ADVERTISEMENT

ഏറ്റവും കൂടുതൽ കാലം കിരീടം ചൂടിയ ബ്രിട്ടിഷ് രാജ്ഞി എന്ന പദവിക്കൊപ്പം ഫിലിപ് രാജകുമാരനുമായി ഊഷ്മളമായ ദാമ്പത്യവും എലിസബത്ത് പുലർത്തിയിരുന്നു. ‘ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ്’, ഇങ്ങനെയാണു ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ നിഴലായി അദ്ദേഹം ഏഴു ദശകമാണ് ബക്കിങ്ങാം കൊട്ടാരത്തിൽ ജീവിച്ചത്. 

FILE - Britain's Queen Elizabeth II wears a paisley print dress while receiving the President of Switzerland Ignazio Cassis and his wife Paola Cassis during an audience at Windsor Castle in Windsor, England on April 28, 2022. (Dominic Lipinski/Pool Photo via AP, File)
എലിസബത്ത് രാജ്ഞി Dominic Lipinski/Pool Photo via AP, File)

താനും ഫിലിപ് രാജകുമാരനും പ്രണയത്തിലായതെങ്ങനെയെന്നു വിശദീകരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ കത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പ് ലേലത്തിൽ പോയിരുന്നു. 14,000 പൗണ്ടിനാണ് (ഏകദേശം 12.81 ലക്ഷം രൂപ) ആ കത്ത് ലേലത്തിൽ പിടിച്ചത്. 1947 ൽ, ഇരുപത്തിയൊന്നാം വയസ്സിൽ, വിവാഹത്തിനു മാസങ്ങൾക്കു മുൻപ് എലിസബത്ത് രാജകുമാരി എഴുതിയ കത്താണു ലേലത്തിൽ വച്ചത്. ഇരുവരും ആദ്യമായി കണ്ടത്, ഫിലിപ് രാജകുമാരന്റെ കാറിൽ പോകുമ്പോൾ ഒരു ഫൊട്ടോഗ്രഫർ പിന്നാലെ പാഞ്ഞത്, ലണ്ടൻ നിശാക്ലബ്ബിൽ നൃത്തം ചെയ്‌തത് തുടങ്ങിയ കാര്യങ്ങളാണ് എഴുത്തുകാരി ബെറ്റി ഷൗവിനെഴുതിയ ഈ കത്തിലുള്ളത്. എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം പിറന്നാൾ സമയത്തായിരുന്നു പ്രണയവർത്തമാനം നിറഞ്ഞ പഴയ കത്ത് ലേലത്തിൽ പോയത്. പതിമൂന്നാം വയസ്സിൽ തുടങ്ങിയ ആ പ്രണയം രാജകീയമായിത്തന്നെ തുടർന്നു.

BRITAIN-ROYAL/PHILIP
എലിസബത്ത് രാജ്ഞിയും ഫിലിപ് രാജകുമാരനും. – ഫയൽ ചിത്രം.

ജന്മം കൊണ്ടു ഫിലിപ്, ഗ്രീക്ക്–ഡാനിഷ് രാജകുമാരനാണ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഗ്രീസിന്റെ രാജാവായിരുന്നു. എന്നാൽ, 1922 ൽ ഭരണ അട്ടിമറിയെത്തുടർന്നു ഗ്രീസിൽ നിന്നു മാതാപിതാക്കൾക്കൊപ്പം പലായനം ചെയ്തു. ഓറഞ്ച് ബോക്സ് കൊണ്ടു നിർമിച്ച തൊട്ടിലിൽ കിടത്തിയാണു 18 മാസം പ്രായമുള്ള ഫിലിപ്പിനെയും കൊണ്ട് അമ്മ ആലിസ് രാജകുമാരി ഒരു ബ്രിട്ടിഷ് പടക്കപ്പലിൽ ഇറ്റലിയിൽ എത്തിയത്.

Queen Elizabeth II shelters from the rain under an umbrella in the garden of Buckingham Palace, as up to 8,000 guests attend the first royal garden party of the year, in London, Britain May 10, 2016. REUTERS/John Stillwell/Pool   Photograph taken May 10, 2016.
എലിസബത്ത് രാജ്ഞി (REUTERS/John Stillwell)

1930 ൽ ഫിലിപ്പിന് എട്ടു വയസ്സുള്ളപ്പോൾ അമ്മ മാനസികാരോഗ്യപ്രശ്നം കാരണം ആശുപത്രിയിലായി. ഫ്രാൻസിലേക്കു പോയ പിതാവ് പിന്നീടു മടങ്ങിവന്നില്ല. ഫിലിപ്പിന് അഭയമായത് അമ്മയുടെ ബ്രിട്ടിഷ് രാജകുടുംബബന്ധമാണ്. ഫിലിപ്പിന്റെ അമ്മ ആലിസ്, ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ പേരക്കുട്ടിയുടെ മകളായിരുന്നു. സ്കോട്ടിഷ് ബോർഡിങ് സ്കൂളായ ഗോർഡൻസ്റ്റണിൽ പഠനം പൂർത്തിയാക്കിയശേഷം ഫിലിപ്, റോയൽ നേവി കോളജിൽ ചേർന്നു മികച്ച കെഡറ്റ് എന്ന അംഗീകാരം നേടി. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം 21–ാം വയസ്സിൽ റോയൽ നേവിയുടെ ഏറ്റവും പ്രായം കുറഞ്ഞ ലഫ്റ്റനന്റുമാരിലൊരാളായി.

FILES-BRITAIN-ROYALS-PHILIP
എലിസബത്ത് രാജ്ഞിയും ഫിലിപ് രാജകുമാരനും Photo: POOL / AFP

1939 ൽ 13 വയസ്സുള്ള എലിസബത്ത് രാജകുമാരിയുമായുള്ള കൂടിക്കാഴ്ച പിന്നീടു പ്രണയമായി വളർന്നു. രണ്ടാം ലോക മഹായുദ്ധകാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തീവ്രമായത്. ഇതിനിടെ ചില മാധ്യമങ്ങളിൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് വാർത്തകൾ പ്രത്യക്ഷപ്പെട്ടു. ഒടുവിൽ ഇരുവരുടേയും വിവാഹം നടത്താൻ രാജകുടുംബം തീരുമാനിക്കുകയായിരുന്നു. 1947 നവംബർ 20 ന് ആയിരുന്നു വിവാഹം. ഫിലിപ്പിന് 26 വയസ്സ്. നവവധുവിന് 21. ഇതോടെ എഡിൻബർഗിലെ പ്രഭു (ഡ്യൂക്ക് ഓഫ് എഡിൻബർഗ്) എന്ന സ്ഥാനം ഫിലിപ് രാജകുമാരന് ലഭിച്ചു. 

Britain's Queen Elizabeth II visits the 2018 Chelsea Flower Show in London on May 21, 2018.
The Chelsea flower show, held annually in the grounds of the Royal Hospital Chelsea, opens to the public on May 22.  / AFP PHOTO / POOL / Chris Jackson
എലിസബത്ത് രാജ്ഞി ( AFP PHOTO )

10,000 മുത്തുകൾ പതിപ്പിച്ച പട്ടിന്റെ വസ്ത്രമായിരുന്നു എലിസബത്ത് വിവാഹത്തിന് അണിഞ്ഞത്. ലോക നേതാക്കളെല്ലാം വിവാഹത്തിനെത്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ മാന്ദ്യസമയത്തായിരുന്നു വിവാഹം. എന്നാൽ യാതൊരു കുറവും വിവാഹത്തിനുണ്ടായിരുന്നില്ല. വിവാഹത്തോടെ, നാവികസേനാ ജീവിതത്തിനു വിടപറഞ്ഞ് ഫിലിപ് കൊട്ടാരജീവിതം ആരംഭിച്ചു. 

PRINCE PHILIP LANUCHING MANORAMA ONLINE  AT MALAYALA MANORAMA KOCHI UNIT OFFICE
മനോരമ ഓൺലൈൻ വെബ്‌സൈറ്റിന്റെ പ്രകാശനം കൊച്ചിയിൽ ഫിലിപ് രാജകുമാരൻ നിർവഹിച്ചപ്പോൾ. – ഫയൽ ചിത്രം.

അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിൽ വന്നു ചേർന്നു. 1952ലാണു എലിസബത്ത് രാജ്ഞിയായത്. 

Britain’s Queen Elizabeth looks on during an event to mark the completion of the Elizabeth Line at Paddington Station in London, Britain, May 17, 2022. REUTERS/Toby Melville
എലിസബത്ത് രാജ്ഞി (REUTERS/Toby Melville)

ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്നാണ് പറയാറ്. എന്നാൽ എലിസബത്ത് രാജ്ഞിയുടെ കാര്യത്തിൽ അത് തിരിച്ചായിരുന്നു. ബ്രിട്ടനിൽ രാജ്ഞിയുടെ ഭർത്താവിനു ഭരണഘടനാപരമായ പദവികളൊന്നുമില്ല. രാജ്ഞി പൊതുചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഒരു ചുവട് പിന്നിൽ നടന്ന അദ്ദേഹം കൊട്ടാരരീതികളെ ആധുനീകരിക്കുന്നതിൽ മുൻകയ്യെടുത്തു. എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതൽ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചു. 2021ൽ മരണത്തിന് കീഴടങ്ങുന്നതുവരെ രാ‍‍ജ്ഞിയുടെ നിഴലായി ഫിലിപ് ഉണ്ടായിരുന്നു. 100 വയസ്സാകാൻ രണ്ട് മാസം മാത്രം ശേഷിക്കെ 2021 എപ്രിൽ 9 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഭർതൃവിയോഗത്തിന്റെ ഒരു വർഷവും അഞ്ചു മാസവും പൂർത്തിയാകുന്നതിനിടെ എലിസബത്ത് രാജ്ഞിയുടെ വിയോഗവും.

രാജ്ഞിയുടെ ഭർത്താവ്, രാജാവ് അല്ല 

എലിസബത്ത് രാജ്ഞിയുടെ ഭർത്താവാണെങ്കിലും ഫിലിപ് രാജകുമാരനു കിരീടാവകാശം ഇല്ലായിരുന്നു. മൂത്തമകൻ ചാൾസ് രാജകുമാരനാണു കിരീടാവകാശി. ബ്രിട്ടിഷ് പാരമ്പര്യം അനുസരിച്ച് രാജ്ഞിയുടെ ഭർത്താവിനു രാജാവ് എന്ന പദവി ലഭിക്കില്ല. എന്നാൽ, രാജാവിന്റെ ഭാര്യയ്ക്കു രാജ്ഞി എന്ന ആലങ്കാരിക പദവി ലഭിക്കും.

English Summary: ​​Prince Philip and Queen Elizabeth, Remembering a Royal Romance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com