ADVERTISEMENT

സീതത്തോട് (പത്തനംതിട്ട) ∙ കോന്നി ആനക്കൂട്ടിലെ കണ്ണിലുണ്ണിയായ കൊച്ചയ്യപ്പൻ വനംവകുപ്പിനു സ്വന്തമായിട്ട് വെള്ളിയാഴ്ച ഒരു വർഷം തികഞ്ഞു. കുട്ടിക്കൊമ്പന്റെ കുറുമ്പ് കാണാൻ ആനക്കൂട്ടിൽ വിനോദസഞ്ചാരികളുടെ തിരക്കാണ്. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ ഗൂഡ്രിക്കൽ റേഞ്ചിലെ കിളിയെറിഞ്ഞാൻകല്ല് ജനവാസമേഖലയിൽനിന്ന് 2021 ഓഗസ്റ്റ് 19നാണ് വനപാലകർക്ക് ലക്ഷണമൊത്ത കുട്ടിക്കൊമ്പനെ കിട്ടുന്നത്.

കനത്ത മഴയിൽ വേലുത്തോട്ടിൽനിന്ന് കൂട്ടം തെറ്റി കക്കാട്ടാറിന്റെ തീരത്തുകൂടി കുട്ടിക്കൊമ്പൻ കിളിയെറിഞ്ഞാൻകല്ലിൽ പ്രദേശത്ത് രാവിലെ പ്രത്യക്ഷപ്പെടുകയായിരുന്നു. ആൾക്കൂട്ടം കണ്ട കുട്ടിയാന ആദ്യം കുറെ പരിഭ്രമിച്ചെങ്കിലും പെട്ടെന്നു ജനങ്ങളുമായി അടുത്തു. പിന്നീടുള്ള മണിക്കൂറുകൾ കുറുമ്പുകാട്ടി വെള്ളച്ചാട്ടത്തിൽ കുളിച്ചും ആളുകൾക്കൊപ്പം ഓടിച്ചാടിയും രസകരമാക്കി.

kochayyappan-konni-elephant-reserve-20
കോന്നി ആനക്കൂട്ടിൽ പരിചാരകരായ ആനപാപ്പാൻമാർക്ക് ഒപ്പം കൊച്ചയ്യപ്പൻ.

മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയാനയെ ആനക്കൂട്ടത്തിനൊപ്പം വിടാൻ വനം വകുപ്പ് ഉച്ചയോടെ തീരുമാനിച്ചു. തുടർന്ന് വേലുത്തോടിനു സമീപം ഉൾവനത്തിൽ കാട്ടുതടിയിൽ പ്രത്യേക കൂട് ഒരുക്കി ഇതിലേക്കു സന്ധ്യയോടെ കുട്ടിയാനയെ മാറ്റി. രാത്രി ദൂരെ മാറി വനപാലകർ കാവൽ നിന്നു. രാത്രി ആനക്കൂട്ടം എത്തി കൂട് തകർത്ത് കുട്ടിയാനയുമായി കാടുകയറുമെന്നായിരുന്നു വനപാലകരുടെ കണക്കുകൂട്ടൽ.

ആനക്കൂട്ടത്തെ പ്രതീക്ഷിച്ച് രാവെളുക്കുവോളം വനപാലകർ കാത്തുനിന്നു. കാട്ടാനകൾ കൂടിനു സമീപ‌ത്ത് എത്തിയെങ്കിലും കുട്ടിയാനയെ കൂടെക്കൂട്ടാൻ തയാറായില്ല. ഇതിനെ തുടർന്ന് കുട്ടിയാനയുമായി വനപാലകർ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കു മടങ്ങി. സ്റ്റേഷനിൽ കുട്ടിയാനയ്ക്ക് ഊഷ്മളമായ വരവേൽപായിരുന്നു. താമസിക്കാൻ സ്റ്റേഷനു മുന്നിൽ പ്രത്യേക കൂട് ഒരുക്കി ആവശ്യമായ എല്ലാ സൗകര്യങ്ങളും വനപാലകർ ക്രമീകരിച്ചു. വെറ്ററിനറി ഡോക്ടർ അടക്കമുള്ളവരുടെ സേവനത്തിലൂടെ കുട്ടിയാന ആരോഗ്യം വീണ്ടെടുത്തു.

കൊച്ചുകോയിക്കൽ സ്റ്റേഷനിലെ താൽക്കാലിക കൂട്ടിലെ വാസം 21ാം ദിവസം അവസാനിപ്പിച്ച് 2021സെപ്റ്റംബർ 9ന് വെളുപ്പിനെ കോന്നി ആനക്കൂട്ടിലേക്കു മാറ്റി. ആനക്കൂട്ടിലെ ആറ് ആനകൾക്കൊപ്പമാണ് കൊച്ചയ്യപ്പന്റെ വാസം. കുട്ടിക്കൊമ്പനെ കാണാനും വിശേഷങ്ങൾ അറിയാനും കൊച്ചുകോയിക്കൽ സ്റ്റേഷനിൽനിന്ന് വനപാലകരും ആദ്യകാല പരിചാരകരും ഇടയ്‌ക്കിടെ ആനക്കൂട് സന്ദർശിക്കാറുണ്ട്.

English Summary: Kochayyappan the elephant calf at Konni Elephant Reserve completes an year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com