ADVERTISEMENT

ന്യൂഡൽഹി∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കുറ്റപത്രത്തിൽ പേരുവന്ന ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് തട്ടിപ്പുകാരൻ സുകാഷ് ചന്ദ്രശേഖറിൽനിന്ന് ആഡംബര സമ്മാനങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകൾ. ഡിസൈനർ ബാഗുകളും കാറും രത്നങ്ങളുമാണ് ഇങ്ങനെ ലഭിച്ചതെന്ന് ജാക്വിലിന്റെ മൊഴിയിലൂടെ പുറത്തുവന്നിരുന്നു. കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്.

സുകാഷ് ചന്ദ്രശേഖർ 200 കോടി തട്ടിച്ചതുമായി ബന്ധപ്പെട്ട കേസിനോട് അനുബന്ധിച്ച് സമർപ്പിച്ച മറ്റൊരു കുറ്റപത്രത്തിലാണ് നടിയുടെ പേരുവന്നത്. കഴിഞ്ഞ ഒക്ടോബറിൽ സുകാഷുമായി ഇരുത്തി ജാക്വിലിനെ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വിവരങ്ങൾ പുറത്തുവന്നപ്പോൾ പത്താമത്തെ ചോദ്യത്തിനുള്ള മറുപടിയായാണ് തനിക്ക് എന്തൊക്കെ സമ്മാനങ്ങളാണ് സുകാഷ് നൽകിയതെന്ന് ജാക്വിലിൻ വെളിപ്പെടുത്തിയത്.

ചോദ്യം: നിങ്ങൾ ഇരുവരും തമ്മിൽ എന്തെങ്കിലും ആഢംബര സമ്മാനങ്ങൾ കൈമാറിയിട്ടുണ്ടോ?

ഉത്തരം: ഗൂചി, ഷുനെൽ, ഈവ് സാൻ ലോറോൺ, ഡിയോ എന്നിവയുടെ നാലു ബാഗുകൾ; ലൂയി വ്യൂട്ടോൺ, ലൂബുട്ടൺ എന്നിവയിൽനിന്നുള്ള മൂന്ന് ഷൂസുകൾ; ഗൂചിയിൽനിന്നുള്ള രണ്ട് വസ്ത്രങ്ങൾ, നാലു പൂച്ചകൾ, പെർഫ്യൂമുകൾ, മിനി കൂപ്പർ കാർ, രണ്ട് രത്നക്കമ്മലുകൾ, വിവിധനിറങ്ങളിലെ രത്നങ്ങൾ പിടിപ്പിച്ച ബ്രേസ്‌ലെറ്റ് എന്നിവ ലഭിച്ചിരുന്നു.

അതേസമയം, ഈ ചോദ്യത്തോട് തനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ലെന്ന മറുപടിയാണ് സുകാഷ് നൽകിയത്. വിശദമായ ചോദ്യം ചെയ്യലിൽ ജാക്വിലിന് സമ്മാനങ്ങൾ നൽകിയെന്ന സുകാഷിന്റെ നേരത്തെ നൽകിയ മൊഴി ഇ‍ഡി ഉദ്യോഗസ്ഥർ ഓർമിപ്പിച്ചെങ്കിലും ഓർത്തെടുക്കാൻ കഴിയുന്നില്ലെന്ന നിലപാടാണ് ഇയാൾ സ്വീകരിച്ചത്.

ജാക്വിലിന്റെ മൊഴിയിൽ പറഞ്ഞിട്ടുള്ള സമ്മാനങ്ങളെല്ലാം ആഡംബര ബ്രാൻഡ‍ുകളുടേതാണ്. ഗൂചിയുടെ ഏറ്റവും വില കുറഞ്ഞ ബാഗിന് ഇന്ത്യയിൽ 55,000 രൂപയ്ക്കു മുകളിൽ വില വരും. പല പ്രമുഖരുടെയും കൈവശമിരിക്കുന്ന ബാഗുകൾക്ക് ലക്ഷങ്ങളാണ് വില വരുന്നത്. 40 ലക്ഷം മുതലാണ് മിനി കൂപ്പർ കാറുകളുടെ വില തുടങ്ങുന്നത്. 10 കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് ജാക്വിലിന് ലഭിച്ചതെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. ഇതിൽ 52 ലക്ഷത്തിന്റെ ഒരു കുതിരയും 9 ലക്ഷത്തിന്റെ പേർഷ്യൻ പൂച്ചയും ഉൾപ്പെടും.

ചെന്നൈയിൽ വച്ച് രണ്ടുതവണ മാത്രമേ പരസ്പരം കണ്ടിട്ടുള്ളൂവെന്നാണ് ഇരുവരും പറയുന്നത്. ആറു മാസത്തോളം ടെലിഫോണിലൂടെയായിരുന്നു സംസാരം. 2021 ഫെബ്രുവരി മുതൽ 2021 ഓഗസ്റ്റ് വരെ മാത്രമേ തങ്ങൾ ഫോണിൽ സംസാരിച്ചിട്ടുള്ളെന്ന് ജാക്വിലിൻ പറയുമ്പോൾ സുകാഷിന്റെ മൊഴിയിൽ അത് 2021 ജനുവരി അവസാനം മുതൽ 2021 ഓഗസ്റ്റ് വരെയാണ്.

English Summary: Mini Cooper, Diamonds, Gucci Bag: Conman's Gifts To Jacqueline Fernandez

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com