ADVERTISEMENT

ഭോപാൽ∙ ജൂലൈ 28 ന് കൊല്ലപ്പെട്ട പതിനേഴുകാരിയുടെ കൊലയാളിയെ കണ്ടെത്താൻ പൊലീസ് ആൾദൈവത്തിന്റെ സഹായം തേടിയതോടെ മധ്യപ്രദേശിൽ രാഷ്ട്രീയ വിവാദം. യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ ആൾദൈവത്തിന്റെ കാല്‍ചുവട്ടിലിരുന്നു സഹായം തേടുന്ന വിഡിയോ വൈറലായതോടെ മുഖം രക്ഷിക്കാൻ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സ‌സ്‌പെൻഡ് ചെയ്യാനും സംഭവത്തിൽ അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടു. ഛത്തർപുർ ജില്ലയിലെ ബമിത പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള എഎസ്ഐ അശോക് ശർമയാണ് വിവാദത്തിൽ പെട്ടത്. സഹായം തേടി സ്വയം പ്രഖ്യാപിത ആൾദൈവം  പണ്ഡോഖർ സർക്കാർ മഹാരാജിന്റെ ആശ്രമത്തിലാണ് പൊലീസ് എത്തിയത്. 

രണ്ട് മിനിറ്റും 50 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോയിൽ യൂണിഫോമിലുള്ള എഎസ്ഐ ആൾദൈവത്തിന്‍റെ കാല്‍ചുവട്ടിലിരുന്ന് കേസിന്‍റെ വിവരങ്ങൾ കൈമാറുന്നതും നൂറു കണക്കിന് ആൾക്കാരെ സാക്ഷിയാക്കി സഹായം അഭ്യർഥിക്കുന്നതും വ്യ‌ക്തമാണ്. പണ്ഡോഖർ സർക്കാർ പൊലീസ് സംശയിക്കുന്നയാളുകളുടെ പേരുകൾ വിളിച്ചു പറയുന്നതും കേൾക്കാം. ഈ ലിസ്റ്റിൽ പെടാത്ത ഒരാളാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നു അശോക് ശർമയോട്  പണ്ഡോഖർ സർക്കാർ പറയുന്നു. 

‘‘ നിങ്ങൾ കുറച്ചധികം ക്രിമിനലുകളുടെ പേരുകൾ പറയുന്നു, എന്നാൽ ഇതിൽപെടാത്ത ഒരാളാണ് യഥാർഥ പ്രതി. ഞാൻ പേര് പരാമർശിക്കാത്ത ആ ഒരാൾ കുറ്റം ചെയ്‌തുവെന്ന് ഞാൻ തറപ്പിച്ചു പറയുന്നില്ല, എന്നാൽ ഈ കേസിൽ നിങ്ങൾക്കു വഴികാട്ടാൻ അയാൾക്കു കഴിയും. ഈ അന്വേഷണം നാലംഗ സംഘത്തിലേക്കു നിങ്ങളെ എത്തിക്കും.’’ പണ്ഡോഖർ സർക്കാർ മഹാരാജ് പറയുന്നു. ആൾദൈവത്തിന്റെ വെളിപ്പെടുത്തലോടെ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത മൂന്നു പേരെ പൊലീസ് വിട്ടയച്ചു. തെളിവുകൾ ഇല്ലെന്നായിരുന്നു വിശദീകരണം. 

ദിവസങ്ങൾക്കു ശേഷം പെൺകുട്ടിയുടെ അമ്മാവൻ തിരത് അഹിർവാളിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിക്ക് പ്രണയബന്ധമുണ്ടെന്നു സംശയിച്ച തിരത് അഹിർവാൾ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ബമിത പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒട്ടപൂർവ ഗ്രാമത്തിലുള്ള പൊട്ടക്കിണറ്റിൽ കൊണ്ടുപോയി ഇട്ടെന്ന് പൊലീസ് പറയുന്നു. പൊലീസ് ക്രൂരമായി മർദിച്ചുവെന്നും കുറ്റം എറ്റെടുക്കാൻ നിർബന്ധിക്കുകയാണെന്നും തിരത് അഹിർവാൾ മാധ്യമങ്ങളോട് പറഞ്ഞതോടെ പ്രതിപക്ഷം സർക്കാരിനെതിരെ ആരോപണം കടുപ്പിച്ചു. സംഭവം വിവാദമായതോടെ ഛത്തർപുർ ജില്ലാ പൊലീസ് മേധാവി സച്ചിൻ ശർമ  എഎസ്ഐ അശോക് ശർമയെ സസ്‌പെൻഡ് ചെയ്‌തു. 

English Summary: MP cop seeks guidance, help from religious preacher in murder case probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com