ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിന് ഹിന്ദിയിൽ മറുപടി നൽകി ശശി തരൂർ എംപി. ഹിന്ദി മേഖലയിൽനിന്നു തന്നെ പ്രസിഡന്റ് വേണോ എന്ന ചോദ്യത്തിനാണ് തരൂർ ഹിന്ദിയിൽ മറുപടി നൽകിയത്. അങ്ങനെ വേണമെങ്കിൽ തിരഞ്ഞെടുപ്പിലൂടെ വരട്ടെയെന്നു ശശി തരൂർ പറഞ്ഞു. ഭാരതീയനാവുകയാണ് പ്രധാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘‘മത്സരം പാർട്ടിക്ക് ഗുണം ചെയ്യും. കോൺഗ്രസെന്നാൽ ഒരു വ്യക്തിയല്ല. ഒരു കുടുംബത്തിൽനിന്ന് പ്രസിഡന്റ് വേണോ കുടുംബത്തിന്റെ പ്രതിനിധിവേണോ പുറത്തുനിന്നു ആളുവേണോ എന്നു മത്സരത്തിലൂടെ കണ്ടെത്തട്ടെ. പാർട്ടിയിൽ മുൻപും മത്സരം നടന്നിട്ടുണ്ട്. താൻ മാത്രമല്ല മറ്റു പലരും മത്സരത്തിനു തയാറെടുക്കുന്നുണ്ട്.’’– തരൂർ പറഞ്ഞു.

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ സ്ഥാനാർഥിയായാൽ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂർ മത്സരിച്ചേക്കുമെന്നാണ് സൂചന. ഹൈക്കമാൻഡിന്റെ പ്രതിനിധി ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോൺഗ്രസ് േനരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാക്കാൻ മത്സരം അനിവാര്യമാണെന്നാണു സംഘത്തിന്റെ വിലയിരുത്തൽ.

പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന രീതിയിൽ മാറ്റം ആവശ്യപ്പെട്ട് 2020 ഓഗസ്റ്റിലാണു തിരുത്തൽവാദി സംഘമായി ജി 23 രൂപപ്പെട്ടത്. അതിനെ നയിച്ച ഗുലാം നബി ആസാദ് പാർട്ടി വിട്ടതു ശരിയായില്ലെന്ന വികാരം സംഘാംഗങ്ങൾക്കിടയിലുണ്ട്. ഹൈക്കമാൻഡിന്റെ സ്ഥാനാർഥിയെ എല്ലാവരും അംഗീകരിച്ച്, പ്രസിഡന്റായി അവരോധിക്കുന്ന പതിവു രീതി പാർട്ടിയിൽ ഇക്കുറി അനുവദിച്ചു കൊടുക്കേണ്ടെന്നാണു സംഘത്തിലെ ഭൂരിപക്ഷാഭിപ്രായം.

പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17നാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാർഥി മാത്രമാണുള്ളതെങ്കിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ എട്ടിനു തന്നെ വിജയിയെ പ്രഖ്യാപിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള ആലോചനകളാണു ജി 23 ക്യാംപിൽ നടക്കുന്നത്.

English Summary: Shashi Tharoor Answered the Question About the Congress President Election in Hindi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com