ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണൂർ സർവകലാശാലയിലെ നിയമന വിഷയത്തിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്വേഷണത്തിനു നിർദേശം നൽകിയേക്കും. സർക്കാരിന്റെയും വിസിയുടെയും തുടർനീക്കങ്ങൾ പരിശോധിച്ച ശേഷമായിരിക്കും നടപടി. ചാൻസലറായ ഗവർണർക്കെതിരെ അദ്ദേഹത്തിനു കീഴിലുള്ള സർവകലാശാല സിൻഡിക്കറ്റ് ഹൈക്കോടതിയിൽ കേസിനു പോകാൻ തീരുമാനമെടുത്തത് അത്യപൂർവ സംഭവമായി. കേസ് നൽകിയിരുന്നെങ്കിൽ വിസിക്കെതിരെ ശക്തമായ നടപടി ഗവർണർ സ്വീകരിക്കുമായിരുന്നു.

കേസ് നൽകാനുള്ള തീരുമാനത്തിൽനിന്ന് സർവകലാശാല പിന്നോട്ടു പോയതോടെ ഗവർണറും നടപടി നീട്ടി. സർവകലാശാല നിയമം അനുസരിച്ച് വിസിക്കെതിരെയും പ്രോ വിസിക്കെതിരെയും ഗവർണർക്ക് അന്വേഷണം നടത്താനാകും. ഹൈക്കോടതി ജഡ്ജിയെയോ സുപ്രീംകോടതി ജഡ്ജിയെയോ അന്വേഷണത്തിനായി നിയോഗിക്കാം. അന്വേഷണത്തിൽ തെറ്റായ പ്രവർത്തനമോ ഫണ്ടുകളുടെ ദുർവിനിയോഗമോ കണ്ടെത്തിയാൽ വിസിയെ സ്ഥാനത്തുനിന്ന് മാറ്റാനാകും. ഷീലാ ദീക്ഷിത് ഗവർണറായിരുന്നപ്പോൾ, തെറ്റായ നടപടികളുടെ പേരിൽ എംജി സർവകലാശാല വിസിയെ മാറ്റിയിരുന്നു. ഗവർണർ അത്തരം കടുത്ത നടപടികളിലേക്കു കടക്കുമോയെന്നാണ് കാണേണ്ടത്.

Gopinath Ravindran | File Photo: SAMEER A HAMEED
ഗോപിനാഥ് രവീന്ദ്രന്‍ (File Photo: SAMEER A HAMEED)

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ ഒന്നാം റാങ്ക് നൽകിയതിൽ പ്രഥമ ദൃഷ്ട്യാ സ്വജനപക്ഷപാതം ഉള്ളതായാണ് ഗവർണറുടെ നിലപാട്. പ്രിയയുടെ നിയമനം സംബന്ധിച്ച് ഗവർണർ റിപ്പോർട്ട് തേടിയപ്പോൾ, പ്രിയ ഈ തസ്തികയിലേക്ക് യോഗ്യയാണോ എന്ന് നിയമോപദേശം തേടിയിരുന്നതായാണ് വിസി പറഞ്ഞത്. നിരവധി പേർ അപേക്ഷിച്ച തസ്തികയിൽ ഒരാളുടെ യോഗ്യത സംബന്ധിച്ചു മാത്രം നിയമോപദേശം തേടുന്നത് പ്രത്യേക താൽപര്യം കൊണ്ടാണെന്ന വിലയിരുത്തലാണ് രാജ്ഭവന്.

കണ്ണൂർ സർവകലാശാലയിലെ 72 പഠന ബോർഡുകളിലെ അംഗങ്ങളെ അനുമതിയില്ലാതെ നിയമിച്ചതും ഗവർണറെ ചൊടിപ്പിച്ചു. പട്ടികയ്ക്ക് അംഗീകാരം നൽകാൻ ഗവർണർ തയാറായില്ല. ചാൻസലറായ ഗവർണർക്കെതിരെ കോടതിയെ സമീപിക്കാനുള്ള സിൻഡിക്കറ്റ് തീരുമാനം അതിശയിപ്പിക്കുന്നതായി. ഉയർന്ന അധികാരിയായ ഗവർണർക്കെതിരെ കേസിനു പോകാൻ വിസിക്കു നിയമപരമായി കഴിയില്ല. സര്‍വകലാശാല റജിസ്ട്രാറാണ് കേസ് നൽകേണ്ടത്. റജിസ്ട്രാർ കേസ് നൽകിയാൽ അദ്ദേഹത്തിനെതിരെയും ഗവർണർക്ക് നടപടിയെടുക്കാം. പ്രിയ വർഗീസിന്റെ നിയമന നടപടികൾ മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിച്ചാൽ ബന്ധപ്പെട്ട അധികാരിയായ ഗവർണറെ സമീപിക്കാനാകും കോടതി നിർദേശിക്കുക. ഇക്കാര്യം തിരിച്ചറിഞ്ഞാണ് കോടതി നടപടികളിൽനിന്ന് അധികൃതർ പിന്നോട്ടു പോയത്.

അസാധുവായ 11 ഓർഡിനൻസുകൾ ബില്ലായി അവതരിപ്പിക്കാനാണ് 22ന് നിയമസഭ സമ്മേളിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടത് ലോകായുക്ത ഭേദഗതി ബില്ലാണ്. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ബില്ലാണ് മറ്റൊന്ന്. ഈ ബിൽ വരുന്നതിനു മുൻപുതന്നെ കേരള സർവകലാശാല വിസിയുടെ നിയമന നടപടികൾ ഗവർണർ ആരംഭിച്ചിട്ടുണ്ട്. ലോകായുക്ത ഭേഗഗതി ബിൽ ഗവർണർ ഒപ്പിടാൻ സാധ്യതയില്ല. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ലോകായുക്തയുടെ പഴയ നിയമം നിലനിൽക്കും. ദുരിതാശ്വാസ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പരാതിയിൽ സർക്കാരിനെതിരെ ലോകായുക്ത പരാമർശം ഉണ്ടായാൽ തിരിച്ചടിയാകും.

ബിൽ മുന്നിലെത്തിയാൽ മൂന്നു വഴികളാണ് ഗവർണർക്കുള്ളത്. അനുമതി നൽകാം, നിഷേധിക്കാം, രാഷ്ട്രപതിക്ക് അയയ്ക്കാം. ബില്ലിൽ പൊരുത്തക്കേടുകൾ തോന്നിയാൽ ഭരണഘടനയുടെ 201–ാം അനുച്ഛേദം അനുസരിച്ചാണ് ബിൽ രാഷ്ട്രപതിക്ക് അയയ്ക്കുന്നത്. വിവാദമായ ചില ബില്ലുകൾ നേരത്തേയും രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്. ബിൽ തിരിച്ചയയ്ക്കാതെ പിടിച്ചു വയ്ക്കാനും ഗവർണർക്കാകും. ബിൽ അനുമതി നൽകാതെ തിരിച്ചയച്ചാൽ ആറുമാസത്തിനകം നിയമസഭ ചേർന്ന് വീണ്ടും അംഗീകാരത്തിനായി അയച്ചാൽ ഗവർണർക്ക് ഒപ്പിടേണ്ടിവരും.

English Summary: Governor may order an inquiry against Gopinath Ravindran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com