ADVERTISEMENT

ഹർകീവ് ∙ തളരാത്ത പോരാട്ടവീര്യവുമായി യുദ്ധക്കളത്തിൽ നിലയുറപ്പിച്ച യുക്രെയ്നിനു മുന്നിൽ മുട്ടുമടക്കി റഷ്യ. കടുത്ത പ്രത്യാക്രമണത്തിലൂടെ ആധിപത്യമുറപ്പിച്ച് യുക്രെയ്ൻ തിരിച്ചടിക്കുമ്പോൾ, റഷ്യ തോൽവി സമ്മതിക്കുകയോ തോറ്റോടുകയോ ചെയ്യുമെന്നാണു പൊതുവെയുള്ള വിലയിരുത്തൽ. കഴിഞ്ഞദിവസം വടക്കുകിഴക്കൻ മേഖലയായ ഹർകീവിൽനിന്നു യുക്രെയ്ൻ സൈന്യം റഷ്യയെ അതിർത്തി കടത്തിയിരുന്നു.

യുദ്ധം തുടങ്ങിയ ഫെബ്രുവരി 24ന് റഷ്യൻ സൈന്യം യുക്രെയ്നിലേക്ക് പ്രവേശിച്ച ഹർകീവ് മേഖലയെ മിന്നലാക്രമണങ്ങളിലൂടെ മോചിപ്പിച്ചത് രാജ്യത്ത് ആവേശം പടർത്തി. കഴിഞ്ഞ ദിവസം മാത്രം 20 ജനവാസകേന്ദ്രങ്ങൾ മോചിപ്പിച്ചതായി യുക്രെയ്ൻ സേനാ മേധാവി അറിയിച്ചു. യുക്രെയ്ൻ മുന്നേറ്റം സമ്മതിച്ച റഷ്യ, സൈന്യത്തെ പുനഃസംഘടിപ്പിക്കുമെന്ന് പ്രതികരിച്ചു. പിന്നോട്ടില്ലെന്നും ലക്ഷ്യം നേടുന്നതുവരെ സൈനിക നടപടി തുടരുമെന്നും റഷ്യൻ ഭരണകൂടത്തിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പരാജയം റഷ്യയെ നടുക്കിയെന്നാണു സൂചന.

അസാധാരണ മുന്നേറ്റമാണു യുക്രെയ്‌ന്റെ വിജയസാധ്യതകൾ പ്രവചിക്കുന്ന പ്രധാനഘടകം. റഷ്യ ആശങ്കയിലാണെന്നാണു സൈന്യത്തെ പിന്തുണയ്ക്കുന്ന റഷ്യയിലെ യുദ്ധവിദഗ്ധരും വ്ലോഗർമാരും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പറയുന്നതും. രാജ്യത്തിന്റെ തെക്കൻ മേഖലയായ ഖേർസനിൽ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 500 ചതുരശ്ര കിലോമീറ്റർ സ്ഥലം തിരിച്ചുപിടിച്ചതായി യുക്രെയ്ൻ സേനാ വക്താവ് നതാലിയ ഹ്യുമെനിക് അറിയിച്ചു. മൊത്തം 3,000 ചതുരശ്ര കിലോമീറ്റർ മോചിപ്പിച്ചെന്നു യുക്രെയ്ൻ ചീഫ് കമാൻഡർ വലേരി സനൂഷ്നി വ്യക്തമാക്കി. ഏപ്രിൽ മുതലുള്ള കാലയളവിൽ റഷ്യ പിടിച്ചെടുത്ത സ്ഥലത്തേക്കാൾ കൂടുതലാണിത്.

റഷ്യയ്ക്കെതിരെ പോരാടുന്ന യുക്രെയ്ൻ സേന. Photo by Handout / UKRAINIAN MINISTRY OF DEFENCE / AFP
റഷ്യയ്ക്കെതിരെ പോരാടുന്ന യുക്രെയ്ൻ സേന. Photo by Handout / UKRAINIAN MINISTRY OF DEFENCE / AFP

അതേസമയം, യുക്രെയ്ന്റെ അഞ്ചിലൊന്നു പ്രദേശം ഇപ്പോഴും റഷ്യയുടെ നിയന്ത്രണത്തിലാണെന്നാണു റിപ്പോർട്ട്. റഷ്യ മിസൈലാക്രമണവും നടത്തുന്നുണ്ട്. ഇപ്പോഴത്തെ സൈനിക നീക്കങ്ങൾ ഒരേസമയം പരമപ്രധാനവും അപകടകരവുമാണെന്ന് സിഐഎ മുൻ ഡയറക്ടറും യുഎസ് ഡിഫൻസ് സെക്രട്ടറിയുമായ ലിയോൺ പനേറ്റ ബ്ലൂംബെർഗ് ടെലിവിഷനോടു പറഞ്ഞു. ‘‘കൂടുതൽ പ്രദേശങ്ങൾ യുക്രെയ്ൻ തിരിച്ചുപിടിക്കുകയും, പരാജയപ്പെടുകയാണെന്നു തോന്നുകയും ചെയ്താൽ റഷ്യ തീവ്രമായി പ്രതികരിച്ചേക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ആണവായുധം ഉൾപ്പെടെ പ്രയോഗിക്കാൻ സാധ്യതയുണ്ട്. അതു മേഖലയ്ക്കാകെ അപകടകരമാണ്’’– പനേറ്റ വ്യക്തമാക്കി.

യുക്രെയ്നിന്റെ മുന്നേറ്റം പരിഗണിച്ച് ഹർകീവ് മേഖലയിലെ മുഴുവൻ സൈന്യത്തെയും റഷ്യ പിൻവലിക്കാൻ സാധ്യതയുണ്ടെന്നും ഖേർസൻ മേഖലയിലും അധിനിവേശ സൈന്യം വെള്ളംകുടിക്കുകയാണെന്നും ബ്രിട്ടിഷ് പ്രതിരോധമന്ത്രാലയം പറഞ്ഞു. കിഴക്കൻ യുക്രെയ്നിൽ റഷ്യൻ സേനയ്ക്കു സാധനസാമഗ്രികൾ എത്തിക്കുന്ന പ്രധാന റെയിൽ പാത യുക്രെയ്ൻ സേന പിടിച്ചെടുത്തിരുന്നു. ബലാക്ലീയ നഗരം തിരിച്ചുപിടിച്ച സേന, ഹഴ്സനിലും കാര്യമായ മുന്നേറ്റത്തിലാണ്. പാശ്ചാത്യ രാജ്യങ്ങളിൽനിന്നു ലഭിച്ച മെച്ചപ്പെട്ട ആയുധങ്ങളാണു യുക്രെയ്ൻ സേനയുടെ മുന്നേറ്റത്തെ തുണച്ചത്.

vladimir-putin-volodymyr-zelensky
വ്ളാഡിമിർ പുട്ടിൻ, വൊളോഡിമിർ സെലൻസ്കി (ഫയൽ ചിത്രം)

കിഴക്കൻ യുക്രെയ്നിലെ കുപ്യാൻസ്ക് നഗരം യുക്രെയ്ൻ സേന പിടിച്ചതോടെ റഷ്യൻ സേന ആയുധങ്ങൾ ഉപേക്ഷിച്ച് പിൻവാങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്. റഷ്യയിൽനിന്ന് സേനയ്ക്കാവശ്യമായ സാധനങ്ങളെല്ലാം റെയിൽ മാർഗം എത്തിച്ച് വിതരണം ചെയ്തിരുന്ന പ്രധാന കേന്ദ്രമാണ് റെയിൽ നഗരമായ കുപ്യാൻസ്ക്. നഗരത്തിൽനിന്ന് റഷ്യൻ പതാക നീക്കി യുക്രെയ്ൻ പതാക സ്ഥാപിച്ചു. ഇവിടെ ആയിരക്കണക്കിനു റഷ്യൻ സൈനികർ കുടുങ്ങിയ നിലയിലാണ്. ഇസിയം നഗരത്തിലും സ്ഥിതി സമാനമാണ്. ടാങ്കുകളും മറ്റ് ആയുധങ്ങളും ഉപേക്ഷിച്ച് റഷ്യൻ സൈനികർ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്.

യുക്രെയ്ൻ സേന തിരിച്ചുപിടിച്ച ഗ്രാമങ്ങളിൽ പലയിടത്തും റഷ്യൻ ടാങ്കുകളും കവചിതവാഹനങ്ങളും കത്തിയെരിയുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ഹർകീവിൽ റഷ്യയുടെ മുൻനിര സേനയ്ക്കു തിരിച്ചടിയുണ്ടായതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സമ്മതിച്ചു. ഹർകീവിലും ഹഴ്സനിലും യുക്രെയ്ൻ വൻ മുന്നേറ്റം നടത്തിയതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള എനോർഹൊദാർ നഗരത്തിലെ സപൊറീഷ്യ ആണവോർജ നിലയത്തിന്റെ പ്രവർത്തനം യുക്രെയ്ൻ പൂർണമായും നിർത്തി. ആണവ വികിരണ ഭീഷണി സജീവമായതിനാലാണിത്. ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ഷെല്ലാക്രമണം നടന്നിരുന്നു.

English Summary: Ukraine's Successes Raise Hope of Possible Russian Defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com