ADVERTISEMENT

രാജസ്ഥാനിലെ ഭിൽവാരയിൽ കഴിഞ്ഞദിവസം ഭർതൃഗൃഹത്തിലെത്തിയ നവവധുവിനെ വരന്റെ മാതാപിതാക്കൾ കന്യകാത്വ പരിശോധനയ്ക്ക് (‘കുക്കടി പ്രഥ’) വിധേയയാക്കിയത് വൻവിവാദമായിരുന്നു. പരിശോധനയിൽ പെൺകുട്ടി പരാജയപ്പെട്ടതായി ആരോപിച്ച് വരന്റെ ബന്ധുക്കൾ യുവതിയെ മർദിച്ചു. വരന്റെ കുടുംബത്തിന്റെ പരാതിയിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് യുവതിയോടു ഗ്രാമസഭ ആവശ്യപ്പെട്ടു. 24 വയസ്സുള്ള യുവതി ഇതിനെതിരെ പൊലീസിൽ പരാതി നൽകി. സംഭവം പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായതോടെ പൊലീസ് കേസെടുത്തു.

∙ ‘അങ്ങനെയൊക്കെ ഇപ്പോഴുമുണ്ടോ?’

കേരളത്തിലിരുന്ന് ഈ വാർത്ത വായിച്ചപ്പോൾ ഒട്ടുമിക്കയാളുകളുടെയും മനസ്സിൽ വന്നൊരു ചോദ്യമാണ് കന്യകാത്വ പരിശോധനയൊക്കെ ഇപ്പോഴുമുണ്ടോ? സ്ത്രീശക്തി മുദ്രാവാക്യങ്ങളും വനിതാക്ഷേമ പദ്ധതികളും അരങ്ങു തകർക്കുമ്പോഴാണു സ്ത്രീകളുടെ മൂല്യം കന്യകാത്വത്തിന്റെ പേരിൽ അളന്ന് അപമാനിക്കുന്നത്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും ആളുകൾ ‘കുക്കടി പ്രഥ’ പോലുള്ള പാരമ്പര്യങ്ങളിൽ കാര്യമായി വിശ്വസിക്കുന്നുണ്ട്. ‌സ്ത്രീകൾ വിശുദ്ധിയുടെ തെളിവ് നൽകേണ്ടത് ആർക്കാണ്, എന്തിനാണ്? കന്യകയാകുന്നത് സ്ത്രീയുടെ വിശുദ്ധിയുടെ തെളിവാണോ? തുടങ്ങിയ ചോദ്യങ്ങൾ ശക്തമായിത്തന്നെ ഉയരുന്നു.

∙ നൂലിൽ തെളിയുന്ന ‘കുക്കടി പ്രഥ’?

ഇന്ത്യയിലെ പാരമ്പര്യങ്ങളിലും സംസ്കാരത്തിലും ഉന്നത സ്ഥാനം സ്ത്രീകൾക്ക് നൽകിവന്നതായി പറയുമ്പോഴും ചില ആനാചാരങ്ങളും പാരമ്പര്യങ്ങളും കൈവിടാൻ സമൂഹം ഒരുക്കമല്ലെന്നതിന്റെ തെളിവാണു കുക്കടി പ്രഥ. നവവധുവിന്റെ കന്യകാത്വ പരിശോധന നടത്തുന്നതിനുള്ള പേരാണിത്. യുവതി പരിശോധനയിൽ പരാജയപ്പെട്ടാലോ? വളരെയേറെ ക്രൂരതകളും അപമാനങ്ങളുമാണു നേരിടേണ്ടി വരിക.

രാജസ്ഥാനിലെ ഗോത്രവർഗമായ സാൻസി വിഭാഗത്തിൽ നിലനിൽക്കുന്ന അനാചാരമാണ് ‘കുക്കടി പ്രഥ’. മഹാരാഷ്ട്രയിലെ കഞ്ജർഭട്ട് തുടങ്ങിയ സമൂഹങ്ങളിലും കുക്കടി പ്രഥ ഇപ്പോഴും പ്രയോഗത്തിലുണ്ട്. വിവാഹിതരായ ദമ്പതികളുടെ മധുവിധു വേളയിൽ കിടക്കയിൽ വെളുത്ത വിരി വിരിച്ചാണ് പരിശോധനയ്ക്ക് ‘കളമൊരുക്കുക’. ഇതോടൊപ്പം കട്ടിലിൽ വൃത്തിയുള്ള വെളുത്ത നൂലും (കുക്കടി) വയ്ക്കുന്നു. നവദമ്പതികൾ ബന്ധത്തിൽ ഏർപ്പെട്ടാൽ, യുവതിയുടെ കന്യാചർമം പൊട്ടി കിടക്കവിരിയിലും നൂലിലും രക്തക്കറ കാണും എന്നാണ് വിശ്വാസം. പിറ്റേന്നു രാവിലെ കുടുംബാംഗങ്ങൾ വിരിപ്പിലും നൂലിലും രക്താംശം കണ്ടെത്തുന്നതോടെ കുക്കടി പ്രഥ ചടങ്ങ് പൂർത്തിയാകും. ‘കുകാരി കി രസ്’ എന്നും ഇതിനു പേരുണ്ട്.

രക്തക്കറ കണ്ടെത്തിയില്ലെങ്കിൽ കാര്യങ്ങൾ വഷളാകും. യുവതി സൽസ്വഭാവമില്ലാത്തവളോ അശുദ്ധയായോ കണക്കാക്കപ്പെടും. യുവതിയുടെ നേർക്കു ഭർതൃവീട്ടുകാരുടെ പീഡനവും തുടങ്ങും. കന്യകയല്ലാത്തതിന്റെ പേരിൽ, ഭർത്താവിന്റെ മാതാപിതാക്കൾ യുവതിയെ മർദിക്കും. നേരത്തേ മറ്റാരെങ്കിലുമായി ബന്ധമുണ്ടായിരുന്നെന്നു ഖാപ് പഞ്ചായത്തിന് മുന്നിൽ സമ്മതിക്കാൻ അവളെ നിർബന്ധിക്കും. ആരുമായും ബന്ധമില്ലെങ്കിലും, ഭർതൃവീട്ടുകാരുടെ മർദനത്തെതുടർന്നു ഭൂരിഭാഗം പെൺകുട്ടികളും ഖാപ്പിനു മുന്നിൽ ‘തെറ്റുകാരെന്ന്’ സ്വയം സമ്മതിക്കും.

1248-woman-abuse
പ്രതീകാത്മക ചിത്രം.

∙ ജലപരീക്ഷയുണ്ട്, അഗ്നിപരീക്ഷയും

സ്ത്രീയോ പെൺകുട്ടിയോ കന്യക ആണോ അല്ലയോ എന്നു പരിശോധിക്കുന്ന പ്രക്രിയയാണിത്. എപ്പോഴെങ്കിലും ശാരീരികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കുകയാണ് ഉദ്ദേശ്യം. വെള്ളത്തിൽ തലമുക്കിത്താഴ്ത്തി എത്രനേരം പിടിച്ചുനിൽക്കുമെന്നു പരിശോധിക്കുന്ന ‘ജലപരീക്ഷ’യുണ്ട്. അഗ്നിപരീക്ഷയാണു മറ്റൊന്ന്. ചുട്ടുപഴുത്ത ഇരുമ്പ് കയ്യിൽപിടിച്ചാണ് യുവതി കന്യകാത്വം തെളിയിക്കേണ്ടത്. ഇതിനു കഴിഞ്ഞില്ലെങ്കിൽ തന്റെ മുൻ പങ്കാളികളുടെ പേര് പരസ്യമായി പറയേണ്ടി വരും.

പിന്നെയുള്ളതാണ് രണ്ടുവിരൽ പരിശോധന (ടു ഫിംഗർ ടെസ്റ്റ്). ഒട്ടേറെ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വിഷയമായ ‘ടു ഫിംഗർ’ പരിശോധനയിൽ മദ്രാസ് ഹൈക്കോടതി അടുത്തിടെ ഇടപെട്ടിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടികളെ ‘രണ്ടുവിരൽ’ പരിശോധനയ്ക്കു വിധേയമാക്കാരുതെന്നും ഇതിൽനിന്നു മെഡിക്കൽ വിദഗ്ധരെ തടയണമെന്നുമാണു മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിനോട് ഉത്തരവിട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ആർ.സുബ്രഹ്മണ്യൻ, എൻ.സതീഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ‘ദുരാചാരം’ അവസാനിപ്പിക്കണമെന്നു പറഞ്ഞത്.

ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള കേസുകളിൽ ഈ പരിശോധന ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും ഈ കേസിൽ ബെഞ്ച് നിരീക്ഷിച്ചു. അതിജീവിതകളുടെ സ്വകാര്യത, ശാരീരികവും മാനസികവുമായ അന്തസ്സ് എന്നിവയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നതാണ് പരിശോധന. ഇതു ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രീം കോടതിയും നിരവധി ഹൈക്കോടതികളും പറഞ്ഞിട്ടും രാജ്യത്ത് ഇപ്പോഴും തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു. നേരത്തേ, ഐക്യരാഷ്ട്ര സംഘടനയും (യുഎൻ) ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) വിഷയത്തിൽ ഇടപെട്ടിരുന്നു.

∙ എന്താണ് രണ്ടുവിരൽ പരിശോധന?

അതിക്രമത്തെ അതിജീവിച്ചയാളുടെ യോനിക്കുള്ളിൽ ഡോക്ടർ രണ്ട് വിരലുകൾ പ്രവേശിപ്പിച്ച് കന്യാചർമം കേടുകൂടാതെയുണ്ടോ എന്നു പരിശോധിക്കുന്ന ശാരീരിക പരിശോധനയാണിത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് നിർണയിക്കാൻ, യോനിയിലെ പേശികളുടെ അയവ് പരിശോധിക്കുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ കന്യാചർമം കീറാമെന്നും സ്ത്രീയുടെ ലൈംഗികാവയവത്തിന്റെ രൂപമാറ്റം കണ്ടെത്താമെന്നും അനുമാനിച്ചാണ് ഈ പരിശോധന. ഇതിലൂടെ ഒരു സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നു ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ലെന്നാണു ലോകാരോഗ്യ സംഘടനയുടെയും മറ്റും വിലയിരുത്തൽ.

സുപ്രീം കോടതി 2013 മേയിൽ രണ്ടു വിരൽ പരിശോധന നിരോധിച്ചതാണ്. ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്നതിന് മെച്ചപ്പെട്ട മെഡിക്കൽ നടപടിക്രമങ്ങൾ നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. അതിജീവിതകൾക്ക‌് അവരുടെ മാനസികവും ശാരീരികവുമായ സമഗ്രതയ്ക്കും അന്തസ്സിനും ഭംഗം വരുത്താത്ത നിയമപരമായ സഹായത്തിന് അർഹതയുണ്ടെന്നും പ്രഖ്യാപിച്ചു. എന്നാൽ, രാജ്യത്ത് ഇതു നിർബാധം തുടരുകയാണ്. സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ കന്യാചർമം ഛേദിക്കപ്പെടൂ എന്ന വാദത്തെ അടിസ്ഥാനമാക്കിയാണ് 2 വിരൽ പരിശോധന പലപ്പോഴും നടന്നിരുന്നത്.

Woman-abuse
പ്രതീകാത്മക ചിത്രം.

ഇത് ധാർമികമായി തെറ്റാണെന്നു മാത്രമല്ല, വാദം പിഴവുള്ളതുമാണ്. ഒരു സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നതു കന്യാചർമത്തിന്റെ അവസ്ഥ നോക്കി മാത്രം നിർവചിക്കാനാവില്ല. സൈക്കിൾ ചവിട്ടുന്നത് മുതൽ സ്വയംഭോഗം വരെ പല കാരണങ്ങളാൽ കന്യാചർമം കീറാൻ സാധ്യതയുണ്ടെന്നു വിവിധ മെഡിക്കൽ ജേണലുകളിലെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പരുക്കില്ലാത്ത കന്യാചർമം ലൈംഗികാതിക്രമത്തെ തള്ളിക്കളയുന്നില്ലെന്നും, തകരാറുള്ള കന്യാചർമം മുൻകാലങ്ങളിലെ ലൈംഗിക ബന്ധമല്ല സൂചിപ്പിക്കുന്നതെന്നും ഗവേഷണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ചില സ്ത്രീകൾക്കു ജന്മനാതന്നെ കന്യാചർമം ഉണ്ടാകണമെന്നില്ല. ഒരിക്കൽ ലൈംഗിക അതിക്രമത്തിലൂടെ കടന്നുപോയ അതിജീവിതയെ വൈദ്യശാസ്ത്രം ഇത്തരം പരിശോധനകളിലൂടെ വീണ്ടും ശിക്ഷിക്കുകയാണെന്ന് ആരോഗ്യവിദഗ്ധരും സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

∙ കന്യകാത്വം കിട്ടും, ഓൺലൈനിൽ

2013ൽ മധ്യപ്രദേശിൽ സർക്കാർ നടത്തിയ സമൂഹവിവാഹത്തിൽ പങ്കെടുത്ത 350 നവവധുക്കളെ കന്യകാത്വ പരിശോധനയ്‌ക്കു വിധേയമാക്കിയത് വിവാദമായതാണ് രാജ്യത്തു ശ്രദ്ധിക്കപ്പെട്ട മറ്റൊരു സംഭവം. ബേട്ടൂൽ ജില്ലയിലെ ഹരാഡ് ഗ്രാമത്തിലായിരുന്നു ഇത്. പരിശോധന നടത്തണമെന്നു സർക്കാർ ഉദ്യോഗസ്‌ഥർ നിർദേശിക്കുകയായിരുന്നു. ഷഹദോൾ ജില്ലയിലെ ഗോർതാര ഗ്രാമക്കാരിയായ യുവതിയുടെ പരാതിയിൽ ഷഹദോൾ ജില്ലാ കലക്‌ടർ, ജില്ലാ പഞ്ചായത്ത് ഓഫിസർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്‌ടർ എന്നിവർക്കെതിരെ കേസെടുത്തു. മുൻപു വിവാഹിതരായവർ സർക്കാർ ആനുകൂല്യം തട്ടിയെടുക്കാൻ വീണ്ടും സമൂഹവിവാഹങ്ങളിൽ പങ്കെടുക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതു തടയാനായിരുന്നത്രെ പരിശോധന.

ഈ പുകിലിനിടെ, സ്വന്തം കന്യകാത്വം ഓൺലൈൻ ലേലത്തിലൂടെ വിൽക്കുന്നവരുമുണ്ട്. നതാലി ഡൈലൻ (22) എന്ന അമേരിക്കൻ യുവതി 2008 സെപ്റ്റംബറിൽ ഇന്റർനെറ്റിലൂടെ കന്യകാത്വം ലേലം ചെയ്യാൻ തീരുമാനിച്ചതു വലിയ ചർച്ചയായിരുന്നു. പണത്തിനു വേണ്ടിയല്ല, സാമൂഹിക പരീക്ഷണം എന്ന നിലയ്‌ക്കാണു കന്യകാത്വം ഇ-ലേലം വഴി വിറ്റഴിക്കാൻ തീരുമാനിച്ചതെന്നാണു നതാലി പറഞ്ഞത്. നതാലിയുടെ പ്രതീക്ഷകളെ അസ്‌ഥാനത്താക്കി ലേലത്തിനായി കോടികൾക്കുമേൽ കോടികൾ മറിഞ്ഞു. 38 ലക്ഷം യുഎസ് ഡോളറായിരുന്നു (ഏകദേശം 17 കോടി രൂപ) നതാലിക്കു ലഭിച്ച ഏറ്റവും ഉയർന്ന ബിഡ്. നതാലിയുടെ പരീക്ഷണംകൊണ്ട് കാര്യങ്ങൾ അവസാനിക്കുകയായിരുന്നില്ല, ആരംഭിക്കുകയായിരുന്നു. പിന്നെയും പലരും ഊരുംപേരും വെളിപ്പെടുത്തിയും അല്ലാതെയും പരസ്യമായും ഇ–ലേലത്തിന്റെ ഭാഗമായി.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം.

∙ സ്ത്രീക്ക് അപമാനം, പുരുഷന് ലാഭം!

നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് കുക്കടി പ്രഥയ്ക്ക്. ഇന്ത്യയിൽ ബ്രിട്ടിഷുകാർ വന്നശേഷമാണു കുക്കടി പ്രഥ ശക്തമായതെന്നാണു പൊതുവെ കരുതുന്നത്. ബ്രിട്ടിഷുകാർ ഉൾപ്പെടെയുള്ള വിദേശികളിൽ ചിലർ, സ്ത്രീകളുമായി ബലമായി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും ശേഷം അവരെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, രാജ്പുത് തുടങ്ങിയ ചില സമുദായങ്ങളിൽ മരുമകളാകുന്ന പെൺകുട്ടി നേരത്തേ ആരെങ്കിലുമായി ശാരീരികബന്ധം പുലർത്തിയിട്ടുണ്ടാകരുതെന്നു ഭർത്താവിന്റെ മാതാപിതാക്കൾ ശഠിച്ചു. അങ്ങനെയാണു കന്യകാത്വ പരിശോധനയ്ക്കായി കുക്കടി സമ്പ്രദായം പ്രാബല്യത്തിലായത് എന്നാണ് ഒരു വാദം.

ഇതു പിന്നീട് രാജസ്ഥാനിലെ സാൻസി സമൂഹവും മറ്റ് സംസ്ഥാനങ്ങളിലെ ജനവിഭാഗങ്ങളും പിന്തുടരുകയായിരുന്നു. ആധുനിക കാലത്തും ആചാരം മാറ്റമില്ലാതെ തുടരുന്നുമുണ്ട്. സ്ത്രീകളുടെ വിശുദ്ധി പരിശോധിക്കലാണ് ഉദ്ദേശ്യമെങ്കിലും ഭൂരിപക്ഷത്തിനും ഇതൊരു ധനസമ്പാദന മാർഗമാണ് എന്നതാണു കൗതുകകരം. കന്യകാത്വം നഷ്ടപ്പെട്ടവളാണ് ഭാര്യ എന്നതു ഭർത്താക്കന്മാരെ സന്തോഷിപ്പിക്കുന്നു. കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ട യുവതിയുടെ വീട്ടുകാരിൽനിന്ന് കൂടുതൽ പണം ‘പിഴയായി’ ഈടാക്കാം എന്നതാണു കാരണം.

പ്രതീകാത്മക ചിത്രം. Photo: Sultan Shah/Shutterstock
പ്രതീകാത്മക ചിത്രം. Photo: Sultan Shah/Shutterstock

കന്യകാത്വ പരിശോധന ഇന്ത്യയിൽ മാത്രമുള്ളതാണോ? അല്ലെന്നാണു യുഎസിലെ പ്രമുഖ മെഡിക്കൽ മാധ്യമമായ ‘ഹെൽത്ത് ലൈൻ’ പറയുന്നത്. യുഎസ്, കാനഡ, സ്‌പെയിൻ, സ്വീഡൻ, നെതർലാൻഡ്സ്, ഈജിപ്‌ത്, ഇറാഖ്, ഇന്തൊനീഷ്യ, സിംബാംബ്‌വെ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഏറിയുംകുറഞ്ഞും പലവിധ ‘കുക്കടി’കൾ നിലനിൽക്കുന്നുണ്ട്. പരിശോധനയിൽ പരാജയപ്പെടുന്ന സ്ത്രീകൾക്കുള്ള ശിക്ഷ ഓരോ രാജ്യത്തും വ്യത്യസ്തമാണ് എന്നുമാത്രം. കാലത്തിനനുസരിച്ചു മാറണമെന്നു നടിക്കുന്നവർക്കായി ‘വിർജിനിറ്റി കിറ്റുകൾ’ ഓൺലൈനിലും ലഭ്യമാണ്.

കന്യകാത്വ പരിശോധന പുരുഷാധിപത്യപരമായ ആശയമാണെന്ന ആക്ഷേപം നിരവധിപ്പേർ ഉന്നയിക്കുന്നുണ്ട്. ഇത്തരം പരിശോധന മാനുഷിക ധാർമികതയ്ക്കും മെഡിക്കൽ ധാർമികതയ്ക്കും എതിരാണ്. ഇതിനൊപ്പം അതിജീവിതയുടെ സ്വകാര്യതയെയും ലംഘിക്കുന്നു. അവിവാഹിതരായ സ്ത്രീകൾ കന്യകകളായിരിക്കണമെന്നതും അത് അവരുടെ സ്വഭാവ ഗുണത്തിനുള്ള അംഗീകാരമാണെന്നുമുള്ള തരത്തിൽ സമൂഹം അടിച്ചേൽപ്പിച്ച സദാചാരപാഠത്തിന്റെ ബാധ്യതയാണ് ഇതിലൂടെ സ്ത്രീകൾ ചുമക്കുന്നത്. പുരുഷന്റെ പക്ഷത്ത് ഇത്തരം സദാചാരബാധ്യതകൾ ഇല്ലെന്ന ഇരട്ടത്താപ്പുമുണ്ട്. സ്ത്രീകൾക്കു മാത്രമായി നടത്തപ്പെടുന്ന ഈ പരിശോധന കൂടുതലും സമ്മതമില്ലാതെയാണു നടക്കുന്നതും.

എന്തുകൊണ്ടാണ് 21–ാം നൂറ്റാണ്ടിലും കുക്കടികൾ തുടരാൻ കാരണം? ഈ അനാചാരം തടയാൻ ഇന്ത്യയിൽ ഫലപ്രദമായ നിയമം ഇല്ലെന്നതാണു യാഥാർഥ്യം. ‘കുക്കടി പ്രഥ’യ്ക്ക് ഇരയായ സ്ത്രീ ഒരുപാട് ക്രൂരതകളാണു നേരിടേണ്ടി വരുന്നത്. സ്ത്രീ നേരിട്ടുചെന്ന് പൊലീസിനോട് പറഞ്ഞാൽ മാത്രമേ നിയമനടപടി സ്വീകരിക്കൂ. വീട്ടുകാരെയും ഖാപ് പഞ്ചായത്തിനെയും വെല്ലുവിളിച്ച് വിരലിൽ എണ്ണാവുന്ന സ്ത്രീകൾ മാത്രമേ ഇത്തരത്തിൽ പൊലീസിനെ സമീപിക്കാൻ ധൈര്യപ്പെടൂ. ഭൂരിഭാഗം സ്ത്രീകളും ഈ ആചാരത്തെയും കഷ്ടതകളെയും ജീവിതകാലം മുഴുവൻ സഹിക്കുകയാണ് പതിവ്.

English Summary: Woman virginity test Kukdi Pratha practice in India- Explainer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com