ADVERTISEMENT

ന്യൂഡൽഹി ∙ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു കേന്ദ്ര സര്‍ക്കാര്‍. ബസുമതി ഒഴികെയുള്ള വിവിധ അരി ഇനങ്ങളുടെയും നെല്ലിന്‍റെയും കയറ്റുമതിക്ക് 20 ശതമാനം തീരുവയും ഏര്‍പ്പെടുത്തി. ഉല്‍പാദനം കുറയാനുള്ള സാധ്യത പരിഗണിച്ചു വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യഭദ്രത ഉറപ്പാക്കാനുമാണ് ഈ നടപടി. അരിയുല്‍പാദനം 80 ലക്ഷം ടണ്‍ വരെ കുറയാമെന്നു കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാന്‍ശു പാണ്ഡെ പറഞ്ഞു.

മോശം കാലാവസ്ഥ മൂലം രാജ്യത്ത് ഇത്തവണ അരി ഉല്‍പ്പാദനം കുറയുമെന്നാണു കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ സീസണില്‍ കൃഷിയിറക്കിയത് ആറു ശതമാനം കുറവാണ്. കൂടാതെ ആഭ്യന്തര വിപണയില്‍ അരി വില കുതിച്ചുയരുകയാണ്. ചില്ലറ വില്‍പന വിലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാൾ 5.7 ശതമാനമാണു വര്‍ധന. മൊത്തവില 7.8 ശതമാനം വര്‍ധിച്ചു. ഈ സാഹചര്യത്തിലാണു വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യഭദ്രത ഉറപ്പാക്കുക, ആഭ്യന്തരവിപണിയിലെ വില പിടിച്ചുനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ണയക തീരുമാനം.

നുറുക്ക് അരിയുടെ കയറ്റുമതി നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. നേരത്തേയുള്ള കരാറിന്‍റെ ഭാഗമായുള്ളതോ, ചരക്കുനീക്കം ആരംഭിച്ചതോ ആയ കയറ്റുമതിക്കു വ്യാഴാഴ്ച വരെ ഇളവുണ്ട്. ബസുമതി ഇതര വിവിധ ഗ്രേഡ് അരികള്‍ക്ക് 20 ശതമാനം കയറ്റുമതിച്ചുങ്കവും നിലവില്‍വന്നു. ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ അരി ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ. രാജ്യാന്തര കയറ്റുമതിയില്‍ 40 ശതമാനം ഇന്ത്യയില്‍ നിന്നാണ്.

യുക്രെയ്ന്‍ യുദ്ധം അടക്കമുള്ള സാഹചര്യങ്ങള്‍ മൂലം അരിയുടെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിലക്കുറവ് മുതലെടുത്ത് വലിയ തോതില്‍ അരി സംഭരിച്ച് മറിച്ചു വിറ്റ് വന്‍ ലാഭമുണ്ടാക്കുന്നതും കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 112 ദശലക്ഷം ടണ്‍ അരി ഉല്‍പാദനമാണ് ഈ ഖാരിഫ് സീസണില്‍ ലക്ഷ്യമിട്ടിരുന്നത്. 150ഒാളം രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നുണ്ട്.

English Summary: India bans export of broken rice, imposes 20% duty on non-Basmati rice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com