ADVERTISEMENT

തിരുവനന്തപുരം∙ നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയയാൾ അറസ്റ്റിൽ. അമൃത്സർ സ്വദേശി സച്ചിൻദാസിനെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പഞ്ചാബിൽനിന്ന് അറസ്റ്റ് ചെയ്തത്. രണ്ടു വർഷത്തിനുശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. സ്വർണക്കടത്ത് വിവാദമായപ്പോൾ ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ഐടി വകുപ്പിന്റെ നിയന്ത്രണത്തിലെ സ്പേസ് പാർക്കിൽ ജോലി കിട്ടാൻ സ്വപ്ന ഹാജരാക്കിയത് മുംബൈയിലെ ബാബാ സാഹിബ് സർവകലാശാലയിൽ നിന്നുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 2009 മുതല്‍ 11 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ് രേഖ. ഒരു ലക്ഷം രൂപ ചെലവാക്കി പഞ്ചാബിൽ നിന്നു വാങ്ങിയ വ്യാജ സർട്ടിഫിക്കറ്റാണ് ഇതെന്നു കണ്ടെത്തിയിരുന്നു. ഐപിസി 198, 464, 468, 471 എന്നിവയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ ലംഘനവും ഉള്‍പ്പെടുത്തിയാണ് കേസ്.

മാസം ചീഫ് സെക്രട്ടറിയുടെ ശമ്പളത്തെക്കാൾ കൂടിയ 3.18 ലക്ഷം രൂപയ്ക്കാണ് സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചത്. തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണമായ അറിവോടെ തന്നെയാണു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്പേസ് പാർക്കിൽ ജോലിക്ക് നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ ഇന്റർവ്യൂവിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

ബയോഡേറ്റ വരെ തയാറാക്കിക്കൊടുത്തത് അന്നത്തെ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ ആണെന്ന ഗുരുതരമായ വെളിപ്പെടുത്തലും സ്വപ്ന നടത്തി. മറ്റൊരു രാജ്യത്തിന്റെ കോൺസുലേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായിരുന്ന തന്നെ നിയമിക്കാൻ സുരക്ഷാ പ്രശ്നമുണ്ടെന്നു ചൂണ്ടിക്കാണിച്ച കെപിഎംജി എന്ന കൺസൽറ്റൻസിയെ ഉടനെ മാറ്റി പിഡബ്ല്യുസിയെ കൊണ്ടുവന്നാണ് ശിവശങ്കർ സ്പേസ് പാർക്കിൽ ഓപ്പറേഷൻ മാനേജരായി തന്നെ നിയമിച്ചതെന്നും സ്വപ്ന പറഞ്ഞു.

English Summary: Arrest ibn Swapna Suresh Fake Certificate Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com