ADVERTISEMENT

പാലക്കാട് ∙ കർഷകന് മാസം 10,000 രൂപ പെൻഷൻ കെ‍ാടുക്കണമെന്നു നിരന്തരം വാദിച്ച, സർക്കാരിനു നിവേദനം നൽകിയ സിപിഎം സംഘടനയുടെ നേതാവ് ധനമന്ത്രിയായപ്പേ‍ാൾ, എന്തിനാണ് കർഷകർക്ക് 5,000 രൂപ പെൻഷൻ കെ‍ാടുക്കുന്നതെന്നാണ് ഇപ്പേ‍ാൾ നേതൃത്വത്തിലെ പലരുടെയും ചേ‍ാദ്യം.

സംസ്ഥാനത്ത് വിവിധ വകുപ്പുകളിലുളള ക്ഷേമനിധി ബേ‍ാർഡുകളേക്കാൾ കൂടുതൽ പെ‍ൻഷനും മറ്റ് ആനുകൂല്യങ്ങളും എന്തിനു കർഷകനും ‍കൊടുക്കണമെന്നും തിരിച്ചുമറിച്ചും അവർ ചേ‍ാദിക്കുന്നു. അങ്ങനെ കെ‍ാടുക്കുന്നത് ശരിയല്ല, നീതിയല്ല എന്നെ‍ാക്കെ പതിവ് ന്യായീകരണങ്ങളും നിരത്തുന്നു. രാജ്യത്ത് ആദ്യമായി നിലവിൽ വന്ന കർഷക ക്ഷേമനിധി ബേ‍ാർഡിന്റെ കാര്യത്തിലാണ് ധനവകുപ്പിന്റെയും ഇതര ബേ‍ാർഡുകളുടെ ഭരണകക്ഷിയിൽപ്പെട്ട അധ്യക്ഷന്മാരുടെയും ചേ‍ാദ്യവും പരിഹാസവും ഉടക്കും. സിപിഎമ്മിന്റെ നിയന്ത്രണത്തിലുളള 10 ലധികം ക്ഷേമനിധി ബോർഡുകൾ, കർഷകബേ‍ാർഡിൽ വ്യവസ്ഥ ചെയ്തിട്ടുളള ആനുകൂല്യങ്ങൾക്കെതിരെ സർക്കാരിന് നിവേദനം നൽകിയതായാണ് വിവരം. ഇത്രയും വലിയ പെൻഷൻ വേണ്ട, ആ രീതിയിൽ കർഷക ബേ‍ാർഡ് സജീവമായാൽ തങ്ങളുടെ ബേ‍ാർഡിലുളള അംഗങ്ങൾ അങ്ങോട്ടു പോകുമേ‍ാ എന്ന ആശങ്കയും പരിഭ്രാന്തിയും അവർക്കുണ്ട്. 

ഭക്ഷ്യസുരക്ഷയും ഹരിതവൽക്കരണവും നാഴികയ്ക്കു നാൽപതുവട്ടം പറയുന്നവരും കർഷകന്റെ കഷ്ടപ്പാടിലും യാതനയിലും രേ‍ാഷംകെ‍ാള്ളുന്നവരും അതിന്റെ പേരിൽ തലങ്ങും വിലങ്ങും ജാഥയും ചർച്ചകളും നടത്തുന്നവരുമാണ് ഇപ്പേ‍ാൾ ബേ‍ാർഡിന്റെ കഴുത്തിനു പിടിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും പെ‍ാതുജനങ്ങളിൽനിന്നു തെളിവെടുത്തും നിയമസഭയിൽ വിശദമായി ചർച്ച ചെയ്തും വിഷയനിർണയ സമിതികളിൽ അവതരിപ്പിച്ചു നിയമമാക്കി, പിന്നീടും പരിശേ‍ാധിച്ച് അസാധാരണ ഗെസറ്റായി വിജ്ഞാപനം ചെയ്ത്, രണ്ടുവർഷം മുൻപ് രൂപീകരിച്ച കർഷക ക്ഷേമനിധി ബേ‍ാർഡിപ്പേ‍ാൾ കുരുക്കിലാണ്. കുരുക്ക് ഇനിയും തുടർന്നാൽ സ്ഥാപനം തളരും.

കർഷകരല്ലേ, എന്തുമാകാം

ഭരണ മുന്നണിയിലെ ചില പടലപിണക്കങ്ങളും ഈ കുരുക്കിനു പിന്നിലുണ്ടെന്നാണ് ആരേ‍ാപണം. ഇങ്ങനെയെ‍ാരു സ്ഥാപനം സജീവമാക്കി സിപിഐയെ ആളാക്കണേ‍ാ എന്ന ചേ‍ാദ്യവും ഒരു വശത്തുണ്ട്. കൃഷിവകുപ്പ് കയ്യാളുന്ന പാർട്ടിയിലും ഇതുസംബന്ധിച്ച് തർക്കമുണ്ടെന്നാണ് സൂചന. മുൻ മന്ത്രിയല്ലേ അതു കെ‍ാണ്ടുവന്നത്, അതിന്മേൽ ഇനി കെട്ടിത്തിരിയണേ‍ാ എന്ന ചേ‍ാദ്യം പാർട്ടിയിലെ ചിലർക്കുണ്ടെന്നാണ് ആക്ഷേപം. ബേ‍ാർഡിന്റെ കാര്യത്തിൽ കൃഷിവകുപ്പ് വേണ്ടത്ര തന്റേടം കാണിക്കുന്നില്ലെന്നു പാർട്ടിയിലും പുറത്തും ശക്തമായ വിമർശനവുമുണ്ട്. കർഷകന്റെ പേരിലായതുകെ‍ാണ്ട് ആർക്കും എന്തും ചെയ്യാം, നടത്താം, മാറ്റിമറിക്കാം, കാരണം ഞങ്ങൾ സംഘടിതരല്ലല്ലോ, സമ്മർദ്ദഗ്രൂപ്പല്ലല്ലേ‍ാ എന്ന് കർഷകർ രേ‍ാഷംകെ‍ാള്ളുന്നു. 

പാർട്ടികളുടെ കർഷക സംഘടനകളിലുളളവരിൽ ഭൂരിഭാഗവും കർഷകരല്ലെന്ന ആക്ഷേപം പണ്ടേയുള്ളതാണ്. മാത്രമല്ല, അത്തരം സംഘടനകളിലൂടെ കർഷകരെ വീതിച്ചെടുക്കുന്നതിനാൽ അവർ ഒറ്റക്കെട്ടാകുന്നതും അവരുടെ വിലപേശൽ ശക്തിയും തടയാനുമാകും. കർഷകനു വേണ്ടിയുളള മികച്ചെ‍ാരു സംവിധാനം താറുമാറായി കിടക്കുമ്പേ‍ാഴും ഭരണകക്ഷിയുടെയേ‍ാ പ്രതിപക്ഷത്തിന്റെയേ‍ാ ഒരു സംഘടന പേ‍ാലും ഇതുവരെ പ്രതിഷേധിച്ചിട്ടില്ല. നിയമസഭയിലും ആരും ഒന്നും ചേ‍ാദിക്കുന്നുമില്ല.

22 മാസമായി ചെയർമാന് വേതനമില്ല, അംഗങ്ങൾക്കും

5000 രൂപ പ്രതിമാസ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നിയമപരമായി വ്യവസ്ഥ ചെയ്തു നിലവിൽവന്ന സംസ്ഥാന കർഷക ക്ഷേമനിധി ബോർഡ് ഇപ്പേ‍ാഴും എതാണ്ട് തുടങ്ങിയിടത്തുതന്നെയാണ്. റജിസ്ട്രേഷൻ ആരംഭിക്കാനുളള സംവിധാനത്തിന്റെ സാങ്കേതിക പ്രശ്നങ്ങളും അതു ശരിയാക്കാതെ നീട്ടിക്കെ‍ാണ്ടുപേ‍ായതുമെല്ലാം ഇപ്പേ‍ാഴുണ്ടായ കുരുക്കിന്റെ തുടക്കമായിരുന്നുവന്ന സംശയവും ഉയർന്നിട്ടുണ്ട്. 22 മാസമായി ബോർഡ് ചെയർമാന് വേതനം ലഭിച്ചിട്ടില്ല. സ്വന്തം പണം ഉപയേ‍ാഗിച്ചു പ്രവർത്തിക്കുന്ന അദ്ദേഹത്തിനെ‍ാപ്പം ബേ‍ാർഡ് അംഗങ്ങൾക്കുമില്ല ഓണറേറിയം. 

അറിവിന്റെ പച്ചപ്പ്... പത്താം വയസ്സിൽ അചഛനൊപ്പം പാടത്തിറങ്ങി നെൽ കൃഷി ചെയ്യാൻ പഠിച്ച എം.സി.രാഘവൻ പതിനാറാം
വയസ്സു മുതൽ സ്വന്തമായി കൃഷി ചെയ്തു തുടങ്ങി. ഇപ്പോൾ അറുപത്തേഴ് വർഷമായി കൃഷി മേഖലയിൽ സജീവമാണ് ഈ എൺപത്തിമൂന്നുകാരൻ. പിണറായിയിൽ ആദ്യമായി വെള്ളരിക്ക കൃഷി ആരംഭിച്ചതും രാഘവനായിരുന്നു. ചെറുപ്പക്കാർ മടികൂടാതെ കൃഷിക്കായി പാടത്തേക്കിറങ്ങണം എന്നാണ് പുതുതലമുറയോടു രാഘവന്റെ അഭ്യർഥന. മലയാളിയുടെ പുതുവർഷാരംഭം കർഷകരുടെ ദിനം കൂടിയാണ്. പിണറായി വെസ്റ്റ് പാടശേഖരത്ത് നിന്നുള്ള കാഴ്ച. ചിത്രം: ഹരിലാൽ ∙ മനോരമ
ചിത്രം: ഹരിലാൽ ∙ മനോരമ

ഫണ്ട് കണ്ടെത്താനുൾപ്പെടെ, കർഷക ക്ഷേമനിധി ബേ‍ാർഡിന്റെ പ്രവർത്തനപദ്ധതികൾക്ക് ധനവകുപ്പ് അനുമതി നൽകാത്തതാണ് കടുത്ത പ്രതിസന്ധിക്കു കാരണം. അതായത്, സ്ഥാപനത്തിന് ഇനി മുന്നേ‍ാട്ടുപേ‍ാകണമെങ്കിൽ ഈ പദ്ധതികൾ പാസാക്കണം. 10 മാസം മുൻപാണ് പദ്ധതി ഫയൽ ധന വകുപ്പിന് കൈമാറിയത്. അതിൽ പലപ്പേ‍ാഴും വിശദീകരണവും ചർച്ചയും സമവായ നീക്കങ്ങളുമെ‍ാക്കെ നടത്തിയിട്ടും ബന്ധപ്പെട്ടവർക്ക് അനങ്ങാപ്പാറ നയമെന്നാണ് പരാതി. ബേ‌ാർഡ് വിഷയത്തിൽ എന്തുപറഞ്ഞാലും ഒരു അനക്കവുമില്ലെന്നാണ് സ്ഥിതി. ‘ഞങ്ങളും കൃഷിയിലേ’ക്കും കൃഷിദർശനുമെ‍ാക്കെ ആഘേ‍ാഷപൂർവം നടത്തുമ്പേ‍ാഴും അതെ‍ാക്കെ വിളയിക്കേണ്ട, സുഭിക്ഷകേരളം കൊണ്ടുവരേണ്ട കർഷകരുടെ കാര്യത്തിലാണ് ഈ രാഷ്ട്രീയക്കളി. കഠിനമായ പ്രതികൂല സാഹചര്യങ്ങളിലും കൃഷി ചെയ്യുന്നവരേ‍ാടാണ് ഈ സമീപനം.

രാജ്യത്തിനു മാതൃകയാകുന്ന ബേ‍ാർഡ്

അഞ്ചുവർഷം കുറയാതെ അംശാദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശികയില്ലാതെ 60 വയസ്സ് വരെ അംശാദായം നൽകി അംഗമായി തുടരുകയും ചെയ്യുന്ന കർഷകനാണ് നിശ്ചിത കാലാവധിക്കു ശേഷം മാസം 5,000 രൂപ വീതം പെൻഷൻ ലഭിക്കുക.. നടപടി ക്രമങ്ങൾ കൃത്യമായി പൂർത്തിയാക്കിയാൽ കാലാവധി പൂർത്തിയായതിന്റെ പിറ്റേദിവസം മുതൽ പെൻഷൻ ലഭ്യമാക്കുമെന്നാണ് നിയമത്തിലെ വ്യവസ്ഥ. കുടിശികയില്ലാതെ വരിസംഖ്യ അടയ്ക്കുന്നവർക്ക് പെൻഷന് അർഹമാകുന്ന തീയതിക്കുമുൻപ് ആരേ‍ാഗ്യപ്രശ്നങ്ങളാൽ കൃഷിപ്പണിയെടുക്കാൻ വയ്യാത്ത സ്ഥിതിയുണ്ടായാൽ, 60 വയസ്സ് പൂർത്തിയാകുന്നതുവരെ നിശ്ചിത തുക സമാശ്വാസ സഹായം ലഭിക്കും. 60 വയസ്സായാൽ പിന്നീട് സാധാരണ പെൻഷനും ലഭിക്കും. 

കർഷക ക്ഷേമനിധി ബേ‍ാർഡ് പ്രവർത്തനത്തിനുള്ള പദ്ധതികൾക്കുള്ള അനുമതി നടപടികൾ താമസിയാതെ സർക്കാർ പൂർത്തിയാകും. അതിനുളള നീക്കം തുടങ്ങിക്കഴിഞ്ഞു. നിയമമനുസരിച്ച് പ്രഖ്യാപിക്കപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും കർഷകർക്കു ലഭ്യമാക്കും. ബേ‍ാർഡിന്റെ പ്രവർത്തനത്തെക്കുറിച്ചു നിലവിലുളള പ്രചാരണങ്ങളും ആരേ‍ാപണങ്ങളും ശരിയല്ല.

അംശദായം വീഴ്ചയില്ലാതെ അടച്ചുകെ‍ാണ്ടിരിക്കുന്ന അംഗത്തിന് അപകടമോ  രേ‍ാഗമോ കാരണം ജേ‍ാലി ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ടായാൽ അവശതാ ആനുകൂല്യം നൽകും. ഗുരുതര രേ‍ാഗമുളളവർക്ക് വർഷത്തിൽ ചികിത്സാസഹായം. വനിതാ കർഷകർക്ക് നിശ്ചിത വ്യവസ്ഥയിൽ പ്രസവാനുകൂല്യം, വനിതാഅംഗങ്ങളുടെ പെൺമക്കളുടെ വിവാഹത്തിന് ധനസഹായം, 25 വർഷത്തിൽ കുറയാതെ അംശദായം അടച്ചവർക്ക്, മറ്റു ആനൂകൂല്യങ്ങൾ കൂടാതെ ഒരു നിശ്ചിത തുക ഒറ്റത്തവണയായും നൽകും. അംഗങ്ങളുടെ മക്കൾക്ക് ബിരുദം മുതലുളള കേ‍ാഴ്സ് പഠിക്കാൻ ധനസഹായം, വരിസംഖ്യ അടച്ചുകെ‍ാണ്ടിരിക്കേ വിവിധ കാരണങ്ങളാൽ മരിക്കുന്ന ബേ‍ാർഡ് അംഗമായ കർഷകന് ഇൻഷുറൻസ് പദ്ധതിയനുസരിച്ചുളള മരണാനന്തര ആനുകൂല്യം എന്നിവയും ബേ‍ാർഡിന്റെ നിയമത്തിലുണ്ട്. കുടുംബപെൻഷനുമുണ്ട് വ്യവസ്ഥ. കുറഞ്ഞത്100 രൂപ മുതൽ, കർഷകന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് കൂടിയ തുക വരെ അംശദായമായി നൽകാം. ഇഎസ്ഐ മാതൃകയിൽ ചികിത്സാസഹായം അടക്കമുളള ആനുകൂല്യങ്ങളും പരിഗണിക്കുന്ന ബേ‍ാർഡാണ് ഇപ്പേ‍ാൾ നിസഹായാവസ്ഥയിൽ എത്തിയത്. 

കർഷകന് ഇത്രയും പെൻഷൻ വേണേ‍ാ

മറ്റു ക്ഷേമബേ‍ാർഡുകളിൽ 1,600 രൂപയാണ് പെൻഷൻ നൽകുന്നത്. പെൻഷൻ തുകയുടെ വലുപ്പം, അഞ്ചുസെന്റിൽ കൃഷിയിറക്കുന്നവർക്കും അംഗത്വം എന്നീ വ്യവസ്ഥകളാണു പ്രധാനമായും ധനവകുപ്പിനെ ചെ‍ാടിപ്പിച്ചിരിക്കുന്നത്. ആരേ‍ാടു ചേ‍ാദിച്ചും ചർച്ചചെയ്തുമാണ് വലിയ തുക പെൻഷൻ നൽകാൻ തീരുമാനിച്ചതെന്നു ഭരണകക്ഷിയിലെ മുതിർന്ന നേതാക്കളിൽ ചിലർ തന്നെ ബേ‍ാർഡ് അധികൃതരേ‍ാട് ചേ‍ാദിച്ചതായും പരാതിയുണ്ട്. 

ബേ‍ാർഡിന്റെ പദ്ധതി നടപ്പാക്കലിൽ അപ്രതീക്ഷിത കാലതാമസം ഉണ്ടാകുന്നത് കർഷകരുടെ പ്രതീക്ഷയെയും വിശ്വാസത്തെയും ബാധിച്ചേക്കാം. എന്നാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും. നിരന്തര ജനകീയ ചർച്ചയ്ക്കുശേഷം ബിൽ നിയമസഭയിൽ വിശദമായി ചർച്ചചെയ്ത് നിയമമാക്കി, അസാധാരണ വിജ്ഞാപനത്തിലടെയാണ് ബേ‍‌ാർഡ് നിലവിൽ വന്നത്. ബാലാരിഷ്ടതകൾ താമസിയാതെ തരണം ചെയ്ത് സ്ഥാപനം ഊർജിതമായി മുന്നേ‍ാട്ടുപേ‍‌ാകും. കർഷകർക്ക് ബേ‍‌ാർഡിൽ അംഗത്വം നൽകാനുളള ജില്ലാതല ക്യാംപെയിനുകൾ സജീവമാക്കും. .

മറ്റു ക്ഷേമബേ‍ാർഡുകളിൽനിന്നു വ്യത്യസ്തമായി, ജില്ല തേ‍ാറും പെ‍ാതുജനങ്ങളിൽ നിന്നു തെളിവെടുപ്പ് നടത്തുന്നതടക്കം നാലുവർഷം വിവിധതലങ്ങളിൽ ചർച്ചചെയ്ത് നിയമസഭയിൽ ബിൽ അവതരിപ്പിച്ചാണ് കർഷകക്ഷേമനിധി ബേ‍‌ാർഡ് രൂപീകരിച്ചത്. മന്ത്രിയും കർഷകനുമായ കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുളള കാർഷിക വികസനനയ കമ്മിറ്റിയാണ് രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയിൽ ബേ‍ാർഡ് രൂപീകരിക്കാൻ നിർദ്ദേശം മുന്നേ‍ാട്ടുവച്ചത്. പ്രാരംഭപ്രവർത്തന ചെലവെ‍ാഴിച്ചാൽ, പിന്നീട് ബേ‍ാർഡിനു സ്വന്തമായി വരുമാനം ഉണ്ടാകുന്ന വിധത്തിലാണ് അതിന്റെ പ്രവർത്തനഘടന. തൃശൂർ കേന്ദ്രമായുളള ബേ‍ാർഡിന് തിരുവനന്തപുരത്തും കേ‍ാഴിക്കേ‍ാട്ടും മേഖലാ ഒ‍ാഫിസുകൾ തുറക്കണം. കുറച്ചുകൂടി ജീവനക്കാർ വേണം. അതിനെ‍ാക്കെയുളള പണം ആദ്യം സർക്കാർ നൽകണം. എന്നാൽ അത്ര പോലും വേണ്ടന്ന രീതിയിലാണിപ്പേ‍ാൾ സമീപനം. 

വരുമാനം ബേ‍ാർഡ് സ്വന്തമായി ഉണ്ടാക്കും.

വരിസംഖ്യയായും സർക്കാർ വിഹിതമായും വർഷത്തിൽ കുറഞ്ഞത് 1000 കേ‍ാടി രൂപയെങ്കിലും സ്ഥാപനത്തിലെത്തുമെന്നും അങ്ങനെ പെൻഷൻ നൽകാമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ. വിളകളുടെ മൂല്യവർധിത ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള ഒരു ശതമാനം ലാഭവിഹിതം, കാർഷികേതര ആവശ്യത്തിന് ഭൂമി തരംമാറ്റാനുളള അപേക്ഷ നൽകുന്നവരിൽനിന്ന് ഈടാക്കുന്ന പിഴയുടെ വിഹിതം, കേ‍ാർപറേറ്റ് സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് സഹായം, കർഷക ക്ഷേമനിധി സ്റ്റാമ്പുകളിൽ നിന്നുള്ള വരുമാനം, കിസാൻ അഭിമാൻ പദ്ധതിയിലെ വിഹിതം തുടങ്ങി പ്രായേ‍ാഗികവും സുതാര്യവുമായ വ്യവസ്ഥകളാണ് ബേ‍ാർഡിന്റെ വരുമാനത്തിനായി വ്യവസ്ഥ ചെയ്തിട്ടുളളത്. 

ഇതു കൂടാതെയാണ് കർഷകരുടെ അംശദായവും സർക്കാർവിഹിതവും മറ്റും. ഈ പദ്ധതികൾക്കാണ് ധനവകുപ്പ് ഇനിയും അനുമതി നൽകാത്തത്. എന്നാൽ പദ്ധതികൾ മനപ്പൂർവം പിടിച്ചുവയ്ക്കുന്നതല്ലെന്നും ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്നുമാണ് ധനവകുപ്പിന്റെ നിലപാട്. സ്ഥാപനത്തിന്റെ ബാല്യദശയിൽത്തന്നെ പ്രവർത്തനം മുരടിച്ചാൽ ഭാവിയിലുണ്ടാകുന്ന വിഷമങ്ങൾ കുറച്ചായിരിക്കില്ല. അതു മറ്റു ബോർഡുകളെപേ‍ാലെയുളള ഒന്നായി മാറിയേക്കും.. നടപടികൾ വഴിമുട്ടിയതിൽ ബേ‍ാർഡിനുളളിലും കർഷകർക്കിടയിലും പ്രതിഷേധവും അമർഷവുമുണ്ട്. 

ലക്ഷ്യം 20 ലക്ഷം, വന്നത് 20,000 മാത്രം

കാർഷിക സർവകലാശാല മുൻ വിസിയായ ബേ‌ാർഡ് ചെയർമാന് കഴിഞ്ഞദിവസം കാർ വാടകയ്ക്ക് എടുക്കാൻ അനുമതി നൽകിയതാണ് സ്ഥാപനത്തിന്റെ കാര്യത്തിൽ അടുത്തിടെയുണ്ടായ നടപടി. ചെയർമാനും സർക്കാർ സെക്രട്ടറിമാരും കർഷകരും കർഷകസംഘടനാ പ്രതിനിധികളും വിദഗ്ധരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെടെ 24 പേരാണ് ബേ‍ാർഡിലുള്ളത്. കർഷകരെ ബോധവൽക്കരിച്ച് അംഗങ്ങളാക്കേണ്ടത് പ്രധാനമായും കൃഷിഒ‍ാഫിസുകളിലൂടെയാണെങ്കിലും അതും തുടക്കം മുതൽ ഇഴഞ്ഞാണ് പേ‍ാകുന്നത്. നടപടിക്ക് കൃത്യമായ ഒരു ഉത്തരവ് നൽകാൻ ഇതുവരെ കൃഷിവകുപ്പും തയാറായിട്ടില്ലെന്ന് പരാതിയുണ്ട്. അനിശ്ചിതാവസ്ഥ കാരണം 20,000 കർഷകർക്കു മാത്രമാണ് ഇതുവരെ ബേ‍ാർഡിൽ അംഗത്വം നൽകാനായത്. 20 ലക്ഷം പേരാണ് ലക്ഷ്യം. 

പ്രതീക്ഷയുടെ ചിങ്ങവെയിൽ: കാലം തെറ്റിയും മഴ വരും, വെള്ളപ്പൊക്കം വരും. പക്ഷേ, കൃഷിയിൽ മാത്രം വേരുപിടിക്കുന്ന ജീവിതങ്ങൾ വിശ്രമമില്ലാതെ അധ്വാനിച്ചുകൊണ്ടിരിക്കും. ഓർക്കാപ്പുറത്ത് വെള്ളം പൊങ്ങി കൃഷി മുങ്ങിയാലും വെയിലിൽ കരിഞ്ഞാലും കർഷകർക്കും തൊഴിലാളികൾക്കും കലണ്ടർ തെറ്റിക്കാനാവില്ല. ഇന്ന് കർഷകദിനം. കുട്ടനാട്ടിൽനിന്നുള്ള കാഴ്ച.
                                                                                           ചിത്രം: അരുൺ ശ്രീധർ ∙ മനോരമ
ചിത്രം: അരുൺ ശ്രീധർ ∙ മനോരമ

തിരഞ്ഞെടുപ്പിൽ കർഷികമേഖലയിൽ എൽഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയമായിരുന്നു ക്ഷേമനിധി ബേ‍ാർഡ്. ബേ‍ാർഡ് പ്രഖ്യാപിച്ചതും പ്രവർത്തനം ഉദ്ഘാടനം ചെയ്തതും മുഖ്യമന്ത്രിയാണ്. പ്രചാരണത്തിൽ ബേ‍ാർഡ് മുന്നണിക്ക് ഗുണം ചെയ്തുവെന്ന് നേതാക്കൾ തന്നെ പറയുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പു കഴിഞ്ഞല്ലേ‍ാ എന്നാണ് ഇപ്പേ‍ാഴത്തെ മനേ‍ാഭാവം. ധനമന്ത്രി കെ.എൻ.ബാലഗേ‍ാപാൽ കർഷകസംഘം പ്രസിഡന്റായിരിക്കുമ്പോഴാണ് കർഷകർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയത്. 

English Summary: Controversy over Kerala Farmers Welfare Board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com