ADVERTISEMENT

ചാലക്കുടി ∙ രണ്ടര വർഷം മുൻപു മരിച്ച ഡെൻസിയുടെ മരണത്തിലെ ദുരൂഹതകളുടെ ചുരുളഴിയുമ്പോൾ ഒന്നും വിശ്വസിക്കാനാകാതെ ജന്മനാട്. അബുദാബി ഇരട്ടക്കൊലപാതകത്തിൽ മരിച്ച ഡെൻസിയുടേത് വാഹനാപകടമാണെന്നാണ് ആദ്യം വീട്ടുകാർക്കു ലഭിച്ച വിവരം. പിന്നീടു ഹൃദയാഘാതമാണെന്നും അറിയിച്ചു. അബുദാബിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സെന്റ് ജോസഫ്സ് പള്ളിയിലാണ് സംസ്കാരം നടത്തിയത്. കുഴിമാടം വ്യാഴാഴ്ച തുറന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തും. ഇതിന് ഇരിങ്ങാലക്കുട ആർഡിഒ അനുമതി നൽകിയിരുന്നു.

നോർത്ത് ചാലക്കുടി വാളിയേങ്കൽ റോസിലിയുടെ മകളാണ് ഡെൻസി (38). മൂന്നു മക്കളുടെ അമ്മയായ ഇവർ 2019 ഡിസംബറിലാണു ജോലി തേടി അബുദാബിയിലേക്കു പോയത്. മൂന്നു മാസം കഴിഞ്ഞായിരുന്നു മരണം. മകളുടേതു കൊലപാതകമാണെന്ന വിവരം ഏതാനും ദിവസം മുൻപു മാത്രമാണു കുടുംബാംഗങ്ങൾ അറിഞ്ഞതെന്നു പറയുമ്പോൾ അമ്മ റോസിലിക്കു കരച്ചിലടക്കാനാകുന്നില്ല. ജോലി ചെയ്തിരുന്ന കമ്പനിയിലെ മാനേജരാണെന്നു പറഞ്ഞ് അൻവർ എന്നയാളാണ് കൊലപാതകമാണെന്ന വിവരം അറിയിച്ചത്. പിന്നീടു നിലമ്പൂരിൽ നിന്നും ചാലക്കുടിയിൽ നിന്നും പൊലീസ് എത്തി മൊഴിയെടുത്തു.

കേസ് അന്വേഷിക്കുന്ന നിലമ്പൂർ ഡിവൈഎസ്പി സാജു കെ.എബ്രഹാം നൽകിയ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റ്മോർട്ടത്തിന് അനുമതി ലഭിച്ചത്. പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫാണു ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനെന്നു കൂട്ടുപ്രതികൾ മൊഴി നൽകിയതിനെ തുടർന്നാണു റീ പോസ്റ്റ്മോർട്ടം ഉൾപ്പെടെ തുടർനടപടികൾക്കു തീരുമാനിച്ചത്.

dency-1
ഡെൻസിയുടെ കല്ലറ

ഷൈബിന്റെ ബിസിനസ് പങ്കാളി കോഴിക്കോട് സ്വദേശി ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെൻസി ജോലി ചെയ്തിരുന്നത്. ഹാരിസിനെയും ഡെൻസിയെയും 2020 മാർച്ച് 5നാണ് അബുദാബിയിൽ മരിച്ച നിലയിൽ കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അബുദാബി പൊലീസിന്റെ ആദ്യ നിഗമനം.

ഷാബാ ഷെരീഫ് വധക്കേസിൽ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്മാൻ, കുത്രാടൻ അജ്മൽ, പൊരി ഷമീം എന്നിവരാണ് ഇരട്ടക്കൊല കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചത്. നാട്ടിലിരുന്ന് ഷൈബിൻ നൽകിയ നിർദേശപ്രകാരമാണ് കൃത്യം നിർവഹിച്ചതെന്നും ഇവർ മൊഴി നൽകിയിരുന്നു. ഒരാഴ്ച മുൻപു ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.

English Summary: Twin murders in UAE investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com