ADVERTISEMENT

കൊച്ചി∙ നഗരത്തിലെ ലഹരി മരുന്നു വ്യാപാരത്തിനു ചുക്കാൻ പിടിക്കുന്ന രാജ്യാന്തര സംഘത്തലവനെന്നു കരുതുന്ന നൈജീരിയൻ സ്വദേശി െബംഗളൂരുവിൽ പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഒക്കാഫോർ എസേ ഇമ്മാനുവൽ (36) ആണ് പിടിയിലായത്. മാസങ്ങളായി സിറ്റി പൊലീസിനെ വലയ്ക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായിരിക്കുന്നത്. സംഘം കഴിഞ്ഞ ആറു മാസത്തിനിടെ ഇവിടേക്കു കടത്തിയത് നാലരക്കിലോ എംഡിഎംഎ ആണെന്ന് പൊലീസ് പറഞ്ഞു. 

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡിൽ ഇരുചക്ര വാഹനത്തിൽനിന്നു 102.04 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തെ പിന്തുടർന്നു പോയതാണ് പൊലീസിനെ വൻ ലഹരി മരുന്നു സംഘത്തെ പിടികൂടുന്നതിലേക്ക് എത്തിച്ചത്. ഹാരോൺ സുൽത്താൻ എന്ന ആളെ കഴിഞ്ഞ 20നു പൊലീസ് പിടികൂടി. പിന്നാലെ ഇയാളുമായി ബന്ധപ്പെട്ട അലൻ ജോസഫ്, നിജു പീറ്റർ, അലൻ ടോണി എന്നിവരെ പിടികൂടിയിരുന്നു.

ഇവരിൽനിന്നു ലഭിച്ച വിവരപ്രകാരം െബംഗളൂരുവിൽനിന്നു കേരളത്തിലേക്കു വൻ തോതിൽ ലഹരി കടത്തിയിരുന്ന ഫോർട്ട്കൊച്ചി സ്വദേശി വർഗീസ് ജോസഫ് ഫെർണാണ്ടസ് എന്നയാളെപ്പറ്റി വിവരം ലഭിച്ചു. ഇയാളെ പിന്തുടർന്നു കണ്ടെത്തി 13ന് അറസ്റ്റു ചെയ്തതാണ് നിർണായകമായത്. വർഗീസ് ജോസഫിൽനിന്നു രാജ്യാന്തര ലഹരി സംഘത്തെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചു. 

കേരളത്തിലെ കൂട്ടാളികൾ പിടിയിലായതറിഞ്ഞു മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയിരിക്കുകയായിരുന്നു നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ. തുടർന്നു കേരള പൊലീസിന്റെ സൈബർ സെൽ വാട്സാപ്പിന്റെ ഇന്ത്യയിലെ ഏജൻസിയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കേന്ദ്രം കണ്ടെത്തിയത്. അറസ്റ്റു ചെയ്യാനെത്തുമ്പോൾ ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. 

കൊച്ചിയിൽ വർധിച്ചു വരുന്ന ലഹരി ഇടപാടുകളും അനുബന്ധ കുറ്റകൃത്യങ്ങളും പൊലീസിനു തലവേദനായി മാറിയിരുന്നു. ഇതോടെയാണ് കടുത്ത നിലപാടുകളിലേക്കു കടക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സിറ്റി കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ പ്രത്യേക നിർദേശ പ്രകാരമായിരുന്നു അന്വേഷണം. രാജ്യാന്തര ലഹരി കടത്തു സംഘം ഡാർക് വെബിൽ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് വിദേശത്തുനിന്ന് ഓർഡർ ചെയ്താണ് ലഹരി വരുത്തിയിരുന്നത് എന്നു കഴിഞ്ഞ ദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു. തപാലിൽ എത്തുന്ന ലഹരി ഉയർന്ന വിലയ്ക്കു കേരളത്തിൽ വിൽപന നടത്തി വരികയായിരുന്നു സംഘം.

English Summary: Drug Mafia leader arrested by Kerala Police in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com