ADVERTISEMENT

രാജ്യാന്തര വിപണിക്കൊപ്പം പുതിയ ഉയരങ്ങൾ സ്വപ്നം കണ്ട ഇന്ത്യൻ വിപണിയും ഓഗസ്റ്റിലെ പണപ്പെരുപ്പ വളർച്ചയിൽ വീണ അമേരിക്കൻ വിപണിക്കൊപ്പം തകർച്ച നേരിട്ടു. അമേരിക്കൻ വിപണിയുടെ ചൊവ്വാഴ്ചത്തെ തകർച്ചക്ക് പിന്നാലെ ബുധനാഴ്ച തകർപ്പൻ തിരിച്ചു വരവ് നടത്തി പുതിയ ഉയരങ്ങൾ താണ്ടിയ ശേഷം ഐടി സെക്ടറിന്റെ നേതൃത്വത്തിൽ ആഴ്ചയിലെ അവസാന രണ്ട് ദിവസങ്ങളിലും ഇന്ത്യൻ വിപണിയും വീണടിഞ്ഞു. 

തിങ്കളാഴ്ച 18000 പോയിന്റിന് സമീപം വ്യാപാരം ആരംഭിച്ച നിഫ്റ്റി 18100 കടന്ന ശേഷം 17530 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. ഇന്ത്യ വിക്സ് 12% വളർന്ന കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ ഐടി സെക്ടർ  ഏഴു ശതമാനവും, റിയൽറ്റി സെക്ടർ 3.3 ശതമാനവും ഫാർമ സെക്ടർ 2.7 ശതമാനവും, ഓട്ടോ സെക്ടർ 2 ശതമാനവും തകർച്ച നേരിട്ടു.  വിദേശ ഫണ്ടുകളുടെ വിൽപനയും ഇന്ത്യൻ വിപണി വീഴ്ചയിൽ നിർണായകമായി. വിപണിയുടെ പുതിയ പ്രതീക്ഷകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

അമേരിക്കൻ പണപ്പെരുപ്പ വളർച്ച 

കോവിഡും കോവിഡ് സ്റ്റിമുലസ് പാക്കേജുകളും യുദ്ധവും ഇന്ധന വിലക്കയറ്റവും റെക്കോർഡ് നിരക്കിലെത്തിച്ച പണപ്പെരുപ്പം നിയന്ത്രിതമാക്കാൻ അമേരിക്കൻ ഫെഡ് നടത്തുന്ന നിരക്കുയർത്തലുകൾ ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന ഭയം ലോക വിപണിക്ക് കഴിഞ്ഞ ആഴ്ച വീണ്ടും തിരുത്തൽ നൽകി. 

9 ശതമാനത്തിനു മുകളിൽ നിന്നും വീണ്ടും താഴേക്കിറങ്ങി 8.3% കുറിച്ച അമേരിക്കൻ പണപ്പെരുപ്പം ഇന്ധന വില താഴ്ന്നിട്ടും ഓഗസ്റ്റിൽ 0.1% വളർന്നത് വിപണിക്ക് ഉൾക്കൊള്ളാനായില്ല. അമേരിക്കൻ സൂചികകൾ രണ്ടു വർഷത്തിനുള്ളിലെ ഏറ്റവും വലിയ ഏകദിന നഷ്ടമാണ് ചൊവ്വാഴ്ച നേരിട്ടത്. ചൊവ്വാഴ്ച 5.16% വീണ നാസ്ഡാക് കഴിഞ്ഞ 12,200 പോയിന്റിന് മുകളിൽ നിന്നും 11,300 പോയിന്റിലേക്കെത്തി. 

കഴിഞ്ഞ ആഴ്ച 5% തകർന്ന എസ് ആൻഡ് പി സൂചിക 3900 പോയിന്റിന് താഴെ ക്ലോസ് ചെയ്തതും അമേരിക്കൻ വിപണിക്ക് നിർണായകമാണ്. എസ് ആൻഡ് പി 3900 പോയിന്റിന് മുകളിലേക്കു മുന്നേറിയാൽ അമേരിക്കൻ വിപണിക്കും മുന്നേറ്റ സാധ്യതയുണ്ട്. എന്നാൽ സമ്പദ്ഘടനയുടെ വളർച്ച മോശമാകുന്നതിനൊപ്പം കമ്പനികളുടെ ‘ഏണിങ് പ്രൊജക്ഷ’നുകൾ മോശമാകുന്നതും വിപണിക്ക് ക്ഷീണമാണ്. 

ഫെഡിന്റെ മാന്ദ്യ പദ്ധതി  

പണപ്പെരുപ്പത്തിന് മരുന്ന് ‘മാന്ദ്യ’മാണെന്ന ലോക കേന്ദ്ര ബാങ്കുകളുടെ പ്രഖ്യാപനം കണ്ട ഫെഡ് റിസേർവിന്റെ ജാക്സൺ ഹോൾ സിമ്പോസിയത്തിന് ശേഷം നടക്കുന്ന ആദ്യ യോഗത്തിൽ ഫെഡ് വീണ്ടും 75 ബേസിസ് പോയിന്റ് നിരക്ക് വർധന നടത്തി അടിസ്ഥാന നിരക്ക് 3% കടത്തുമെന്നും വിപണി കരുതുന്നു. ജെറോം പവൽ 21ന് പുതുക്കിയ ഫെഡ് നിരക്കുകൾ പ്രഖ്യാപിക്കും. 

മാന്ദ്യ ഭയത്തിൽ അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.45%ലേക്ക് മുന്നേറിയതാണ് അമേരിക്കൻ വിപണിയുടെ കഴിഞ്ഞ ആഴ്ചയിലെ തകർച്ചക്ക് വഴി വെച്ചത്. ബോണ്ട് യീൽഡിന്റെ ചലനങ്ങൾ തന്നെയാകും അടുത്ത ആഴ്ചയിലും വിപണിയുടെ ഗതി നിയന്ത്രിക്കുക. ബോണ്ട് യീൽഡ് 3.5% കടന്നാൽ വിപണി വലിയ സമ്മർദ്ദത്തിലായേക്കാം

ഇന്ത്യൻ ജിഡിപി, ആർബിഐ നിരക്ക് 

ഓഗസ്റ്റിൽ 6.90% വളർച്ചയിലൊതുങ്ങുമെന്ന് വിപണി പ്രതീക്ഷിച്ച ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പം 7 ശതമാനത്തിലേക്കു തിരികെ കയറിയപ്പോൾ ജൂലൈയിൽ ഇന്ത്യയുടെ വ്യവസായികോൽപാദന വളർച്ച കഴിഞ്ഞ നാലു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 2.4 ശതമാനത്തിലേക്ക് വീണു. 4 ശതമാനത്തിന് മുകളിലായിരുന്നു വ്യാവസായിക വളർച്ച  പ്രതീക്ഷ. 

ഇന്ത്യയുടെ വ്യവസായികോൽപാദന വളർച്ചാ ശോഷണത്തെ തുടർന്ന് നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ജിഡിപി വളർച്ച സാധ്യത ഫിച്ച് റേറ്റിങ് 7.8 ശതമാനത്തിൽനിന്നും 7 ശതമാനത്തിലേക്ക് കുറച്ചു. 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ആഭ്യന്തര ഉൽപാദന വളർച്ച 6.7% ആയിരിക്കുമെന്നും ഫിച്ച് റേറ്റിങ് കരുതുന്നു. ഈ വർഷം 7.2% ജിഡിപി വർധന പ്രതീക്ഷിക്കുന്ന ആർബിഐ ഈ മാസമാവസാനം നടക്കുന്ന പോളിസി മീറ്റിങ്ങിൽ പണപ്പെരുപ്പ നിയന്ത്രണത്തിനും, രൂപയുടെ മൂല്യത്തിനുമൊപ്പം, ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയും കണക്കിലെടുക്കുമെന്നും വിപണി പ്രതീക്ഷിക്കുന്നു. 

ക്രൂഡ് ഓയിൽ 

മാന്ദ്യ ഭയത്തിൽ വീണ രാജ്യാന്തര എണ്ണവിലയും ഫെഡ് നിരക്ക് വർധനവിനായി കാത്തിരിക്കുകയാണ്. ബ്രെന്റ് ക്രൂഡിന്റെ 90 ഡോളറിലെ പിന്തുണ നഷ്ടമായാൽ ഒപെക് വില നിയന്ത്രണത്തിനായി ശ്രമിച്ചേക്കാം. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം തകർത്ത രാജ്യാന്തര സ്വർണ വില അടുത്ത ആഴ്ചയിലും ബോണ്ട് യീൽഡ് ചലനങ്ങൾക്കൊപ്പം തന്നെയാകും സഞ്ചരിക്കുക. ഫെഡ് നിരക്ക് വർധന സ്വർണത്തിനും നിർണായകമാണ്. 1700 ഡോളറാണ് സ്വർണത്തിന്റെ റെസിസ്റ്റൻസ്.

WhatsApp 8606666722

English Summary: Share market analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com