ADVERTISEMENT

തിരുവനന്തപുരം ∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ സര്‍വകലാശാല, ലോകായുക്ത ഭേദഗതി നിയമങ്ങളുടെ ഭാവി തുലാസിലായി. ഈ ഭേദഗതികളിൽ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, കണ്ണൂർ സർവകലാശാല വിസിക്കെതിരായ നടപടിയുമായി ഗവര്‍ണര്‍ മുന്നോട്ടു പോയേക്കുമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ ഭാര്യ ഡോ. പ്രിയാ വര്‍ഗീസിന്‍റെ നിയമനവുമായ ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യവും ഗവര്‍ണറുടെ ആലോചനയിലാണ്.

ഇത്തരത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നേര്‍ക്കുനേർ പോരടിക്കുന്നത് സംസ്ഥാനം അടുത്തിടെയൊന്നും കണ്ടിട്ടില്ല. സര്‍വകലാശാലകളുടെ ഭരണം, വിസി നിയമനം, ബന്ധുനിയമന ആരോപണങ്ങള്‍ എന്നിവയിലെല്ലാം ഗവര്‍ണര്‍ ഇതിനു മുന്‍പും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. അപ്പോഴെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും മിതമായ ഭാഷയിൽ മാത്രമാണ് മറുപടി നല്‍കിയിട്ടുള്ളത്. എന്നാല്‍, ഒാര്‍ഡിനന്‍സുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതും സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് തിരക്കിട്ട് നിയമങ്ങൾ പാസാക്കിയിട്ടും അവ ഒപ്പിടാനിടയില്ലെന്ന നിലപാട് സ്വീകരിച്ചതുമാണ് മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രകോപിപ്പിച്ചത്.

പിബിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രി തന്‍റെ അഭിപ്രായം അറിയിച്ചു. തുടര്‍ന്നാണ് ഗവര്‍ണര്‍ക്കു ശക്തമായ ഭാഷയില്‍ മറുപടി നല്‍കാനുള്ള തീരുമാനം വന്നത്. ബിജെപി– ആര്‍എസ്എസ് അജന്‍ഡ ഗവര്‍ണർ പിന്തുടരുകയാണെന്നും, ഇനിയും മൃദുസമീപനം തുടര്‍ന്നാല്‍ ഗവര്‍ണറുമായി സര്‍ക്കാരിനു രഹസ്യധാരണയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് കരുത്തു പകരുമെന്നും സിപിഎം വിലയിരുത്തുന്നു. മാത്രമല്ല ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതികളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ നേരത്തെ കടന്നാക്രമിക്കുന്ന നിലപാടാണ് നല്ലതെന്ന അഭിപ്രായവും പാര്‍ട്ടിക്കുണ്ട്.

കണ്ണൂര്‍ സർവകലാശാല വിസി ഡോ.ഗോപിനാഥ് രവീന്ദ്രനെതിരെ നടപടികളാരംഭിക്കുക, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ ഭാര്യ ഡോ. പ്രിയാ വര്‍ഗീസിന്‍റെ നിയമനവുമായ ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിക്കുക എന്നിവ ഗവര്‍ണര്‍ കരുതി വച്ചിരിക്കുന്ന ആയുധങ്ങളാണ്. ഇതു മുന്നില്‍ കണ്ടുകൊണ്ടാവും തുടര്‍ന്നുള്ള എല്ലാ സര്‍ക്കാര്‍ നീക്കങ്ങളും.

English Summary: Rift Between Governor And Government Deepens Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com