ADVERTISEMENT

ഗുരുവായൂർ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ഇളയ മകൻ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മർച്ചന്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനിയെത്തിയത്. ശ്രീവൽസം ഗസ്റ്റിനു സമീപം തെക്കേ നടപ്പന്തലിനു മുന്നിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, മുൻ എംപി ചെങ്ങറ സുരേന്ദ്രൻ, കെ.വി.മോഹന കൃഷ്ണൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ദേഹത്ത പൊന്നാടയണിയിച്ചു.

mukesh-ambani-guruvayur-temple-03
ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, തൊഴുകൈകളോടെ

‘‘കുറച്ചു കാലമായി ഇവിടെ വന്നിട്ട്, ഇപ്പോൾ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി.’’– മുകേഷ് അംബാനി പറഞ്ഞു. തുടർന്ന് ക്ഷേത്രത്തിലെത്തി. നമസ്ക്കാര മണ്ഡപ സമീപത്തെ വിളക്കിൽ പ്രാർഥാനാപൂർവ്വം നെയ്യർപ്പിച്ചു. ശ്രീ ഗുരുവായൂരപ്പനെ കൺനിറയെ കണ്ടു. മനസ്സർപ്പിച്ചു തൊഴുതു ഭഗവദ് സായൂജ്യം നേടി. തുടർന്ന് മുകേഷ് അംബാനിക്കും സംഘത്തിനും ഗുരുവായൂരപ്പന്റെ പ്രസാദകിറ്റും നൽകി.

ക്ഷേത്ര കാര്യങ്ങൾ എല്ലാം ചെയർമാനോട് ചോദിച്ചറിഞ്ഞ മുകേഷ് അംബാനി, കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നൽകി. 20 മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിച്ചു. അഞ്ചരയോടെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹത്തിന് കിഴക്കേ ഗോപുരകവാടത്തിനു മുന്നിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ ദേവസ്വത്തിന്റെ ഉപഹാരവും സമ്മാനിച്ചു. എല്ലാവർക്കും നന്ദി പറഞ്ഞ ശേഷമാണ് മുകേഷ് അംബാനിയും സംഘവും മടങ്ങിയത്

∙ ദേവസ്വം മൾട്ടി സ്പെഷ്യൽ ആശുപത്രി പദ്ധതിക്ക് സഹായം പരിഗണിക്കും

ഗുരുവായൂർ ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സഹായം നൽകുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുകേഷ് അംബാനി. ഗുരുവായൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനുള്ള പദ്ധതിക്ക് സഹായം അഭ്യർഥിച്ച് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നൽകിയ നിവേദനത്തിനുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ക്ഷേത്ര ദർശനത്തിനെത്തിയ മുകേഷ് അംബാനിയുമായി ഇക്കാര്യം ദേവസ്വം ചെയർമാൻ സംസാരിച്ചു.

mukesh-ambani-guruvayur-temple-02
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.

English Summary: Mukesh Ambani Visits Guruvayur Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com