ഗുലാം നബി ആസാദിന്റെ രാജി കോൺഗ്രസിനേറ്റ ആഘാതം: ഒമർ അബ്ദുല്ല
Mail This Article
ന്യൂഡൽഹി∙ മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ പാർട്ടിയിൽനിന്നുള്ള രാജി കോൺഗ്രസിനേറ്റ ആഘാതമാണെന്നു നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല. ‘‘കോൺഗ്രസിനു തിരിച്ചടിയുണ്ടെന്ന് ഏറെ നാളായി അഭ്യൂഹങ്ങൾ പരന്നിരുന്നു. കോൺഗ്രസിന് ഇതൊരു പ്രഹരമാണ്. അദ്ദേഹത്തിന്റെ രാജിക്കത്ത് വായിക്കുന്നത് വേദനാജനകമാണ്. ഇന്ത്യയിലെ പഴക്കമുള്ള മഹത്തായ പാർട്ടി പൊട്ടിത്തെറിക്കുന്നത് കാണുന്നത് സങ്കടകരവും ഭീതിതവുമാണ്’’– അദ്ദേഹം ട്വീറ്റ് ചെയ്തു.
ആസാദിന്റെ തീരുമാനം കോൺഗ്രസുകാർക്കു വേദനയുണ്ടാക്കുന്നതാണെന്ന് മുതിർന്ന നേതാവ് ആനന്ദ് ശർമ. ‘‘ഞാൻ ഞെട്ടിപ്പോയി. ഈ സാഹചര്യം ഒഴിവാക്കാവുന്നതായിരുന്നു. കാര്യമായ ആത്മപരിശോധന ഉണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എന്നാൽ നിർഭാഗ്യവശാൽ ആ നടപടികൾ അട്ടിമറിക്കപ്പെട്ടു’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
രാജിക്കത്തിനെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. ‘‘പാർട്ടിയിൽ പല സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നയാളാണ് അദ്ദേഹം. ഇങ്ങനൊരു കത്ത് എഴുതുമെന്ന് ആരും പ്രതീക്ഷിച്ചില്ല. നേരത്തേ, സോണിയ ഗാന്ധി യുഎസിൽ ചികിത്സയ്ക്കു പോയപ്പോൾ അദ്ദേഹം കത്തെഴുതിയിരുന്നു. കോൺഗ്രസ് അദ്ദേഹത്തിന് എല്ലാം നൽകി. ഇന്ദിരാ ഗാന്ധിയും, രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും കാരണമാണ് അദ്ദേഹം ഇന്നത്തെ അറിയപ്പെടുന്ന നേതാവായത്’’ – ഗെലോട്ട് വ്യക്തമാക്കി.
പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽനിന്നുമാണ് ഗുലാം നബി ആസാദ് രാജിവച്ചത്. ജമ്മു കശ്മീരിൽ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവച്ചതിനു തൊട്ടുപിന്നാലെയാണു രാജി. നേരത്തേ ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽനിന്നും ആസാദ് രാജിവച്ചിരുന്നു.
English Summary: Azad's resignation body blow to Congress: Omar Abdullah