ADVERTISEMENT

കാക്കനാട്∙ ഇടച്ചിറയിലെ ഫ്ലാറ്റിൽ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയതു താൻ ഒറ്റയ്ക്കാണെന്നു പ്രതി കെ.കെ.അർഷാദ്. പുലർച്ചെ മൂന്നരയോടെ സജീവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ടു ഫ്ലാറ്റിൽ തെളിവെടുപ്പിനു കൊണ്ടു വന്നപ്പോൾ കൊലപാതക രീതി അർഷാദ് പൊലീസിനോടു വിവരിച്ചു. ലഹരി ഇടപാടു സംബന്ധിച്ച സാമ്പത്തിക തർക്കം നിലവിലുണ്ടായിരുന്നു.

തരാനുള്ള പണം പലതവണ ചോദിച്ചിട്ടും സജീവ് നൽകിയില്ല. കൊലപാതകം നടന്നതിന്റെ തലേന്നാൾ രാത്രിയും പണം ചോദിച്ചെങ്കിലും സജീവ് ഒഴിഞ്ഞു മാറി. പുറത്തു പോയി തിരിച്ചെത്തിയ അർഷാദ് സജീവിനൊപ്പം മുറിയിൽ കിടന്നെങ്കിലും ഉറങ്ങിയില്ല. മൂന്നരയോടെ സജീവ് ശുചിമുറിയിൽ പോയി തിരികെ വന്നപ്പോൾ വീണ്ടും പണത്തിന്റെ കാര്യം സംസാരിച്ചു. മറുപടി തൃപ്തികരമല്ലാതെ വന്നതോടെ മുറിയിലുണ്ടായിരുന്ന കത്തി കൊണ്ടു തുടരെ കുത്തിയെന്നാണു അർഷാദിന്റെ മൊഴി. ഉറക്കച്ചടവിൽ ആയിരുന്നതിനാൽ ചെറുത്തു നിൽക്കാനാകും മുൻപേ കുത്തി വീഴ്ത്താൻ കഴിഞ്ഞു. കത്തി കൊലപാതകത്തിനു വേണ്ടി വാങ്ങിയതല്ല. ഫ്ലാറ്റിൽ ഉണ്ടായിരുന്നതാണ്. മുറിയിലുണ്ടായിരുന്ന ബെഡ്ഷീറ്റും ബ്ലാങ്കറ്റും ഉപയോഗിച്ചു മൃതദേഹം പൊതിഞ്ഞു കെട്ടി ബാൽക്കണിയോടു ചേർന്നു മാലിന്യക്കുഴലുകൾ കടന്നു പോകുന്ന ഭാഗത്തു കുത്തിയിറക്കിയ ശേഷം ഫ്ലാറ്റിൽ നിന്നു കടന്നുകളയുകയായിരുന്നു എന്നാണ് ഇയാൾ പറയുന്നത്.

കൊലപാതകത്തിനുശേഷം പുറത്തുപോയ അർഷാദ് ഇടച്ചിറയിലെ കടയുടെ പരിസരത്തുനിന്നു സംഘടിപ്പിച്ച പ്ലാസ്റ്റിക് ഷീറ്റുകളും മൃതദേഹം പൊതിയാൻ ഉപയോഗിച്ചു. മുറിയിലെ രക്തക്കറ തുടച്ചു വൃത്തിയാക്കിയ ശേഷമാണ് സ്ഥലം വിട്ടത്. കാസർകോട്ട് പിടിയിലാകുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അശ്വന്തിനെ കൊലപാതക വിവരം അറിയിച്ചിരുന്നില്ലെന്നും അർഷാദ് പൊലീസിനോടു പറഞ്ഞു. അർഷാദിനെ കടന്നുകളയാൻ സഹായിച്ച കുറ്റത്തിനു അശ്വന്തിനെ പ്രതിയാക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഇയാളുടെ പങ്ക് അർഷാദ് നിഷേധിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അശ്വന്തിനെ പ്രതിയാക്കുന്ന കാര്യം പൊലീസ് തീരുമാനിക്കും. സുഹൃത്തിനെ കേസിൽ നിന്നു രക്ഷിക്കാനാണോ അർഷാദിന്റെ മൊഴി എന്നു സംശയമുണ്ട്. കൊലപാതകത്തിൽ പങ്കില്ലെങ്കിലും കൊലപാതക വിവരം അറിഞ്ഞാണോ അർഷാദിനൊപ്പം കർണാടകയിലേക്കു കടക്കാൻ അശ്വന്ത് ശ്രമിച്ചതെന്ന സംശയം പൊലീസിനുണ്ട്. ലഹരി ഇടപാടുകളിൽ ഇരുവരും പങ്കാളികളാണെന്നും അശ്വന്ത് അറിയാത്ത രഹസ്യങ്ങൾ അർഷാദിനില്ലെന്നുമാണു പൊലീസിന്റെ നിഗമനം. 

നിലവിൽ അർഷാദിനെ മാത്രമാണു കൊലക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റാരുടെയെങ്കിലും പങ്കു പുറത്തുവന്നാൽ അറസ്റ്റ് ചെയ്യും.ഇന്നലെ ഉച്ചയ്ക്കു കസ്റ്റഡിയിൽ കിട്ടിയ അർഷാദിനെ വൈകിട്ട് 5.30വരെ പൊലീസ് ചോദ്യം ചെയ്തു. 6നു ഫ്ലാറ്റിലെത്തിച്ചു തെളിവെടുപ്പു നടത്തി. തൃക്കാക്കര അസി.പൊലീസ് കമ്മിഷണർ പി.വി.ബേബി, ഇൻഫോപാർക്ക് ഇൻസ്പെക്ടർ വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

അർഷാദ് 27 വരെ കസ്റ്റഡിയിൽ

ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.കെ.അർഷാദിനെ 27 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാസർകോട്ടു നിന്ന് എത്തിച്ച പ്രതിയെ ഇന്നലെ ഉച്ചയോടെയാണു കോടതിയിൽ ഹാജരാക്കിയത്. മജിസ്ട്രേട്ട് കോടതിയുടെ പ്രൊഡക്‌ഷൻ വാറന്റ് പ്രകാരം കാസർകോട് ജയിലിൽ നിന്നു വെള്ളിയാഴ്ച വൈകിട്ടാണു അർഷാദിനെ ഇൻഫോപാർക്ക് പൊലീസ് ഏറ്റുവാങ്ങിയത്. ഇന്നലെ പുലർച്ചെ കാക്കനാട്ട് എത്തിച്ചു ജില്ലാ ജയിലിൽ പാർപ്പിച്ചു. 

കോടതി ഇയാളെ അടുത്ത മാസം മൂന്നു വരെ റിമാൻഡ് ചെയ്തു. പിന്നീടു പൊലീസിന്റെ അപേക്ഷ പരിഗണിച്ച് തെളിവെടുപ്പിനായി 27 വരെ കസ്റ്റഡിയിൽ നൽകുകയായിരുന്നു. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ അപേക്ഷ. 8 ദിവസമാണു കോടതി അനുവദിച്ചത്. കൊലയ്ക്കു ശേഷം സ്ഥലത്തു നിന്നു കടന്നുകളയാൻ അർഷാദ് ഉപയോഗിച്ച സ്കൂട്ടർ കാസർകോട് നിന്ന് ഇവിടെ എത്തിക്കേണ്ടതുണ്ട്. പ്രതികൾ വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച പ്രദേശങ്ങളിലും തെളിവെടുപ്പു നടത്തണം. ലഹരി മരുന്ന് ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നു സൂചനയുള്ളതിനാൽ അക്കാര്യവും അന്വേഷിക്കണമെന്ന് പൊലീസ് അറിയിച്ചു.

English Summary: Arshad explains Sajeev murder to police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com