകളാണു മരണത്തിനു കാരണമായതെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക സൂചന. മുപ്പതോളം മുറിവുകൾ ദേഹത്തുണ്ടായിരുന്നു. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ടുള്ള മുറിവുകളാണെന്നാണു കരുതുന്നത്. സജീവ് കൃഷ്ണന്റെ മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ചരയോടെ വണ്ടൂർ അമ്പലപ്പടിയിലെ വീട്ടിലെത്തിച്ചു സംസ്കരിച്ചു.

English Summary: Kakkanad Flat Murder - Follow Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com