ADVERTISEMENT

നിലമ്പൂർ∙ പാരമ്പര്യ വൈദ്യൻ മൈസൂരു സ്വദേശി ഷാബാ ഷരീഫിനെ തട്ടിക്കൊണ്ട് വന്നു കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ പ്രതി റിട്ട. എസ്ഐ സുന്ദരൻ എന്ന സുകുമാരനെ പൊലീസ് കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്കയച്ചു. 5 ദിവസത്തെ തെളിവെടുപ്പിൽ പ്രതിയിൽ നിന്ന് പൊലീസിനു ലഭിച്ചത് സിനിമാ കഥകളെ വെല്ലുന്ന വിവരങ്ങളാണ്. ഷൈബിന്റെ പല ക്രൂരതകളും കേസില്ലാതെ ഒതുക്കി തീർക്കാൻ സഹായിച്ചതു സുന്ദരനാണെന്നു പൊലീസ് കണ്ടെത്തി.

28 വർഷം പെലീസ് സേനയിൽ ജോലി ചെയ്ത സുന്ദരൻ കൃത്യവിലോപം, അധോലോക ബന്ധം എന്നിവയ്ക്കു പല തവണ അച്ചടക്ക നടപടിക്ക് വിധേയനായി. 4 ഇൻക്രിമെന്റുകൾ തടയപ്പെട്ടു. സർവീസിലിരിക്കെ ഷൈബിന്റെ ആതിഥ്യം സ്വീകരിച്ച് വിസിറ്റിങ് വീസയിൽ അബുദാബിയിലെത്തി മാനേജരായി ജോലി ചെയ്‌തു. നിരവധി കേസുകളിൽ പ്രതിയായ വയനാട്ടിലെ അധോലോക നേതാവ് സിസി ജോസുമായി സുന്ദരൻ അടുപ്പം പുലർത്തിയതായി പൊലീസ് കണ്ടെത്തി. അടവ് തെറ്റിയ വാഹനങ്ങൾ പണമിടപാടുകാർക്ക് വേണ്ടി തട്ടിയെടുക്കുന്നതിനാലാണു സിസി ജോസ് എന്ന പേരു വീണത്.

ജോസിന്റെ സംഘത്തിലെ ദീപേഷിനെ ബത്തേരി പുത്തൻകുന്നിൽ നിർമാണത്തിലുള്ള ഷൈബിന്റെ ആഢംബര വസതിയിലെത്തിച്ച് മർദിച്ച് മൃതപ്രായനാക്കി വഴിയിൽ തളളി. വടംവലി മത്സരത്തിൽ  ഷൈബിന്റെ ടീം തോറ്റപ്പോൾ പരിഹസിച്ചതാണു വിരോധത്തിന് കാരണം. ഭാഗ്യം കൊണ്ടാണ് അന്ന് ദീപേഷ് രക്ഷപ്പെട്ടത്. കൂട്ടാളികൾ ചിലരെ അറസ്റ്റ് ചെയ്തെങ്കിലും ഷൈബിൻ പിടികൊടുത്തില്ല. ഗൾഫിലായിരുന്ന സുന്ദരനെ നാട്ടിൽ വരുത്തി ജോസും ചേർന്ന് കേസ് ഒത്തുതീർത്തു.

sundaran-shaba-sharif-murder-03
സുന്ദരനുമായി പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോൾ

തങ്ങൾക്ക് 3 ലക്ഷം വീതവും ദീപേഷിന് 5 ലക്ഷവും  ഷൈബിൻ നൽകിയെന്നു സുന്ദരൻ മൊഴി നൽകി. കേസ് ഒതുക്കി തീർത്തതിന്റെ ആലോഷം തായ്‌ലൻഡിലാണ് നടത്തിയത്. ഷൈബിനൊപ്പം താനും സിസി ജോസ്,  ഷാബാ ഷരീഫ് വധക്കേസിലെ പ്രതികളായ  തങ്ങളകത്ത് നൗഷാദ്, നിഷാദ്, ശിഹാബുദീൻ, കോഴിക്കോട്ടെ പ്രവാസി വ്യവസായി ഹാരിസ് എന്നിവർ ഉൾപ്പെടെ 21 പേർ പങ്കെടുത്തെന്നു സുന്ദരൻ പൊലീസിനോട് പറഞ്ഞു.

വയനാട്ടിൽ 120 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിൽ ജോസ് ഒരു വർഷമായി ജയിലിലാണ്. പിന്നീട് ദീപേഷിനെ കൂർഗിലെ കുട്ടയിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശിനി എന്നിവർ അബുദാബിയിൽ ഫ്ലാറ്റിലും കൊല്ലപ്പെട്ടു. ഇരട്ട കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയതിനു ഹാരിസിന്റെ മാനേജർ അൻവറിനെ വകവരുത്താൻ ഷൈബിൻ ശ്രമിച്ചെന്നു സുന്ദരൻ മൊഴി നൽകി. നീക്കം നിരീക്ഷിക്കാൻ  ഷരീഫ് വധക്കേസിൽ പ്രതികളായ ചീര ഷഫീഖ്, പൂളകുളങ്ങര ഷബീബ് റഹ്മാൻ എന്നിവരെ നിയോഗിച്ച് രാത്രി അൻവറിന്റെ കാറിൽ അടിഭാഗത്ത് പവർ ബാങ്ക് സഹിതം മൊബൈൽ ഫോൺ ഘടിപ്പിച്ചു. അൻവറിനെ തട്ടിക്കൊണ്ടുവരാൻ 2 മാസക്കാലം നിലമ്പൂരിൽ നിന്ന് ഗുണ്ടാസംഘം കുന്ദമംഗലത്തെത്തി  നിരീക്ഷണം നടത്തി.

nilambur-murder

വീട്ടുപരിസരത്ത് പതുങ്ങിയിരുന്ന മുഖംമൂടി സംഘത്തെ മദ്രസ വിദ്യാർഥി കണ്ട് ബഹളം വച്ചതോടെ ആസൂത്രണം പാളി. ഷരീഫ് വധക്കേസിൽ ഒളിവിലുള്ള കൈപ്പഞ്ചേരി ഫാസിലിനെ നാട്ടുകാർ പിടികൂടി കുന്ദമംഗലം പൊലീസിൽ ഏൽപ്പിച്ചു. ഷൈബിൻ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടു. ഷരീഫ് കൊല്ലപ്പെട്ട ഉടനെ ആണ് സംഭവം.  കാര്യക്ഷമമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ കൊലപാതകം അന്നേ വെളിച്ചത്ത് വരുമായിരുന്നു. കേസ് ഉന്നതർ ഇടപെട്ട് ഒത്തുതീർപ്പാക്കി. ചർച്ചയിൽ താനും പങ്കെടുത്തതായി സുന്ദരൻ വെളിപ്പെടുത്തി.

ബത്തേരിയിൽ റൈറ്ററായിരിക്കെ  കുഴൽപ്പണം പിടിച്ച കേസ് ഒതുക്കാൻ സഹായിച്ചതിന് ഉയർന്ന ഉദ്യോഗസ്ഥൻ തനിക്ക് കൈക്കൂലി നൽകിയതായി സുന്ദരൻ വെളിപ്പെടുത്തി. ഈ ബന്ധം ഉദ്യോഗസ്ഥൻ കോഴിക്കോട് ഉയർന്ന സ്ഥാനത്ത് ചുമതലയേറ്റപ്പോൾ പ്രയോജനപ്പെട്ടു. ഹാരിസിനെ തട്ടിക്കൊണ്ടുപോകാൻ ഷൈബിൻ ഏർപ്പെടുത്തിയ സംഘത്തിലെ 2 പേരെ കുന്ദമംഗലം എസ്ഐ പിടികൂടിയെങ്കിലും ഉദ്യോഗസ്ഥൻ ഇടപെട്ട് വിട്ടയച്ചു.

nilambur-murder-evidence-collection
സുന്ദരനുമായി പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോൾ

തനിക്കും കുടുംബത്തിനും ഷൈബിനിൽ നിന്ന് ഭീഷണിയുണ്ടെന്നു കാട്ടി ഹാരിസ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു. ഉദ്യോഗസ്ഥന്റെ ഇടപെടലിൽ തുടർനടപടി തടസ്സപ്പെടുകയായിരുന്നു. അബുദാബിയിൽ ലഹരിമരുന്ന് കേസിൽ ഷൈബിൻ ജയിലിലായപ്പോൾ നിലമ്പൂരിലെ ഒരു രാഷ്ട്രീയ നേതാവ് വീട് പണയപ്പെടുത്തി 15 ലക്ഷം രൂപ അയച്ചുകൊടുത്തത് പൊലീസ് കണ്ടെത്തി.

nilambur-police
സുന്ദരനുമായി പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോൾ

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്  വിധേയനായത് ചൂണ്ടിക്കാട്ടി നാടുവിടരുതെന്ന വ്യവസ്ഥയിൽ ഷൈബിൻ അബുദാബിയിൽ ജാമ്യം നേടി. വൈകാതെ ഇന്ത്യയിലേക്ക് ഒളിച്ചു കടന്നു. ജാമ്യം നിന്ന പാക്കിസ്ഥാൻ സ്വദേശി നാട്ടിൽ പോകാനാകാതെ അബുദാബിയിൽ കുടുങ്ങിയതായി സുന്ദരൻ വെളിപ്പെടുത്തി.

ഷരീഫ് വധത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നാണു സുന്ദരൻ മൊഴി നൽകിയത്. മൃതദേഹം കിട്ടിയാലെ കൊലപാതകത്തിന് തെളിവ് ഉണ്ടാകുവെന്നു ഷൈബിനോട് പറഞ്ഞിട്ടുണ്ടെന്നും ഷരീഫിനെ കണ്ടിട്ടില്ലെന്നും മൊഴി നൽകി. അതിനിടെ ഷരീഫിനെ ഷൈബിന്റെ വസതിയിൽ തടങ്കലിൽ പാർപ്പിച്ചതിന്റെ വിഡിയോ  ദൃശ്യം നേരത്തെ വയനാട്ടിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ഷൈബിന്റെ വീട് ആക്രമിച്ച കേസിൽ തങ്ങളകത്ത് അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിനു പിന്നാലെ കൊല്ലപ്പെടുന്ന ഭീതിയിലാണ് സഹോദരൻ നാഷാദ് തിരുവനന്തപുരത്ത് വെളിപ്പെടുത്തൽ നടത്തി പൊലീസിന്  വിഡിയോ കൈമാറിയത്. കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്മോർട്ടം നടത്താൻ ഡിവൈഎ‌സ്‌പി സാജു കെ.ഏബ്രഹാം ഇരിങ്ങാലക്കുട ആർ ഡിഒയ്‌ക്ക് അപേക്ഷ നൽകി. ഹാരിസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതിന്റെ രാസപരിശോധനാ ഫലം കിട്ടിയിട്ടില്ല.

English Summary: Retired cop who assisted murder-accused NRI destroyed evidence: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com