ADVERTISEMENT

ചെന്നൈ ∙ പ്രശസ്ത കർണാടക സംഗീതജ്ഞൻ ടിവിഎസ്‌ എന്നറിയപ്പെടുന്ന ടി.വി.ശങ്കരനാരായണൻ (77) അന്തരിച്ചു. 2003ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ച സംഗീതപ്രതിഭയാണ്. കർണാടക സംഗീതത്തിൽ മധുരൈ മണി അയ്യർ ശൈലിക്ക് ഇദ്ദേഹമാണു തുടക്കമിട്ടത്. സംഗീതത്തില്‍ ബിരുദാനന്തര ബിരുദമുള്ള വിജയലക്ഷ്മിയാണു ടിവിഎസിന്റെ ഭാര്യ. മകള്‍ അമൃത ശങ്കരനാരായണനും മകന്‍ ശങ്കര മഹാദേവനും സംഗീതജ്ഞരാണ്.

1945 മാര്‍ച്ച്‌ 7ന്‌ തമിഴ്‌നാട്ടിലെ മൈലാടുതുറൈയിലാണു ടി.വി.ശങ്കരനാരായണൻ ജനിച്ചത്. അമ്മാവനും പ്രഗൽഭ കര്‍ണാടക സംഗീതജ്ഞനുമായിരുന്ന മധുരൈ മണി അയ്യരുടെ കീഴില്‍ ഒന്‍പതാമത്തെ വയസ്സില്‍ സംഗീത പഠനമാരംഭിച്ചു. ശങ്കരനാരായണന്റെ അച്ഛന്‍ ടി.എസ്‌.വേമ്പു അയ്യര്‍, മണിഅയ്യരുടെ വോക്കല്‍ സപ്പോര്‍ട്ട്‌ ആയിരുന്നു. 1968ൽ‌ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചു. പ്രശസ്‌ത വയലിന്‍ വിദ്വാന്‍ ടി.എന്‍.കൃഷണനും മൃദംഗത്തില്‍ വെല്ലൂര്‍ രാമഭദ്രനും ഘടത്തില്‍ ആലങ്കുടി രാമചന്ദ്രമുമായിരുന്നു അരങ്ങേറ്റത്തിനു പക്കം വായിച്ചത്‌.

പഠിക്കാന്‍ ഏറെ ശ്രമകരമായ അന്‍പതോളം കൃതികള്‍ മണി അയ്യരില്‍നിന്നു പത്താമത്തെ വയസ്സില്‍തന്നെ ശങ്കരനാരായണന്‍ ഹൃദ്യസ്ഥമാക്കി. പതിനാറാമത്തെ വയസ്സുമുതല്‍ അമ്മാവന്‍ മണി അയ്യര്‍ക്കൊപ്പം പാടിത്തുടങ്ങി. മണി അയ്യരുടെ മരണശേഷം അച്ഛന്‍ വേമ്പു അയ്യരായിരുന്നു ‌ഗുരു. മണി അയ്യരുടെ ശൈലിയാണ്‌ ടിവിഎസ്‌ പിന്തുടർന്നത്. കൊമേഴ്‌സില്‍ ബിരുദപഠനത്തിനുശേഷം അഭിഭാഷകനായി എൻറോൾ ചെയ്‌തെങ്കിലും സംഗീതപാതയാണ്‌ ടിവിഎസ്‌ പിന്തുടര്‍ന്നത്‌.

പ്രശസ്‌തരായ വയലിനിസ്റ്റുകള്‍ക്കും മൃദംഗ വിദ്വാന്‍മാര്‍ക്കുമൊപ്പം നിരവധി വേദികള്‍ ടിവിഎസ്‌ പങ്കിട്ടു. ലാല്‍ഗുഡി ജയരാമന്‍, എം.എസ്‌.ഗോപാലകൃഷ്‌ണന്‍, ടി.കെ.മൂര്‍ത്തി, മുരുകാഭൂപതി, പാലക്കാട്‌ മണി രഘു, ഉമയാൾപുരം ശിവരാമന്‍ എന്നിവര്‍ അതില്‍ ചിലരാണ്‌. അമേരിക്കയില്‍ ആദ്യമായി കര്‍ണാടക സംഗീതപര്യടനം നടത്തിയ സംഗീതജ്ഞനും ഇദ്ദേഹമാണ്. 1975ല്‍ ആയിരുന്നു അത്‌. കാനഡ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ഹോങ്കോങ്‌ എന്നീ രാജ്യങ്ങളിലെല്ലാം കച്ചേരി അവതരിപ്പിച്ചു. ന്യൂയോര്‍ക്ക്‌ ലിങ്കണ്‍ സെന്ററില്‍ 1999 സെപ്റ്റംബറില്‍ മില്ലേനിയം–2000 സംഗീതപരിപാടിയില്‍ കച്ചേരി അവതരിപ്പിക്കാന്‍ ടിവിഎസിനെ തിരഞ്ഞെടുത്തിരുന്നു

കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌ (1990), മദ്രാസ്‌ സംഗീത അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം (2003), ഗായക ശിഖാമണി പുരസ്‌കാരം (യുഎസ്‌എ 1981), ഇന്നിശൈ പേരരശ്‌ (ടൊറന്റോ 1981), ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സിന്റെ സംഗീത കലാശിഖാമണി പുരസ്‌കാരം (2005), വിദ്യാ തപസ്വി (തപസ്‌ ഫൗണ്ടേഷന്‍ 2012) തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി. 

English Summary: Carnatic vocalist TV Sankaranarayanan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com