ADVERTISEMENT

തിരുവനന്തപുരം∙ നമ്പി നാരായണനെ അറസ്റ്റു ചെയ്തതു കൊണ്ട് ക്രയോജനിക് എൻജിൻ ഉണ്ടാക്കാൻ വൈകിയെന്നും രാജ്യത്തിനു വലിയ സാമ്പത്തിക നഷ്ടം ഉണ്ടായെന്നും നമ്പി പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് സഹപ്രവർത്തകരായിരുന്ന ശാസ്ത്രജ്ഞർ. നമ്പി നാരായണന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള സിനിമയിൽ തെറ്റായ കാര്യങ്ങൾ പറയുന്നതിനാലാണ് മാധ്യമങ്ങളെ കാണേണ്ടി വന്നതെന്നും ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ വ്യക്തമാക്കി.

ഐഎസ്ആർഒ സ്വന്തമായി ക്രയോജനിക് എൻജിൻ ഉണ്ടാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത് എൻപതുകളുടെ പകുതിയിലാണെന്ന് ശാസ്ത്രജ്ഞർ പറ‍ഞ്ഞു. ഇവിഎസ് നമ്പൂതിരിക്കായിരുന്നു ചുമതല. 12 വോളിയം നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് വികസിപ്പിച്ചു. അക്കാലത്ത് നമ്പി നാരായണന് ക്രയോജനിക്കുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പിന്നീട് ജ്ഞാനഗാന്ധിയുടെ നേതൃത്വത്തിൽ ക്രയോജനിക് എൻജിൻ വികസിപ്പിക്കുന്ന പ്രവർത്തനം തുടങ്ങിയെങ്കിലും ആ ടീമിലും നമ്പി ഉണ്ടായിരുന്നില്ല.

1990ൽ ക്രയോജനിക് പ്രൊപ്പൽഷൻ സിസ്റ്റം പ്രോജക്ട് എൽപിഎസ്‍സിയിൽ തുടങ്ങിയപ്പോൾ നമ്പി നാരായണനെ താൻ പ്രോജക്ട് ഡയറക്ടറാക്കിയെന്നു എൽപിഎസ്‍സി ഡയറക്ടറായിരുന്ന മുത്തു നായകം പറഞ്ഞു. 1993ൽ ക്രയോജനിക് എൻജിൻ സാങ്കേതിക വിദ്യ കൈമാറാൻ റഷ്യയുമായി കരാറിൽ ഏർപ്പെട്ടു. കരാറിന്റെ കാര്യങ്ങൾ റഷ്യയുമായി സംസാരിക്കാൻ ജ്ഞാനഗാന്ധിയെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമാണ് റഷ്യയിലേക്കു പോയത്. 

isro
ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞർ വാർത്താ സമ്മേളനം നടത്തിയപ്പോൾ.

അമേരിക്കൻ സമ്മർദത്തെ തുടർന്ന് റഷ്യ കരാറിൽനിന്ന് പിൻമാറി. റഷ്യയുമായി വീണ്ടും ചർച്ച നടത്തി 1993 ഡിസംബറിൽ കരാർ പുതുക്കി. സാങ്കേതിക വിദ്യ കൈമാറുന്നതിനു പകരം എൻജിൻ കൈമാറാൻ തീരുമാനിച്ചു. 1994 നവംബറിൽ നമ്പി സ്വയം വിരമിക്കാൻ അപേക്ഷ നൽകി. ആ മാസം തന്നെ അറസ്റ്റിലായതോടെ ക്രയോജനിക് ടീമിൽനിന്ന് അദ്ദേഹം പുറത്തായി. 1994ൽ എൽപിഎസ്‍സി വിട്ടശേഷം നമ്പി നാരായണന് ക്രയോജനിക് വികസിപ്പിക്കലുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. നമ്പിയാണ് വികാസ് എൻജിൻ വികസിപ്പിച്ചതെന്ന വാദവും തെറ്റാണ്.

ഫ്രാൻസിന്റെ വൈക്കിങ് എൻജിനാണ് വികാസായി വികസിപ്പിച്ചത്. 1974ലാണ് ഫ്രാൻസിലെ സ്ഥാപനവുമായി കരാറിൽ ഒപ്പിട്ടത്. ഫ്രാൻസിലേക്കു പോയ സംഘത്തിന്റെ മാനേജരായിരുന്നു നമ്പി. മാനേജ്മെന്റ് വര്‍ക്കാണ് നമ്പി ചെയ്തത്. ടെക്നിക്കിൽ വർക്കുകൾ മറ്റുള്ളവരാണ് ചെയ്തത്. ഒരുവലിയ സംഘം ശാസ്ത്രജ്ഞരുടെ വിജയമാണ് വികാസ് എൻജിന്റേതെന്നും മുത്തു നായകം പറഞ്ഞു. 

ക്രയോജനിക് എൻജിൻ ഡെ.ഡയറക്ടറായിരുന്ന ഡി.ശശികുമാർ, ക്രയോജനിക് എൻജിന്റെ പ്രോജക്ട് ഡയറക്ടറായിരുന്ന ഇവിഎസ് നമ്പൂതിരി, ശ്രീധർദാസ് (മുൻ അസോ.ഡയറക്ടർ എൽപിഎസ്ഇ), ഡോ. ആദിമൂർത്തി (മുൻ അസോ.ഡയറക്ടർ വിഎസ്എസ്‌സി), ഡോ.മജീദ് (മുൻ ഡെപ്യൂട്ടി ഡയറക്ടർ വിഎസ്എസ്‌സി), ജോർജ് കോശി (മുൻ പ്രോജക്ട് ഡയറക്ടർ പിഎസ്‌എൽവി), കൈലാസനാഥൻ (മുൻ ഗ്രൂപ്പ് ഡയറക്ടർ ക്രെയോ സ്റ്റേജ്), ജയകുമാർ (മുൻ ഡയറക്ടർ ക്വാളിറ്റി അഷ്വറൻസ്). എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

English Summary: ISRO Scientists against Nambi Narayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com