ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പുറത്തുവിടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി തലവൻ മധുസൂദൻ മിസ്ത്രി. പിസിസികളെയോ എഐസിസിയിലെ തിരഞ്ഞെടുപ്പ് അതോറ്റിറ്റി ഓഫിസിനെയോ സമീപിച്ച് പട്ടിക പരിശോധിക്കാം. എല്ലാ പ്രതിനിധികൾക്കും ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഐഡി കാർഡുകൾ വിതരണം ചെയ്യുമെന്നും മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. 

ഇക്കാര്യം അറിയിച്ചുള്ള കത്ത്, വിഷയത്തിൽ പരാതി ഉന്നയിച്ച ശശി തരൂർ അടക്കം അഞ്ച് എംപിമാർക്കും അയച്ചു. എഐസിസി തീരുമാനത്തിൽ മാറ്റമില്ലെങ്കിലും ക്യൂആർ കോഡുള്ള ഐഡി കാർഡുകൾ അടക്കം തയാറാക്കിയതിനാൽ മറുപടി തൃപ്തികരമെന്ന് ശശി തരൂരും കാർത്തി ചിദംബരവും പ്രതികരിച്ചു. ഏറ്റുമുട്ടലല്ല വ്യക്തത തേടുകയാണ് ചെയ്തതെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.

പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളിലെ ‘സുതാര്യതയിലും നീതിയിലും’ ഉത്കണ്ഠയുണ്ടെന്നു കാട്ടിയാണ് ശശി തരൂർ ഉൾപ്പെടെ അഞ്ച് കോൺഗ്രസ് എംപിമാർ മധുസൂദനൻ മിസ്ത്രിക്ക് കത്ത് അയച്ചത്. തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക, എല്ലാ സ്ഥാനാർഥികൾക്കും വോട്ടവകാശം ഉള്ളവർക്കും കൃത്യമായി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

തരൂരിനെക്കൂടാതെ മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോർഡോലൈ, അബ്ദുൽ ഖാർക്വീ തുടങ്ങിയവരും സെപ്റ്റംബർ ആറിന് മിസ്ത്രിക്ക് അയച്ച കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. വോട്ടർ പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തിൽ തെറ്റായ ഇടപെടൽ നടന്നത് നിർഭാഗ്യകരമാണെന്നും അവർ കത്തിൽ പറഞ്ഞിരുന്നു.

English Summary: Madhusudan Mistry on Congress MPs' letter over party chief polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com