ADVERTISEMENT

നിലമ്പൂർ (മലപ്പുറം) ∙ ഔദ്യോഗിക ജീവിതത്തിൽ 30 വർഷത്തിനിടെ നിരവധി പേരെ വിലങ്ങു വച്ച റിട്ട.എസ്ഐ ശിവഗംഗയിൽ സുന്ദരൻ എന്ന സുകുമാരൻ സ്വന്തം കൈയിൽ വിലങ്ങു വീണപ്പോൾ തീർത്തും പതറി. കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടപ്പോൾ  അക്ഷോഭ്യനായി കണ്ട സുന്ദരനെ നിലമ്പൂർ സ്റ്റേഷനിൽ പുതുക്കി നിർമിച്ച ലോക്കപ്പിൽ ആദ്യ അന്തേവാസിയായി അടച്ചപ്പോൾ തന്നെ മാനസികമായി തകർന്നു തുടങ്ങിയിരുന്നു. തുടക്കത്തിൽ ചോദ്യം ചെയ്യലിനോടു നിസ്സഹകരിച്ച പ്രതി, പിറ്റേന്നു മുതൽ സഹകരിച്ചു തുടങ്ങി.

പാരമ്പര്യവൈദ്യൻ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വന്ന കേസിലെ ഒന്നാം പ്രതി വ്യവസായി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റെ നിയമോപദേശകനാണ് ബത്തേരി കോളേരി ശിവഗംഗയിൽ സുന്ദരൻ. മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം ചോർത്താൻ ഷൈബിന്റെ നേതൃത്വത്തിൽ 2019 ഓഗസ്റ്റ് ആദ്യവാരം ഷെരീഫിനെ തട്ടിക്കൊണ്ടു വന്ന് തടവിൽ പാർപ്പിച്ച് 2020 ഒക്ടോബറിൽ കൊന്ന് ചാലിയാറിൽ ഒഴുക്കിയെന്നാണ് കേസ്. ഇതിൽ 11–ാം പ്രതിയാണ് സുന്ദരൻ.

2010ൽ ബത്തേരിയിൽ ഹെഡ് കോൺസ്റ്റബിളായിരിക്കെ ഷൈബിനുൾപ്പെട്ട വാഹനാപകടം പരാതിയില്ലാതെ ഒതുക്കി തീർത്തതു മുതലാണ് അടുപ്പം തുടങ്ങിയതെന്ന് സുന്ദരൻ മൊഴി നൽകി. 2014ൽ ദൊട്ടപ്പംകുളത്തെ പുതിയവീട്ടിൽ ദീപേഷിനെ ഷൈബിനും സംഘവും വധിക്കാൻ ശ്രമിച്ചെന്ന കേസ് ഒത്തുതീർപ്പാക്കിയതോടെ അടുപ്പം വർധിച്ചു.

sundaran-shaba-sharif-murder-02
സുന്ദരനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ (ഇടത്), സുന്ദരൻ (ഫയൽ ചിത്രം)

ഷൈബിന്റെ ആതിഥ്യം സ്വീകരിച്ച് അബുദാബിയിലും താഷ്കന്റിലും പോയതായും മാനേജരായി ജോലി ചെയ്തെന്നും സുന്ദരൻ മൊഴി നൽകി. ദീപേഷിനെ 2020 മാർച്ചിൽ കൂർഗിലെ കുട്ട എന്ന സ്ഥലത്ത് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതേ കാലയളവിൽ അബുദാബിയിൽ ഫ്ലാറ്റിൽ കോഴിക്കോട്ടെ പ്രവാസി വ്യവസായി ഹാരിസ്, ജീവനക്കാരിയായ ചാലക്കുടി സ്വദേശിനി എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ച് സുന്ദരൻ വെളിപ്പെടുത്തൽ നടത്തിയതായി പൊലീസ് പറഞ്ഞു.

മേയ് 10ന് ഷൈബിനെ അറസ്റ്റ് ചെയ്തതോടെ കോഴിക്കോട്ടെ ഗുണ്ടാ നേതാവിനൊപ്പം അഭിഭാഷകനെ കണ്ടതായും അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഒളിവിൽ പോയതെന്നും സുന്ദരൻ മൊഴി നൽകി. തമിഴ്‌നാട്ടിലും കേരളത്തിലും ക്ഷേത്രങ്ങളോടനുബന്ധിച്ച് ഒളിവിൽ കഴിഞ്ഞു. പണം തീർന്നപ്പോൾ ആത്മഹത്യക്ക് ആലോചിച്ചു. ഒടുവിൽ കഴിഞ്ഞ 10ന് തൊടുപുഴ മുട്ടം കോടതിയിൽ കീഴടങ്ങി.

അതിനിടെ, ഷൈബിൻ നടത്തിയ കുറ്റകൃത്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും നിയമോപദേശം നൽകിയിട്ടേയുള്ളെന്നും വെളിപ്പെടുത്തി സുന്ദരൻ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് അയച്ച കത്ത് തെളിവായി പൊലീസ് കസ്റ്റഡിയിലെടുത്തു. സുന്ദരന്റെ കയ്യക്ഷരമാണെന്ന് തെളിയിക്കാൻ കത്ത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.

sundaran-shaba-sharif-murder-03
സുന്ദരനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

ഇൻസ്പെക്ടർ പി.വിഷ്ണു, എസ്ഐമാരായ എം.കെ.നവീൻ ഷാജ്, എം.അസൈനാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ബത്തേരിയിലെ വീട്, അവസാനമായി ജോലി ചെയ്ത അമ്പലവയൽ പൊലീസ് സ്റ്റേഷൻ തുടങ്ങി വയനാട്ടിലെ വിവിധ സ്ഥലങ്ങൾ, നിലമ്പൂരിൽ ഷൈബിന്റെ വീട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. ഞായറാഴ്ച കോടതിയിൽ ഹാജരാക്കി ജയിലിലേക്കയക്കും. സുന്ദരന് ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Content Highlights: Shaba Sharif Murder, Crime, Crime News, Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com