ADVERTISEMENT

തിരുവനന്തപുരം∙ മന്ത്രി എം.വി.ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് പുതിയ മന്ത്രിയെ കണ്ടെത്താൻ സിപിഎം സെക്രട്ടേറിയറ്റ് നാളെ ചേരും. സജി ചെറിയാൻ രാജിവച്ച ഒഴിവില്‍ പുതിയ മന്ത്രി തൽക്കാലം ഉണ്ടാകാനിടയില്ല. എം.വി.ഗോവിന്ദൻ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ. മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയില്ല.

എം.വി.ഗോവിന്ദനു പകരക്കാരൻ കണ്ണൂർ ജില്ലയിൽനിന്നുമതിയെന്നു തീരുമാനിച്ചാൽ സംസ്ഥാന കമ്മിറ്റിയംഗം എ.എൻ.ഷംസീറിനാണ് സാധ്യത. കാസർകോടുനിന്നു പകരക്കാരനെ തേടിയാൽ സി.എച്ച്.കുഞ്ഞമ്പുവിനും മലപ്പുറത്തുനിന്നു സിഐടിയു നേതാവായ പി.നന്ദകുമാറിനും സാധ്യതയുണ്ട്.

ഒന്നാം പിണറായി സർക്കാരിൽ കണ്ണൂർ ജില്ലയ്ക്ക് മുഖ്യമന്ത്രി ഉൾപ്പെടെ മൂന്നു മന്ത്രിമാരുണ്ടായിരുന്നു. നിലവിൽ കണ്ണൂരിൽനിന്നു മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനുമാണ് മന്ത്രിസഭയിലുള്ളത്. എം.വി.ഗോവിന്ദൻ സ്ഥാനം ഒഴിയുമ്പോൾ ഒരു മന്ത്രിയിലേക്കു കണ്ണൂരിന്റെ പ്രാതിനിധ്യം ചുരുങ്ങും. മുഖ്യമന്ത്രിയുള്ളതുകൊണ്ട് വേറൊരു മന്ത്രി വേണ്ടെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. ഒരു വർഷത്തിനുശേഷം കടന്നപ്പള്ളി രാമചന്ദ്രൻ ജില്ലയിൽനിന്ന് മന്ത്രിയാകും.

ഒന്നാം പിണറായി മന്ത്രിസഭയിൽ സിപിഐയിലെ ഇ.ചന്ദ്രശേഖരനിലൂടെ കാസർകോഡിനു പ്രാതിനിധ്യം ഉണ്ടായിരുന്നു. രണ്ടാം മന്ത്രിസഭയിൽ കാസർകോഡുനിന്നും ആരുമില്ല. ജില്ലയ്ക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യം പാർട്ടിയിലുണ്ട്. ഭരണഘടനയ്ക്കെതിരെ പരാമർശം നടത്തിയതിന്റെ പേരിൽ രാജിവച്ച സജി ചെറിയാന്റെ തിരിച്ചുവരവു കേസിന്റെ തീർപ്പ് നോക്കിയേ ഉണ്ടാകാനിടയുള്ളൂ. സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റു മന്ത്രിമാർക്കു വീതിച്ചു നൽകിയതിനാൽ പകരം മന്ത്രി ഉണ്ടാകാനിടയില്ല. പകരം മന്ത്രിയെ തീരുമാനിച്ചാൽ ആലപ്പുഴയിൽനിന്നുള്ള ആളെ പരിഗണിക്കും. സ്പീക്കർ എം.ബി. രാജേഷ് മന്ത്രിസഭയിലേക്കു വരുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും നേതൃത്വം അതു തള്ളിക്കളയുന്നു.

English Summary: Who will replace MV Govindan, CPM Secretariat to meet on Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com