ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎമ്മിൽ മഗ്സസെ അവാർഡിനെച്ചൊല്ലി വിവാദം. ഏഷ്യയിലെ അത്യുന്നത ബഹുമതിയായ മഗ്സസെ അവാർഡ് സ്വീകരിക്കുന്നതില്‍നിന്ന് മുൻ ആരോഗ്യമന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ.ശൈലജയെ സിപിഎം വിലക്കി. 2022ലെ മഗ്സസെ പുരസ്കാരത്തിനാണു ശൈലജയുടെ പേര് നിർദേശിക്കപ്പെട്ടത്. പുരസ്കാരത്തിന് നിർദേശിക്കപ്പെട്ട വിവരം ശൈലജ പാർട്ടിയെ അറിയിച്ചുവെന്നും, സ്വീകരിക്കുന്നതിൽനിന്ന് ശൈലജയെ വിലക്കിയെന്നുമാണ് വിവരം.

കോവിഡ്, നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്താണു ശൈലജയെ അവാർഡിന് തിരഞ്ഞെടുത്തത്. കമ്യൂണിസ്റ്റ് വിപ്ലവകാരികളെ കൊന്നുതള്ളിയ ആളാണ് മുൻ ഫിലിപ്പീൻസ് പ്രസിഡന്റായിരുന്ന റമൺ മാഗ്സസെയെന്നും അങ്ങനെയൊരാളിന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കേണ്ടെന്നുമാണ് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുത്തത്. തുടർന്ന്, പുരസ്കാരം സ്വീകരിക്കുന്നില്ലെന്ന് ശൈലജ സമിതിയെ അറിയിക്കുകയായിരുന്നു.

കെ.കെ.ശൈലജയ്ക്കു 2022ലെ മഗ്സസെ പുരസ്കാരം ലഭിച്ചിട്ടും സ്വീകരിക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചതായി ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ ആണ് റിപ്പോർട്ട് ചെയ്തത്. രണ്ട് പതിറ്റാണ്ട് മുൻപു ജ്യോതി ബസുവിനു പ്രധാനമന്ത്രിപദം നിരസിച്ചശേഷം സിപിഎം എടുത്ത രണ്ടാമത്തെ ‘ചരിത്രപരമായ മണ്ടത്തരം’ എന്നാണു പത്രം ഇതിനെ വിശേഷിപ്പിച്ചത്. നിപ്പയും കോവിഡും ഫലപ്രദമായി കൈകാര്യം ചെയ്തതിനു കേരളത്തെയും ശൈലജയെയും രാജ്യാന്തര മാധ്യമങ്ങൾ പ്രകീർത്തിച്ചിരുന്നു.

ഏഷ്യയിലെ പരമോന്നത ബഹുമതിയാണ് റമൺ മഗ്സസെ അവാർഡ്. 1957ൽ റോക്ക് ഫെല്ലർ ബ്രദേഴ്‌സ് ഫണ്ട് ഗ്രാന്റാണ് ഏഷ്യയിലെ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ഈ പുരസ്‌കാരം ആരംഭിച്ചത്. 1907 ഓഗസ്‌റ്റ് 31ന് ഇബായിൽ ജനിച്ച മഗ്‌സസെ ചുരുങ്ങിയ കാലംകൊണ്ടു ഫിലിപ്പീൻസിൽ മാത്രമല്ല, ലോക രാഷ്‌ട്രങ്ങൾക്കിടയിൽത്തന്നെ ആദരം നേടിയ നേതാവായിരുന്നു. പ്രസിഡന്റായി മൂന്നുവർഷവും മൂന്നുമാസവുമേ പ്രവർത്തിച്ചുള്ളൂ. 1957 മാർച്ച് 17നു വിമാനം തകർന്നായിരുന്നു മരണം.

English Summary: CPM scuttled Ramon Magsaysay Award for former Kerala health minister KK Shailaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com