ADVERTISEMENT

ന്യൂഡൽഹി∙ ദേശീയ തലത്തിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കന്യാകുമാരിയിൽനിന്നു കശ്മീരിലേക്ക് ‘ഭാരത് ജോഡോ യാത്ര’ എന്ന പേരിൽ പദയാത്ര നടത്തുന്നതിനിടെ, പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ശൈലിയിലും നിർണായക മാറ്റത്തിനു തയാറെടുത്ത് കോൺഗ്രസ് നേതൃത്വം. പാർട്ടിയിലെ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ നിരന്തര അഭ്യർഥനകളുടെ പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പു പ്രക്രിയയിൽ കാതലായ മാറ്റത്തിനു പാർട്ടി നേതൃത്വം തയാറായത്.

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ആർക്കും, പത്രികകൾ മുഖ്യ വരണാധികാരിക്കു കൈമാറുമ്പോൾത്തന്നെ സമ്പൂർണ വോട്ടർപട്ടികയും നൽകാനാണു തീരുമാനം. ഈ പട്ടിക സെപ്റ്റംബർ 20 മുതൽ തന്റെ ഓഫിസിൽ ലഭ്യമായിരിക്കുമെന്നു തിരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പു പ്രക്രിയയിൽ സുതാര്യത വേണമെന്ന ആവശ്യവുമായി ശശി തരൂർ ഉൾപ്പെടെ അഞ്ച് എംപിമാർ കത്തു നൽകിയ സാഹചര്യത്തിലാണു നിർണായകമായ ഈ തീരുമാനം.

അതേസമയം, കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളവർക്കും മത്സരിക്കാൻ താൽപര്യമുള്ളവർക്കും വോട്ടർപട്ടിക നൽകണമെന്ന ഇവരുടെ ആവശ്യം അംഗീകരിച്ചില്ല. അതിനു പകരമാണ് വോട്ടർമാരുടെ വിവരങ്ങൾ ഈ മാസം 20 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതുവരെ തന്റെ ഓഫിസിൽ വന്നു പരിശോധിക്കാമെന്ന‌ും മിസ്ത്രി അറിയിച്ചത്. ശശി തരൂർ, കാർത്തി ചിദംബരം, മനീഷ് തിവാരി, പ്രദ്യുത് ബൊർദൊലോയ്, അബ്ദുൽ ഖലീഖ് എന്നിവരാണു തിരഞ്ഞെടുപ്പു പ്രക്രിയയിൽ സുതാര്യത ആവശ്യപ്പെട്ടു കത്തു നൽകിയത്. കത്തയച്ചതിൽ തരൂരും മനീഷ് തിവാരിയും ജി 23 ഗ്രൂപ്പിലുണ്ടായിരുന്നവരാണ്.

ഈ മാസം 22നാണ് തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നത്. 24 മുതൽ 30 വരെയാണ് നാമനിർദേശ പത്രികാ സമർപ്പണം. പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടാണ്. ഒന്നിലേറെ സ്ഥാനാർഥികളുണ്ടെങ്കിൽ ഒക്ടോബർ 17നു തിരഞ്ഞെടുപ്പു നടക്കും.

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സംസ്ഥാന കോൺഗ്രസ് ഓഫിസിലെത്തി അതതു സംസ്ഥാനങ്ങളിൽ നിന്നുള്ള 10 വോട്ടർമാരുടെ പട്ടിക പരിശോധിക്കാം. പിന്നീട് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതോടെ വോട്ടർമാരുടെ സമ്പൂർണ പട്ടികയും അവർക്കു നൽകുമെന്നാണ് അറിയിപ്പ്.

‘‘വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 10 പേരുടെ നാമനിർദ്ദേശം ലഭിക്കാൻ താൽപര്യമുള്ളവർക്ക്, എഐസിസി ആസ്ഥാനത്തെ എന്റെ ഓഫിസിലെത്തി വോട്ടർമാരുടെ പട്ടിക പരിശോധിക്കാം. ഈ മാസം 20 മുതൽ വോട്ടർമാരുടെ സമ്പൂർണ പട്ടിക അവിടെ ലഭ്യമായിരിക്കും. 24–ാം തീയതി പത്രിക സമർപ്പിക്കുന്നതിനു മുൻപു വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് ആറു വരെ ഇതു പരിശോധിക്കാം’ – മിസ്ത്രി എംപിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

‘‘പട്ടിക പരിശോധിച്ച് പിന്തുണയ്ക്കേണ്ട 10 പേരെ അവർക്കു കണ്ടെത്താം. അവരുടെ ഒപ്പു ശേഖരിച്ചു നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്യാം. വോട്ടു ചെയ്യുന്നത് ആരൊക്കെയാണെന്ന് അറിയാതെ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നവർക്കുള്ള പരിഹാരമാണിത്. പത്രികാ സമർപ്പണം പൂർത്തിയാകുന്ന മുറയ്ക്കു മത്സരാർഥിക്കു വോട്ടർമാരുടെ സമ്പൂർണ പട്ടിക കൈമാറും.

നിങ്ങളുടെ ഈ കത്തിൽ ഒപ്പിട്ട മറ്റ് സഹപ്രവർത്തകരുടെയും സംശയങ്ങൾ ഇതോടെ മാറിയെന്നു വിശ്വസിക്കുന്നു. ഈ വിഷയത്തിൽ എന്നെ നേരിട്ടു വിളിച്ചു സംസാരിച്ച ശശി തരൂരിനു നന്ദി അറിയിക്കുന്നു’’ – മിസ്ത്രി കത്തിൽ കുറിച്ചു. മിസ്ത്രിയുടെ മറുപടിക്കത്തിൽ സംതൃപ്തനാണെന്ന് ശശി തരൂരും ട്വിറ്ററിലൂടെ പ്രതികരിച്ചു.

English Summary: Stung By Exits, Congress Tweaks Internal Poll Rules After 5 MPs' Letter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com