ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസിന്റെ പൂർവപിതാക്കന്മാർ ശ്രമിച്ചിട്ടും ആർഎസ്എസിനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സംഘടനയുടെ സഹ സർകാര്യവാഹ് മൻമോഹൻ വൈദ്യ. ആർഎസ്എസിന്റെ യൂണിഫോമായ കാക്കി നിക്കർ കത്തിക്കുന്ന പോസ്റ്റർ വിവാദത്തിലാണ് വൈദ്യയുടെ പ്രതികരണം. രാഹുലും പൂർവപിതാക്കന്മാരും ദീർഘനാളുകളായി ആർഎസ്എസിനോട് വെറുപ്പു പുലർത്തുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016ൽ കടും ബ്രൗൺ ട്രൗസറുകളിലേക്കു മാറുന്നതുവരെ കാക്കി നിക്കറായിരുന്നു ആർഎസ്എസിന്റെ യൂണിഫോം.

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പോസ്റ്ററാണ് വിവാദമായത്. പോസ്റ്ററിനൊപ്പം ഇങ്ങനെ കുറിച്ചിട്ടുമുണ്ട് – ‘‘വെറുപ്പിന്റെ വിലങ്ങുകളിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ, ബിജെപിയും ആർഎസ്എസും വരുത്തിവച്ച നഷ്ടങ്ങൾ ഇല്ലാതാക്കാന്‍. പടിപടിയായി ഞങ്ങൾ ലക്ഷ്യത്തിലെത്തിച്ചേരും’’. തിങ്കളാഴ്ച പങ്കുവച്ച പോസ്റ്ററിൽ ഇനി 145 ദിവസം കൂടി എന്നും എഴുതിയിട്ടുണ്ട്.

‘‘രാജ്യത്തെ ഒന്നിപ്പിക്കുന്നവരെ ഞങ്ങൾ പിന്തുണയ്ക്കും. പക്ഷേ ഭാരത് ജോഡോ (ഭാരതത്തെ ഒന്നിപ്പിക്കുന്ന) യാത്ര വെറുപ്പുമായി തുടങ്ങരുത്. സംഘ പ്രസ്ഥാനത്തെ ഒരു കാരണവും ഇല്ലാതെയാണ് രണ്ടുതവണ കോൺഗ്രസ് വിലക്കിയത്. എന്നിട്ടും പ്രസ്ഥാനം മരിച്ചില്ല. ഓരോ ആക്രമണം വരുമ്പോഴും അവർ ഉയർന്നുവന്നുകൊണ്ടേയിരുന്നു. ദീർഘനാളുകളായി ഞങ്ങളോടുള്ള വെറുപ്പു വച്ചുപുലർത്തുന്നവരാണവർ’’ – റായ്പുരിൽ ആർഎസ്എസിന്റെ ത്രിദിന സമന്വയ് ബൈഠക്കിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘വെറുപ്പും വിദ്വേഷവും കൊണ്ട് രാജ്യത്തെ ഒന്നിപ്പിക്കാനാകില്ല. അവരുടെ പോസ്റ്ററിൽ വെറുപ്പാണ് കാണിക്കുന്നത്. അതിനെക്കുറിച്ച് എന്തുപറയാൻ. കാക്കി നിക്കർ ഇപ്പോൾ സംഘത്തിന്റെ യൂണിഫോമല്ല. പാന്റ്സിലേക്കു മാറിയിട്ട് നാളുകളായി. അതുപോലും രാഹുലിന് അറിയില്ല. സംഘത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ല. വിലക്കാൻ ശ്രമിച്ചിട്ടും സംഘപ്രസ്ഥാനം എന്തുകൊണ്ട് വളരുന്നു. കാരണം സത്യത്തിന്റെ പ്രമാണം സംഘത്തിനുണ്ട്. തലമുറകളായി സംഘത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുണ്ട്. അവർ സത്യത്തിന്റെ സാരത്തെ കൈക്കൊണ്ടിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് പരിത്യജിക്കാനും കഠിനാധ്വാനം ചെയ്യാനും അവർ തയാറാണ്. ജനങ്ങളുടെ പിന്തുണ സംഘത്തിന് എപ്പോഴും ലഭിക്കുന്നു’’ – വൈദ്യ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.

English Summary: 'Congress' forefathers tried to stop Sangh, failed': RSS reacts to ‘burning shorts’ tweet
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com